Sports

ഗോവന്‍ തിരമാലയില്‍ മഞ്ഞപ്പട മുങ്ങി

ഗോവന്‍ തിരമാലയില്‍ മഞ്ഞപ്പട മുങ്ങി
X
blasters

കൊച്ചി: പ്രതീക്ഷകളൊന്നുമില്ലാതെ സ്വന്തം കാണികള്‍ക്കു മുന്നില്‍ അവസാന അങ്കത്തിനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ഗോവന്‍ തിരമാലയില്‍ മുങ്ങിയമര്‍ന്നു. ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് സീക്കോ പരിശീലിപ്പിക്കുന്ന എഫ്.സി ഗോവ കേരളത്തെ വരിഞ്ഞു മുറുക്കിയത്. ഗോവയുടെ ബ്രസീലിയന്‍ താരം റെയ്‌നാള്‍ഡോ ഹാട്രിക്കുമായി (20,50,61) സംഹാര താണ്ഡവമാടിയപ്പോള്‍ ജോഫ്രെ (12), മന്ദര്‍റാവു ദേശായി (64)എന്നിവരും ഒപ്പം പിന്തുണ നല്‍കി. 2-ാം മിനിറ്റില്‍ പുള്‍ഗെയാണ് ആതിഥേയരുടെ ആശ്വാസ ഗോള്‍ മടക്കിയത്.
തോല്‍വിയോടെ ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ലീഗ് രണ്ടാം സീസണില്‍ നിന്നുള്ള പുറത്താവല്‍ ഉറപ്പിച്ചു. കൊച്ചിയിലെ ആധികാരിക ജയത്തോടെ ഗോവ 22 പോയിന്റോടെ സെമിഫൈനലിലേക്കു യോഗ്യത നേടി. ഇടവേളക്കു പിരിയവേ ഗോവന്‍ താരം ജോഫ്രെയെ ഇടിച്ചിട്ടതിനെത്തുടര്‍ന്നു ഹോസു പ്രീറ്റോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് തകര്‍ച്ചയിലായിരുന്ന കേരളത്തിന് വീണ്ടും തിരിച്ചടിയായി. രണ്ടാം പകുതിയില്‍ പത്ത് പേരുമായാണ് കേരളം മല്‍സരം പൂര്‍ത്തിയാക്കിയത്.
ജയത്തോടെ കേരളത്തെ യാത്രയാക്കാനെത്തിയ നിറഞ്ഞ കാണികള്‍ക്കും ടീം ഉടമ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും മുന്നില്‍ മിന്നും പ്രകടനത്തോടെയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം. ഡാഗ്നലും ജര്‍മെയ്‌നും ദീപക് മൊണ്ടേലും ചേര്‍ന്നു നടത്തിയ മുന്നേറ്റത്തിലൂടെ പന്ത് ബോക്‌സിനുള്ളില്‍ നിന്ന പുള്‍ഗെയുടെ അടുത്തേക്ക്. പുള്‍ഗെ എടുത്ത തകര്‍പ്പന്‍ ഷോട്ട് ഗ്യാലറിയെ ആവേശത്തിരയിലാക്കി ഗോവന്‍ വലയില്‍ പതിച്ചു.(1-0). എന്നാല്‍ കേരളത്തിന്റെ സന്തോഷത്തിന് അല്‍പായുസ് മാത്രമാണുണ്ടായിരുന്നത്. 12-ാം മിനിറ്റില്‍ കളിയിലെ സൂപ്പര്‍താരം റെയ്‌നാള്‍ഡോയില്‍ നിന്നും ലഭിച്ച പാസ് ഉഗ്രന്‍ വോളിയിലൂടെ ജോഫ്രെ ബെയ്‌വാട്ടറെ കാഴ്ചക്കാരനാക്കി (1-1).
മല്‍സരത്തിലേക്കു തിരിച്ചു വരുമെന്ന പ്രതീക്ഷയില്‍ കേരളത്തെ അകമഴിഞ്ഞു പ്രോല്‍സാഹിപ്പിച്ച കാണികളെ നിശബ്ദരാക്കി 29-ാം മിനിറ്റില്‍ ഗോവ ലീഡ് നേടി. റെയ്‌നാള്‍ഡോയുടെ ആക്രമണത്തിന്റെ തുടക്കം കൂടിയായിരുന്നു ഈ ഗോള്‍. ലിയോ മൗറയില്‍ നിന്നും മന്‍ഡാര്‍ സ്വീകരിച്ച പന്ത് കേരളത്തിന്റെ പ്രതിരോധ നിരയെ കബളിപ്പിച്ച് ബോക്‌സിനുള്ളിലെത്തി. കാത്ത് നിന്ന റെയ്‌നാള്‍ഡോ ഗോളിയേയും കബളിപ്പിച്ച് പന്ത് വലയിലേക്ക് തൊടുത്തു (2-1).
ഇടവേളക്കു ശേഷം തീര്‍ത്തും നിറം മങ്ങിപ്പോയ കേരള താരങ്ങളെ കബളിപ്പിച്ച് മൂന്നു ഗോളുകള്‍ കൂടി പിറവിയെടുത്തു. 50ാം മിനിറ്റില്‍ മന്ദര്‍ദേശായിയുടെ ബോക്‌സിലേക്കു അളന്നു മുറിച്ചു നല്‍കിയ പാസ് റെയ്‌നാള്‍ഡോ ഗോള്‍ വലയിലേക്കു തിരിച്ചു വിട്ടു (3-1). 10 മിനിറ്റ് കൂടി പിന്നിട്ടപ്പോള്‍ റെയ്‌നാള്‍ഡോയുടെ ഹാട്രിക്ക് തികച്ച ഗോളുമെത്തി. ജോഫ്രയില്‍ നിന്നും പന്ത് സ്വീകരിച്ച മലയാളി താരം സബീത്ത് പന്ത് റെയ്‌നാള്‍ഡോക്ക് ക്രോസ് നല്‍കി. അളന്നു മുറിച്ച റെയ്‌നാള്‍ഡോയുടെ ഷോട്ട് വീണ്ടും ബൈവാട്ടറെ കാഴ്ചക്കാരനാക്കി (4-1). മൂന്നു മിനിറ്റ് കൂടി പിന്നിട്ടപ്പോള്‍ രണ്ടാം ഗോളിനു വഴി മരുന്നിട്ട മന്ദര്‍ദേശായി ഗോവന്‍ പട്ടിക തികച്ചു. ലൂയി മൗറ നല്‍കിയ പന്തില്‍ ദേശായിയുടെ ഷോട്ട് ബൈവാട്ടറുടെ കാലിനടിയിലൂടെ ഗോള്‍ വലയിലേക്ക് (5-1).
സീസണിലെ ഏറ്റവും വലിയ തോല്‍വി കൂടിയായിരുന്നു സ്വന്തം ആരാധകര്‍ക്കു മുന്നില്‍ ഇന്നലെ ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയത്. മിന്നും ജയത്തോടെ ഗോവ സെമിഫൈനലിലെത്തിയ മൂന്നാമത്തെ ടീമായി ഇടം പിടിച്ചു. 13 മല്‍സരങ്ങളില്‍ നിന്നും 22 പോയിന്റോടെയാണ് കൊല്‍ക്കത്തക്കു പിന്നാലെ ഗോവയും സെമിയിലേക്ക് കുതിച്ചത. കേരളത്തിന് സെമിയിലെത്താന്‍ അവശേഷിച്ചിരുന്ന വിദൂര സാധ്യതയാണ് ഇന്നലത്തെ കൂടി കനത്ത തോല്‍വിയിലൂടെ ഇല്ലാതായത്. 13 മല്‍സരങ്ങളില്‍ നിന്നും മൂന്നു ജയവും മൂന്നു സമനിലയും ഏഴു തോല്‍വിയുമുള്‍പ്പെടെ 12 പോയിന്റോടെ പട്ടികയില്‍ ഏറ്റവും അവസാനമാണ് കേരളത്തിന്റെ സ്ഥാനം.
വ്യാഴാഴ്ച ഡല്‍ഹിയുമായാണ് കേരളത്തിന്റെ ഈ സീസണിലെ അവസാന മല്‍സരം. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ബ്ലാസ്‌റ്റേഴ്‌സ് അവസാന അങ്കത്തിനിറങ്ങുന്നത.്
Next Story

RELATED STORIES

Share it