ഗൂഢാലോചന: ബാബുവിന്റെ ആരോപണം തള്ളി ബിജു രമേശ്

തിരുവനന്തപുരം: വി ശിവന്‍കുട്ടി എംഎല്‍എയുടെ വസതിയില്‍ കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ നടത്തിയ ഗൂഢാലോചനയാണ് തനിക്കെതിരായ കേസെന്ന മന്ത്രി കെ ബാബുവിന്റെ ആരോപണം നിഷേധിച്ച് ബിജു രമേശ്. ആരോപണം അടിസ്ഥാനരഹിതമാണ്. ശിവന്‍കുട്ടിയുടെ വീട്ടില്‍വച്ച് കോടിയേരിയെ കണ്ടില്ലെന്ന് ബിജു രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോഴ കൊടുത്തതിന് ജയിലില്‍ പോവാന്‍ തയ്യാറാണ്. എന്നാല്‍, ജയിലില്‍ ഒരു മന്ത്രിയും ഒപ്പമുണ്ടാവും. ജയിലില്‍ പോവേണ്ടിവന്നാല്‍പോലും മൊഴി മാറ്റിപ്പറയില്ല. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. കോടതിയിലും നിലപാട് ആവര്‍ത്തിക്കും. ശിവന്‍കുട്ടിയുടെ വീട്ടില്‍ പലതവണ പോയിട്ടുണ്ട്. കോടിയേരിയെയും പിണറായി വിജയനെയും എകെജി സെന്ററില്‍ കണ്ടിട്ടുമുണ്ട്. ബാര്‍ കേസില്‍ ആരോപണങ്ങള്‍ വന്നശേഷം അതിന്റെ വിശദാംശങ്ങള്‍ പറയാനാണ് സിപിഎം നേതാക്കളെ കണ്ടത്. അല്ലാതെ ബാബു പറയുംപോലെ ഗൂഢാലോചനയ്ക്കല്ല. ബാറുകള്‍ തുറന്നുതരാമെന്ന ഒരുറപ്പും സിപിഎം നേതാക്കള്‍ നല്‍കിയിട്ടുമില്ല.
ഡിസംബര്‍ 15ന് ശിവന്‍കുട്ടിയെയോ കോടിയേരിയേയോ കണ്ടിട്ടില്ല. തന്റെ അച്ഛന്‍ മരിച്ച് 41 ദിവസം വീടിനു പുറത്തുപോലും പോയിട്ടില്ല. ആ സമയത്താണ് കൂടിക്കാഴ്ച നടത്തിയെന്നു പറയുന്നത്. തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ തെളിവുസഹിതം പുറത്തുവിടും. മന്ത്രി വി എസ് ശിവകുമാറിനും ബാര്‍ അസോസിയേഷന്‍ പണം നല്‍കിയിട്ടുണ്ടെന്ന ആരോപണം ബിജു രമേശ് ആവര്‍ത്തിച്ചു.
Next Story

RELATED STORIES

Share it