ഗോവയ്ക്ക് ഫൈനല്‍ ടിക്കറ്റ്

ഫറ്റോര്‍ഡ: ഹോംഗ്രൗണ്ടില്‍ തകര്‍ത്താടി സീക്കോയുടെ കുട്ടികള്‍ ഐഎസ്എല്‍ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. ഇന്നലെ നടന്ന ഒന്നാം സെമി ഫൈനലില്‍ റോബര്‍ട്ടോ കാര്‍ലോസ് തന്ത്രങ്ങളോതുന്ന ഡല്‍ഹി ഡൈനാമോസിനെ തകര്‍ത്താണ് ഗോവ ഐഎസ്എല്ലില്‍ ആദ്യമായി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഇരുപാദങ്ങളിലായി നടന്ന സെമി ഫൈനലില്‍ ഒന്നിനെതിരേ മൂന്നു ഗോളിനായിരുന്നു ഗോവയുടെ ജയം.
മുന്‍ ബ്രസീലിയന്‍ ഇതിഹാസങ്ങളായ സീക്കോയും കാര്‍ലോസും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തപ്പോള്‍ സീക്കോയുടെ തന്ത്രങ്ങള്‍ തന്നെ വിജയം കണ്ടു. ഒന്നാംപാദത്തില്‍ ഡല്‍ഹി നേടിയ 1-0ന്റെ നേരിയ ലീഡ് ഗോവ ഇന്നലെ അനായാസം മറികടക്കുകയായിരുന്നു.
രണ്ടാംപാദത്തില്‍ 3-0നാണ് സ്വന്തം തട്ടകത്തില്‍ ഗോവന്‍ പട വിജയം ആഘോഷിച്ചത്. ഗോവയ്ക്കു വേണ്ടി ജോഫ്രെ മാത്യു ഗോണ്‍സാലസ് (11ാം മിനിറ്റ്), റാഫേല്‍ കോഹില്‍ഹോ (27), ഡുഡു ഒമാഗെനി (84) എന്നിവരാണ് ലക്ഷ്യം കണ്ടത്. മല്‍സരഫലം കാണുന്നത് പോലെ ഏകപക്ഷീയമായിരുന്നില്ല പോരാട്ടം. പന്തടക്കത്തിലും ആക്രമണത്തിലും ഡല്‍ഹിക്കായിരുന്നു നേരിയ മുന്‍തൂക്കം. എന്നാല്‍, കിട്ടിയ അവസരങ്ങള്‍ ഗോളാക്കി മാറ്റി ഗോവ മല്‍സരവും ഫൈനല്‍ ടിക്കറ്റും കരസ്ഥമാക്കുകയായിരുന്നു.
തോല്‍വിക്കിടയില്‍ 88ാം മിനിറ്റില്‍ ഇംഗ്ലീഷ് ഫോര്‍വേഡ് ആദില്‍ നബി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ഡല്‍ഹിക്ക് മറ്റൊരു നാണക്കേട് കൂടിയായി മാറി. പ്രതിരോധ നിരയുടെയും ഗോള്‍കീപ്പറുടെയും വീഴ്ചകളാണ് ഗോവയ്‌ക്കെതിരേ ഡല്‍ഹിക്ക് തിരിച്ചടിയായത്. ഇതില്‍ ഏറ്റവും നിരാശപ്പെടുത്തിയത് ഡല്‍ഹി പ്രതിരോധ നിരയായിരുന്നു.
Next Story

RELATED STORIES

Share it