ഗോള്‍ഡന്‍ ഗ്ലോബ് 2016: ദി റെവറന്റിന് മൂന്നു പുരസ്‌കാരങ്ങള്‍

ലോസ്ആഞ്ചലസ്: എഴുപത്തി മൂന്നാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരത്തിന് ടൈറ്റാനിക് ഫെയിം ലിയനാര്‍ഡോ ഡി കാപ്രിയോ അര്‍ഹനായി. ബ്രയ്‌ലാര്‍സ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. റൂം എന്ന ചിത്രത്തിലെ പ്രകടനമാണ് പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഡ്രാമ വിഭാഗത്തില്‍ മികച്ച ചിത്രം, മികച്ച സംവിധായകന്‍ മികച്ച നടന്‍ എന്നിവ ഉള്‍പ്പെടെ മൂന്ന് അവാര്‍ഡുകളോടെ ദി റെവറന്റ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. റെവറന്റിലെ അഭിനയമാണ് കാപ്രിയോക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. ചലച്ചിത്ര ലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള സെസില്‍ ബി ഡിമെല്ലെ പുരസ്‌കാരത്തിന് ഡെന്‍സല്‍ വാഷിങ്ടണ്‍ അര്‍ഹനായി.
മ്യൂസിക്കല്‍/ കോമഡി വിഭാഗത്തില്‍ സയന്‍സ് ഫിക്ഷനായ ദി മാര്‍ഷ്യനാണ് മികച്ച ചിത്രം. ഈ വിഭാഗത്തില്‍ മാര്‍ഷ്യനിലെ നായകന്‍ മാറ്റ് ഡാമന്‍ മികച്ച നടനും ജെന്നിഫര്‍ ലോറന്‍സ് (ചിത്രം: ജോയ്) മികച്ച നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. നാലാം തവണയാണ് ജെന്നിഫര്‍ ലോറന്‍സ് ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്‌കാരത്തിന് അര്‍ഹയാവുന്നത്. സില്‍വസ്റ്റര്‍ സ്റ്റാലോന്‍ (ക്രീഡ്) മ്യൂസിക്കല്‍/കോമഡി വിഭാഗത്തില്‍ മികച്ച സഹനടനായി. സ്റ്റീവ് ജോബ്‌സിലെ അഭിനയത്തിന് കെയ്റ്റ് വിന്‍സ്‌ലറ്റ് മികച്ച സഹനടിയായി. ടി വി ഡ്രാമ വിഭാഗത്തില്‍ മാഡ് മെന്നിലെ അഭിനയത്തിന് ജോണ്‍ ഹാം മികച്ച നടനായി. എംപയറിലെ അഭിനയത്തിന് തരാജി പി ഹെന്‍സണ്‍ മികച്ച നടിയായി.
മികച്ച സംഗീത സംവിധായകനായി എന്‍യോ മേറികോണും (ഫെയ്റ്റ്ഫുള്‍ എയ്റ്റ്) മികച്ച ഒറിജിനല്‍ ഗാനത്തിന് റൈറ്റിങ്‌സ് ഓണ്‍ ദി വാള്‍ (സാം സ്മിത്ത്, സ്‌പെക്ടര്‍) മികച്ച തിരക്കഥയ്ക്ക് ആരോണ്‍ സോര്‍കിനും (സ്റ്റീവ് ജോബ്‌സ്) അര്‍ഹരായി. മികച്ച വിദേശ ചിത്രമായി സണ്‍ ഓഫ് സൗളും (ഹംഗറി) മികച്ച ആനിമേഷന്‍ ചിത്രമായി ഇന്‍സൈഡ് ഔട്ടും തിരഞ്ഞെടുക്കപ്പെട്ടു.
Next Story

RELATED STORIES

Share it