ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: ശിക്ഷാവിധി ഇന്ന്

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: ശിക്ഷാവിധി ഇന്ന്
X
Gulbarg Society massacre

ന്യൂഡല്‍ഹി: 2002ലെ ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ സംഘപരിവാര പ്രവര്‍ത്തകരായ 24 പേര്‍ക്കുള്ള ശിക്ഷ ഇന്നു പ്രഖ്യാപിക്കും. രാവിലെ 11ന് അഹ്മദാബാദ് പ്രത്യേക കോടതി ജഡ്ജി പി ബി ദേശായിയാണ് ശിക്ഷാപ്രഖ്യാപനം നടത്തുക.
കോണ്‍ഗ്രസ്സിന്റെ മുന്‍ ലോക്‌സഭാംഗമായ ഇഹ്‌സാന്‍ ജഫ്‌രി ഉള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ട കേസില്‍ 36 പേരെ വെറുതെവിട്ടും 24 പേരെ കുറ്റക്കാരെന്നു കണ്ടെത്തിയും കഴിഞ്ഞ വ്യാഴാഴ്ച കോടതി ഉത്തരവിട്ടിരുന്നു. കുറ്റക്കാരെന്നു കണ്ടെത്തിയ 24 പേരില്‍ 11 പേര്‍ക്കെതിരേ 302ാം വകുപ്പുപ്രകാരം കൊലക്കുറ്റവും 13 പേര്‍ക്കെതിരേ മറ്റു ചെറിയ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്.
ബിജെപി നേതാവും നഗരസഭാ കൗണ്‍സിലറുമായ ബിപിന്‍ പട്ടേല്‍, വിശ്വഹിന്ദു പരിഷത്ത് നേതാവ് അതുല്‍ വൈദ്യ, പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ജി എര്‍ദ ഉള്‍പ്പെടെയുള്ള 36 പേരെയാണ് ജഡ്ജി വെറുതെവിട്ടത്.
2002 ഫെബ്രുവരി 28നു നടന്ന കൂട്ടക്കൊല കഴിഞ്ഞ് 14 വര്‍ഷത്തിനു ശേഷമാണ് പ്രതികള്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുന്നത്. ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി മുസ്‌ലിംകള്‍ക്കു നേരെ നടന്ന ആസൂത്രിത ആക്രമണമായിരുന്നു ഇതെന്ന ഇരകളുടെ അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചിരുന്നില്ല.
20,000ഓളം വരുന്ന അക്രമികള്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് ആസൂത്രണ സ്വഭാവമില്ലെന്നു കോടതി നിരീക്ഷിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടില്ലാത്തതിനാല്‍ കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്ക് ജീവപര്യന്തം തടവില്‍ കുറഞ്ഞ ശിക്ഷ കിട്ടാനാവും സാധ്യത.
Next Story

RELATED STORIES

Share it