wayanad local

ഗോത്രവിഭാഗങ്ങളുടെ ആശിര്‍വാദം ഏറ്റുവാങ്ങി അയ്യൂബിന്റെ പര്യടനം

കല്‍പ്പറ്റ: 'ഞങ്ങക്ക് കുടിക്കാന്‍ പോലും ബെള്ളമില്ല, ഓലോടൊക്കെ പറഞ്ഞ് മടുത്തു, ഓര്‍ക്കൊക്കെ വോട്ട് മാത്രം മതി, ഞങ്ങളിബിടെ കെടന്ന് നരകിക്കുകയാണ്...-വിങ്ങിപ്പൊട്ടിയാണ് പൊഴുതന ഊരാംകുന്ന് കോളനിയിലെ ആദിവാസി സ്ത്രീ കല്‍പ്പറ്റ മണ്ഡലം എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി അഡ്വ. കെ എ അയ്യൂബിന് മുന്നില്‍ ദുരിതങ്ങള്‍ നിരത്തിയത്. ഇടത്-വലത് മുന്നണി സ്ഥാനാര്‍ഥികള്‍ വോട്ട് ചോദിച്ച് എല്ലാ തവണയും കോളനിയിലെത്താറുണ്ട്.
പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കോളനിവാസികളെ പോളിങ് ബൂത്തിലെത്തിക്കുകയല്ലാതെ ഈ കുടുംബങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് ചോദിച്ചറിയാന്‍ പോലും ആരും മെനക്കെടാറില്ല. കൊട്ടും കുരവയുമായി എത്തുന്ന സ്ഥാനാര്‍ഥികളോട് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് തര്‍ക്കിക്കാനോ അനീതി ചൂണ്ടിക്കാട്ടാനോ ഇവര്‍ക്കു കഴിയാറുമില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഇരകളായി ഒതുക്കപ്പെടുന്നു. പറഞ്ഞുമടുത്ത പരിഭവങ്ങളുടെ കെട്ടഴിക്കാതെ മുന്നണികളുടെ വോട്ടെന്ന ആവശ്യത്തിന് മുന്നില്‍ തലകുലുക്കി സമ്മതിക്കുക മാത്രമാണ് ഇവര്‍ കാലങ്ങളായി ചെയ്തു പോരുന്ന രാഷ്ട്രീയ പ്രവര്‍ത്തനം.
മറ്റൊരു ബദലിനായി കാത്തിരിക്കുകയായിരുന്നുവെന്നു തെളിയിക്കുന്നതായിരുന്നു എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥിക്ക് കോളനിയില്‍ ലഭിച്ച വരവേല്‍പ്പ്. കോളനിവാസികളെല്ലാം ദുരിതങ്ങളോരോന്നായി വിവരിച്ചു. കോളനി മൂപ്പന്‍ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു.
നേരത്തെ കുടിവെള്ള പ്രശ്‌നത്തെ തുടര്‍ന്ന് എസ്ഡിപിഐ നേതൃത്വത്തില്‍ കോളനിയില്‍ കുടിവെള്ളമെത്തിച്ചിരുന്നു. സ്ഥാനാര്‍ഥി അഡ്വ. കെ എ അയ്യൂബ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു കുടിവെള്ളമെത്തിച്ചത്. അന്ന് ഏറെ അനുഗ്രഹമായി മാറിയ ഈ പ്രവൃത്തി കോളനിവാസികള്‍ നന്ദിയോടെ സ്മരിച്ചു. ഊരാംകുന്ന് കോളനിയില്‍ നിന്നായിരുന്നു ഇന്നലത്തെ പര്യടനത്തിന്റെ തുടക്കം.
പൊഴുതന പഞ്ചായത്തിലെ അച്ചൂര്‍, ആറാംമൈല്‍ പ്രദേശങ്ങളിലെ ടൗണുകളിലും ആദിവാസി കോളനികളിലും പര്യടനം നടത്തി പിണങ്ങോട് ടൗണില്‍ സമാപിച്ചു. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ഹംസ, പ്രസിഡന്റ് പി ആര്‍ കൃഷ്ണന്‍കുട്ടി, മണ്ഡലം വൈസ് പ്രസിഡന്റ് കരീം മുട്ടില്‍, സെക്രട്ടറി സുബൈര്‍ കല്‍പ്പറ്റ, നൗഷീര്‍ പിണങ്ങോട്, നിസാര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
Next Story

RELATED STORIES

Share it