Sports

ഗുസ്തി താരങ്ങള്‍ക്ക് പ്രചോദനം നല്‍കാന്‍ ഇതിഹാസമെത്തി

ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഗുസ്തി താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കറെത്തി.
ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷകളായ യോഗേശ്വര്‍ ദത്ത്, സന്ദീപ് തോമര്‍, നാര്‍സിങ് യാദവ്, വിനേഷ് ഫോഗറ്റ്, ബബിത കുമാരി, സാക്ഷി മാലിക്, രവീന്ദര്‍ ഖാത്രി, ഹര്‍ദീപ് എന്നീ ഗുസ്തി താരങ്ങളുമായാണ് സ്വകാര്യ ഹോട്ടലില്‍ വച്ച് സചിന്‍ കൂടിക്കാഴ്ച നടത്തിയത്.
ഗുസ്തി താരങ്ങളുമായുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ സചിന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. സചിന്റെ ഉപദേശങ്ങള്‍ താരങ്ങള്‍ക്ക് പ്രചോദനമാണെന്നും അവര്‍ അതില്‍ അതിയായ സന്തോഷവാന്‍മാരാണെന്നും വനിതാ ഗുസ്തി ടീം കോച്ച് കുല്‍ദീപ് സിങ് പറഞ്ഞു. റിയോ ഒളംപിക്‌സില്‍ ഇന്ത്യയുടെ ഗുഡ്‌വില്‍ അംബാസഡര്‍ കൂടിയാണ് 43 കാരനായ സചിന്‍.
മെഡല്‍ നേട്ടക്കാര്‍ക്ക് പുരസ്‌കാരം നല്‍കും: കായിക മാന്ത്രാലയം
ന്യൂഡല്‍ഹി: നടക്കാനിരിക്കുന്ന റിയോ ഒളിംപിക്‌സില്‍ രാജ്യത്തിനു വേണ്ടി മെഡല്‍ നേടുന്നവരെ ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങളിലേക്ക് പരിഗണിക്കുമെന്ന് കായിക മന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം തന്നെ മെഡല്‍ ജേതാക്കളെ രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരങ്ങളിലേക്ക് തിരഞ്ഞെടുക്കുമെന്നാണ് കായിക മന്ത്രാലയത്തിന്റെ വാഗ്ദാനം.
കായിക മന്ത്രാലയത്തിന്റെ അഭിപ്രായപ്രകടനം റിയോ ഒളിംപിക്‌സില്‍ രാജ്യത്തിനു വേണ്ടി പ്രതിനിധീകരിക്കുന്ന താരങ്ങള്‍ക്ക് പ്രോല്‍സാഹനമാവുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വ്യക്തിഗത ഇനത്തിന് പുറമേ ടീം ഇനത്തിലും മികച്ച പ്രകടനം നടത്തുന്നവരെയും പുരസ്‌കാരങ്ങളിലേക്ക് പരിഗണിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Next Story

RELATED STORIES

Share it