ഗോവധ നിരോധനനിയമം വേണ്ടെന്ന ഗാന്ധി നിലപാട് വീണ്ടും ചര്‍ച്ചയാവുന്നു

കോഴിക്കോട്: ഗോവധം നിയമംമൂലം നിരോധിക്കേണ്ടതില്ലെന്ന രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നിലപാട് വീണ്ടും സജീവ ചര്‍ച്ചയാവുന്നു. 1947 ജൂലൈ 25ന് ഒരു പ്രാര്‍ഥനായോഗത്തിലാണു ഗോവധ നിരോധനത്തിനെതിരേ നിയമം വേണ്ടെന്നു ഗാന്ധി നിലപാട് വിശദീകരിക്കുന്നത്. ഗോവധം നിരോധിക്കണമെന്നു ഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്ന സംഘപരിവാരത്തിന്റെ പരസ്യവും രഹസ്യവുമായുള്ള പ്രചാരണങ്ങള്‍ പൊളിച്ചടുക്കുന്നതാണ് ഈ പ്രസംഗം. ഇത് സോഷ്യല്‍ മീഡിയയിലും വൈറലായി തുടങ്ങിയിട്ടുണ്ട്. പ്രസംഗത്തിന്റെ ഉള്ളടക്കത്തിന്റെ സ്വതന്ത്ര പരിഭാഷ ഇങ്ങനെ.  ''സഹോദരീ സഹോദരന്‍മാരെ... ഗോവധ നിരോധനം ആവശ്യപ്പെട്ട് 50,000ത്തോളം പോസ്റ്റ് കാര്‍ഡുകളും 30,000ത്തോളം കത്തുകളും ആയിരക്കണക്കിന് ടെലഗ്രാമുകളും ലഭിച്ചതായി രാജേന്ദ്രബാബു പറയുന്നു. എന്തിനാണ് ഇത്രയും കത്തുകളും ടെലഗ്രാമുകളും. ഇതുകൊണ്ടൊന്നും ഒരു ഫലവുമില്ല.

ഗോവധ നിരോധനം ആവശ്യപ്പെട്ട് ഒരു സുഹൃത്ത് നിരാഹാരസമരം നടത്താന്‍ പോവുന്നുവെന്ന ടെലഗ്രാമും ലഭിച്ചിട്ടുണ്ട്. ഗോവധ നിരോധനത്തിനായി ഇന്ത്യയില്‍ ഒരു നിയമവും രൂപീകരിക്കാന്‍ പാടില്ല. പശുവിനെ കൊല്ലുന്നത് ഹിന്ദുക്കള്‍ക്കു വിലക്കപ്പെട്ടതാണെന്നതില്‍ എനിക്കു യാതൊരുവിധ സംശയവുമില്ല. പശുക്കളെ സേവിക്കുമെന്നു വളരെ മുമ്പേ പ്രതിജ്ഞയെടുത്തിട്ടുണ്ടെങ്കിലും എങ്ങനെയാണ് എന്റെ മതം മറ്റ് ഇന്ത്യക്കാരുടെ മതമായി മാറുക? ഇങ്ങനെ ചെയ്യുന്നത് മറ്റ് ഇന്ത്യക്കാരുടെ മേല്‍ എന്റെ മതം അടിച്ചേല്‍പ്പിക്കലാവും. മതപരമായ കാര്യത്തില്‍ യാതൊരുവിധ സമ്മര്‍ദ്ദമോ ബലപ്രയോഗമോ ഉണ്ടാവില്ലെന്നു നാം പറയുന്നുണ്ട്. പ്രാര്‍ഥനയില്‍ വിശുദ്ധ ഖുര്‍ആനിലെ വരികള്‍ പാടുന്നുണ്ട്. പക്ഷേ, ആരെങ്കിലും ഈ വരികള്‍ പാടാന്‍ നിര്‍ബന്ധിക്കുന്നത് എനിക്ക് ഇഷ്ടമില്ല. സ്വമേധയാ തയ്യാറാവാത്ത ഒരാളെ ഗോവധ നിരോധനത്തിന് എങ്ങനെയാണു നിര്‍ബന്ധിക്കാനാവുക? ഇന്ത്യയില്‍ ഹിന്ദുക്കള്‍ക്കു പുറമെ മുസ്‌ലിംകളും പാര്‍സികളും ക്രിസ്ത്യാനികളും മറ്റു വിവിധ വിഭാഗങ്ങളുമുണ്ട്. ഇന്ത്യ ഹിന്ദുഭൂമിയായെന്ന ഹിന്ദുക്കളുടെ ധാരണ തെറ്റാണ്.

ഇവിടെ ജീവിക്കുന്ന എല്ലാവരുടേതുമാണ് ഇന്ത്യ. ഇന്ത്യയില്‍ ഗോവധം നിയമപരമായി നിരോധിക്കുകയും പാകിസ്താനില്‍ നേര്‍ വിപരീതം സംഭവിക്കുകയും ചെയ്യുകയാണെങ്കില്‍ എന്തായിരിക്കും ഫലം? വിഗ്രഹാരാധന ശരീഅത്ത് പ്രകാരം തെറ്റായതിനാല്‍ ക്ഷേത്രങ്ങളില്‍ പോവാന്‍ ഹിന്ദുക്കളെ അനുവദിക്കില്ലെന്ന് അവര്‍ പറയുകയാണെങ്കില്‍? കല്ലില്‍ വരെ ദൈവത്തെ കാണുന്ന ഞാന്‍ ആ വിശ്വാസംവച്ച് മറ്റുള്ളവരെ എങ്ങനെ വേദനിപ്പിക്കും? ആരെങ്കിലും എന്നെ ക്ഷേത്രദര്‍ശനത്തില്‍ നിന്നു തടയുകയാണെങ്കില്‍ ഞാന്‍ വീണ്ടും സന്ദര്‍ശിക്കും. അതിനാല്‍, ഗോവധം ആവശ്യപ്പെട്ടുള്ള ടെലഗ്രാമുകളിലും കത്തുകളിലും പണം നശിപ്പിക്കുന്നത് ഉചിതമല്ല.

ഇതിനു പുറമെ, സമ്പന്നരായ ചില ഹിന്ദുക്കള്‍ ഗോവധം പ്രോല്‍സാഹിപ്പിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ സ്വന്തം കൈകൊണ്ട് ഇത് ചെയ്യുന്നില്ല. പക്ഷേ, ആരാണു പശുക്കളെ ആസ്‌ത്രേലിയയിലേക്കും മറ്റു രാജ്യങ്ങളിലേക്കും കശാപ്പുചെയ്യാന്‍ അയക്കുകയും തുകലുകൊണ്ടുള്ള ഷൂകള്‍ ഇന്ത്യയിലേക്ക് എത്തിക്കുകയും ചെയ്യുന്നത്? ബീഫ് സൂപ്പ് മക്കള്‍ക്കു നല്‍കുന്ന ഒരു പരമ്പരാഗത വൈഷ്ണവനെ അറിയാം...'' ഗാന്ധിയുടെ പ്രസംഗം തുടരുന്നു. സ്വയം ഹിന്ദുവെന്നു വിശേഷിപ്പിക്കുന്ന ഗാന്ധിയുടെ പ്രസംഗം ഒളിച്ചുവച്ച് ഇഷ്ടപ്രകാരം പ്രചാരണം നടത്തുന്ന സംഘപരിവാരത്തെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ വാക്കുകള്‍. ബീഫ് കഴിച്ചെന്ന് ആരോപിച്ചു കൊള്ളയും കൊലപാതകങ്ങളും വരെ നടക്കുന്ന ഇന്ത്യയില്‍ ഈ പ്രസംഗത്തിന് ഏറെ പ്രാധാന്യമുണ്ടെന്നു വ്യക്തമാക്കുന്നതാണ് ചര്‍ച്ചകളെല്ലാം.
Next Story

RELATED STORIES

Share it