azchavattam

ഗോഡ്‌സെയ്ക്ക് ക്ഷേത്രം

മനുഷ്യന് വീഴ്ചകള്‍ സംഭവിക്കുക സ്വാഭാവികം. കൊലപാതകങ്ങള്‍ നടത്തിയവരും നിരപരാധികളുടെ ഉന്മൂലനത്തില്‍ കലാശിച്ച യുദ്ധങ്ങള്‍ക്കു നേതൃത്വം കൊടുത്തവരും നിരവധിയുണ്ട്. പക്ഷേ, ഇത്തരം ആളുകളുടെ കൂട്ടത്തില്‍ തെറ്റു തിരുത്തുകയും മാനവികപക്ഷത്ത് തിരിച്ചുവരുകയും ചെയ്തവര്‍ ധാരാളമുണ്ട്. സ്വയം വിചാരണ നടത്തി ജീവിതത്തെ പരിഷ്‌കരിക്കാന്‍ ശ്രമിച്ച വ്യക്തികള്‍, പുനര്‍വിചിന്തനം നടത്തി നീതിയുടെ പക്ഷത്തേക്കു ചേര്‍ന്നുനിന്ന സമൂഹങ്ങള്‍. മൂസാനബിയുടെ ജീവിതത്തിലെ ഒരു സംഭവം ഖുര്‍ആന്‍ പറഞ്ഞുതരുന്നുണ്ട്. ഒരു ദിവസം പട്ടണത്തില്‍ ചെന്നപ്പോള്‍ രണ്ടുപേര്‍ വഴക്കിടുന്നത് അദ്ദേഹം കണ്ടു. അവരിലൊരാള്‍ തന്റെ സംഘത്തില്‍ പെട്ടവനും രണ്ടാമന്‍ ശത്രുപാളയത്തിലുള്ളവനുമായിരുന്നു. തന്റെ കക്ഷിയില്‍ പെട്ടയാള്‍ മൂസാനബിയോട് സഹായം അഭ്യര്‍ഥിച്ചു. മൂസാനബി ശത്രുസംഘത്തില്‍ പെട്ടയാള്‍ക്ക് ഒരു അടി കൊടുത്തു. അതോടെ അയാളുടെ കഥ കഴിഞ്ഞു. എന്നാല്‍, തന്റെ തെറ്റിനെ ന്യായീകരിക്കാനോ തെറ്റില്‍ തന്നെ തുടരാനോ മൂസാനബി ആഗ്രഹിച്ചില്ല. അദ്ദേഹം ദൈവത്തോടു പശ്ചാത്തപിച്ചു. ഫറോവന്റെ മര്‍ദ്ദനത്തിനു കീഴില്‍ ദുരിതമനുഭവിക്കുന്ന ഇസ്രായേല്‍ മക്കളുടെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന മൂസയെയാണ് പിന്നീട് ലോകത്തിനു കാണാനായത്. പശ്ചാത്താപബോധവും പ്രായശ്ചിത്തവും ഒരു വ്യക്തിയെ മാറ്റിയെടുത്തതിന്റെ ഉദാഹരണമാണിത്.ഇന്ത്യാചരിത്രത്തില്‍ അശോക ചക്രവര്‍ത്തിയുടെ സ്ഥാനം അദ്വിതീയമാണ്. ലോകസമാധാനത്തിനു വേണ്ടിയും അഹിംസയ്ക്കു വേണ്ടിയും മതസൗഹാര്‍ദത്തിനു വേണ്ടിയും അദ്ദേഹം നിര്‍വഹിച്ച പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തവയാണ്. മറ്റേതൊരു രാജാവിനെയും പോലെ അശോക          ചക്രവര്‍ത്തിയും യുദ്ധസന്നാഹങ്ങള്‍ ഭരണത്തിന്റെ അനിവാര്യതയായി ധരിച്ചിരുന്നു. അദ്ദേഹം  നടത്തിയ കലിംഗ യുദ്ധത്തില്‍ നിരപരാധികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മരിച്ചു. യുദ്ധഭൂമിയില്‍ ചിതറിക്കിടന്ന മൃതശരീരങ്ങളും തളംകെട്ടിനിന്ന രക്തവും കണ്ട് അദ്ദേഹം ഞെട്ടിത്തെറിച്ചു. ഇനിയൊരിക്കലും ഒരു യുദ്ധത്തിന് കോപ്പുകൂട്ടുകയില്ലെന്ന് അദ്ദേഹം ശപഥം ചെയ്തു. ബുദ്ധമതാനുയായിത്തീര്‍ന്ന അദ്ദേഹം‘ധര്‍മവിജയം’എന്ന ഒരു രാഷ്ട്രീയനയം ആവിഷ്‌കരിച്ചു. അദ്ദേഹം ശിലാഫലകങ്ങളിലൊന്നില്‍ ഇങ്ങനെ കൊത്തിവച്ചു. ശരിയായത് ഭക്തിയിലൂടെയും ധര്‍മത്തിലൂടെയുമുള്ള വിജയമാണ്. സൈനികബലത്തില്‍ മാത്രം ഒരു രാജാവിന് നിലനില്‍ക്കാന്‍ കഴിയുമായിരുന്ന കാലഘട്ടത്തിലാണ് അശോക ചക്രവര്‍ത്തി ഈ നിലപാട് കൈക്കൊള്ളുന്നത്. പൗരന്മാരെ തന്റെ മക്കളായും തന്നെ അവരുടെ പിതാവായും കാണാനാണ് അദ്ദേഹം ആഗ്രഹിച്ചത്. മറ്റൊരു ശിലാഫലകത്തില്‍ അദ്ദേഹം രേഖപ്പെടുത്തിയത് ഇങ്ങനെ: ഇതര ജനവിഭാഗങ്ങളെ ആദരിക്കുകയെന്നാല്‍ സ്വന്തം ജനവിഭാഗത്തെ ആദരിക്കുകയെന്നാണര്‍ഥം.’അശോക ചക്രവര്‍ത്തിയാണ് ബുദ്ധമതാനുയായികളുടെ മൂന്നാമത് കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തത്. തന്റെ മകനും മകളും ഉള്‍പ്പെട്ട പ്രബോധകസംഘങ്ങളെ വിദേശരാജ്യങ്ങളിലേക്ക് അദ്ദേഹം നിയോഗിച്ചു. അദ്ദേഹത്തിന്റെ മകന്‍ അറഹാത്ത്  മഹിന്ദയാണ് ശ്രീലങ്കയില്‍ ബുദ്ധമതം പ്രചരിപ്പിച്ചത്. വീഴ്ചപറ്റിയ ശേഷം പശ്ചാത്തപിക്കുകയും പ്രബുദ്ധരാവുകയും ചെയ്തവരുടെ വിഭാഗത്തില്‍ ഉന്നതസ്ഥാനീയനാണ് അശോക ചക്രവര്‍ത്തി. പാകിസ്താന്‍ രൂപീകരണത്തിനു വേണ്ടിയുള്ള ശ്രമങ്ങളെ വിജയത്തിലെത്തിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചുകൊണ്ടാണ് നാഥുറാം ഗോഡ്‌സെ 1948 ജനുവരി 30, 5.17ന് ഡല്‍ഹിയിലെ ബിര്‍ലാ ഹൗസില്‍, പ്രാര്‍ഥനാ യോഗസ്ഥലത്തുവച്ച് ഗാന്ധിയെ വെടിവച്ചു കൊന്നത്.“നമ്മുടെ ജീവിതത്തില്‍ നിന്നു പ്രകാശം കെട്ടുപോയിരിക്കുന്നു. അല്ല, എനിക്ക് തെറ്റി; നമുക്കിടയില്‍ പ്രകാശിച്ചുനിന്നത് ഒരു സാധാരണ ജ്യോതിസ്സായിരുന്നില്ല, അതിനിയും രാജ്യത്തെ പ്രകാശിപ്പിച്ചുകൊണ്ടിരിക്കും. നമ്മുടെ ഏറ്റവും വിലപ്പെട്ട നിധി സംരക്ഷിക്കാന്‍ നമുക്കു കഴിഞ്ഞില്ല. എന്റെ സ്വന്തം നിലയിലും സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയിലും ഞാനീ സംഭവത്തില്‍ ലജ്ജിക്കുന്നു. ഗാന്ധിവധത്തോടുള്ള ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെ താന്‍ നടത്തിയ നീചപ്രവൃത്തിയില്‍ ഖേദിക്കുകയോ പശ്ചാത്തപിക്കുകയോ ചെയ്തില്ല, ഗാന്ധിയെ ഉന്മൂലനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തുഷ്ടി പ്രകടിപ്പിക്കുകയാണ് ചെയ്തത്. തുടര്‍ന്നും ഗാന്ധിയെ പോലുള്ളവരെ വധിക്കാനുള്ള ഉന്മാദലഹരിയാണ് അയാള്‍ തന്റെ അനുയായികള്‍ക്കു പകര്‍ന്നുനല്‍കിയത്. അതുപോട്ടെ, അനുയായികള്‍ അയാളുടെ പേരില്‍ ദേവാലയങ്ങള്‍ പണിയാനുള്ള ശ്രമത്തിലാണ്. ഭരണം കൈയാളുന്ന ഗോഡ്‌സെയുടെ പിന്മുറക്കാര്‍ ഗാന്ധിയുടെ രക്തസാക്ഷിത്വം തന്നെ ചരിത്രത്തില്‍ നിന്നു മായ്ച്ചുകളയാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാഗമായി ജനുവരി 30 ശൗര്യദിനമായി അവര്‍ ആചരിക്കുകയാണ്. ഇന്നലെ ചെയ്‌തൊരു പാതകം ഇന്നിന്റെ ഭരണതന്ത്രമായി മാറ്റുകയാണവര്‍. ഈ ഹീനപ്രവൃത്തിയില്‍ ശക്തമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാവണം.   ി
Next Story

RELATED STORIES

Share it