ഗെയില്‍: നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: കൊച്ചി-മംഗളൂരു ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ കൃഷിയിടങ്ങളിലൂടെ പോവുന്നത് നിരോധിച്ച തമിഴ്‌നാട് സര്‍ക്കാര്‍ നടപടി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് റദ്ദാക്കി. പദ്ധതിക്കായി ഭൂമിയേറ്റെടുക്കുന്നതിന് നല്‍കുന്ന നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കാന്‍ കോടതി ഗെയിലിനു നിര്‍ദേശം നല്‍കി. നിലവില്‍ വിപണിമൂല്യത്തിന്റെ 10 ശതമാനം അധികമാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. ഇത് 13 ശതമാനമായി ഉയര്‍ത്താനാണ് നിര്‍ദേശം.
തമിഴ്‌നാട്ടില്‍ ഏഴു ജില്ലകളിലൂടെ 504 കിലോമീറ്ററാണ് ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ കടന്നുപോവുന്നത്. കര്‍ഷകരുടെ പ്രതിഷേധം കണക്കിലെടുത്ത് പൈപ്പ്‌ലൈന്‍ കൃഷിയിടങ്ങളിലൂടെ കടന്നുപോവുന്നത് നിരോധിച്ച തമിഴ്‌നാട് സര്‍ക്കാരിന്റെ വിജ്ഞാപനം പിന്നീട് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഇതു ചോദ്യംചെയ്താണ് തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ചത്.
വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്ക് എതിരല്ലെന്നും ആന്ധ്രപ്രദേശ്, കേരളം മാതൃകയില്‍ ദേശീയപാതയ്ക്കരികിലൂടെ പൈപ്പ്‌ലൈന്‍ സ്ഥാപിക്കണമെന്നും തമിഴ്‌നാട് കോടതിയില്‍ വാദിച്ചു. എന്നാല്‍, കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള പദ്ധതിയായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇത്തരത്തില്‍ ഉത്തരവിടാനുള്ള അധികാരമില്ലെന്ന് കമ്പനി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it