ഗെയില്‍ പൈപ്പ്‌ലൈന്‍: വേഗത്തിലാക്കാന്‍ ധാരണ

ന്യൂഡല്‍ഹി: കേരളത്തിലെ ദ്രവീകൃത പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി പുനരാരംഭിച്ച് എല്‍എന്‍ജി ടെര്‍മിനല്‍ വികസനം അതിവേഗം പൂര്‍ത്തിയാക്കാന്‍ ധാരണ. മുഖ്യമന്ത്രി പിണറായി വിജയനും പെട്രോനെറ്റ് എംഡി പ്രഭാത് സിങുമായി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ചു ധാരണയായത്.
പദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും പിണറായി വിജയന്‍ പെട്രോനെറ്റ് എംഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു വര്‍ഷത്തിനകം പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് പെട്രോനെറ്റ് എംഡി അറിയിച്ചു. പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിലെ തടസ്സങ്ങളെക്കുറിച്ചും ടെര്‍മിനല്‍ വികസനത്തെക്കുറിച്ചും വിശദമായ റിപോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യമന്ത്രി പെട്രോനെറ്റ് എംഡിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ നടപടികള്‍ക്കായി പ്രഭാത് സിങ് കേരളത്തില്‍ എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി പ്രഭാത് സിങ് പറഞ്ഞു. ജൂലൈയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കല്‍ ആരംഭിച്ച് രണ്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുവൈപ്പിനില്‍ എല്‍എന്‍ജി ടെര്‍മിനല്‍ സജ്ജമായെങ്കിലും പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിലെ തടസ്സംമൂലം അവിടെനിന്നുള്ള വാതകം വിപണിയിലെത്തിക്കാന്‍ കഴിയുന്നില്ലെന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് പെട്രോനെറ്റ് എംഡി പ്രഭാത് സിങ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് വിശദമായ ചര്‍ച്ച നടത്തിയത്. പൈപ്പ്‌ലൈന്‍ അപകടകാരിയാവുമോയെന്ന ഭയവും സ്ഥലമുടമകള്‍ക്കു നല്‍കുന്ന നഷ്ടപരിഹാരത്തുകയെ സംബന്ധിച്ച പ്രശ്‌നങ്ങളുമാണ് പ്രധാനമായും തടസ്സമാവുന്നത്.
3000 കോടി രൂപയുടെ പദ്ധതിയില്‍ കേരളത്തിലെ ഏഴു ജില്ലകളിലൂടെ 505 കിലോമീറ്റര്‍ നീളത്തിലാണ് പൈപ്പുകള്‍ സ്ഥാപിക്കേണ്ടത്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡും (ഗെയില്‍) കേരള വ്യവസായ വികസന കോര്‍പറേഷനും ആണ് ഇതിനുള്ള കരാറെടുത്തിരിക്കുന്നത്. കൊച്ചി വൈപ്പിനില്‍ സ്ഥാപിച്ച എല്‍എന്‍ജി ടെര്‍മിനലില്‍ നിന്ന് മംഗലാപുരം, കായംകുളം, പാലക്കാട് എന്നിവിടങ്ങളിലേക്കാണ് പൈപ്പ് സ്ഥാപിക്കുക.
1114 കിലോമീറ്റര്‍ നീളത്തില്‍ പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നത് സമയബന്ധിതമായി തീര്‍ന്നില്ലെങ്കില്‍ പദ്ധതി ഉപേക്ഷിക്കാനാണ് പെട്രോനെറ്റ് എല്‍എന്‍ജിയുടെ തീരുമാനം. ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതില്‍ കേരളത്തിലും തമിഴ്‌നാട്ടിലും കടുത്ത എതിര്‍പ്പാണ് ഗെയില്‍ നേരിടുന്നത്.
Next Story

RELATED STORIES

Share it