ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: ആസൂത്രിത സ്വഭാവമില്ലെന്നു കോടതി; 24 പേര്‍ കുറ്റക്കാര്‍

കെ എ സലിം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിന്റെ മുന്‍ ലോക്‌സഭാംഗം ഇഹ്‌സാന്‍ ജഫരിയടക്കമുള്ള 69 പേര്‍ കൊലചെയ്യപ്പെട്ട ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 24 പേര്‍ കുറ്റക്കാര്‍. 36 പേരെ വെറുതെവിട്ടു. അഹ്മദാബാദ് പ്രത്യേക കോടതിയാണു വിധി പുറപ്പെടുവിച്ചത്. സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) കുറ്റക്കാരെന്നു കണ്ടെത്തിയ ബിജെപി നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായ ബിപിന്‍ പട്ടേല്‍, വിശ്വഹിന്ദു പരിഷത്ത് നേതാവ് അതുല്‍ വൈദ്യ, പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ജി എര്‍ദ ഉള്‍പ്പെടെയുള്ളവരെയാണു പ്രത്യേക കോടതി ജഡ്ജി പി ബി ദേശായി വെറുതെവിട്ടത്. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.
ഗുജറാത്ത് മുസ്‌ലിം വംശഹത്യക്കിടെ 2002 ഫെബ്രുവരി 28നാണു കൂട്ടക്കൊല നടന്നത്. കുറ്റക്കാരെന്നു കണ്ടെത്തിയ 24 പേരില്‍ 11 പേര്‍ക്കെതിരേ 302 വകുപ്പ് പ്രകാരം കൊലപാതകക്കുറ്റം ചുമത്തി. മറ്റ് 13 പേര്‍ക്കെതിരേ നിസ്സാര വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്.
എസ്‌ഐടി അറസ്റ്റ് ചെയ്ത ഒമ്പതുപേര്‍ 14 വര്‍ഷമായി ജയിലിലാണ്. അഞ്ചുപേര്‍ വിചാരണയ്ക്കിടെ മരിച്ചു. മറ്റുള്ളവര്‍ ജാമ്യത്തിലാണ്. ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്കു നേരെയുണ്ടായ ആസൂത്രിത ആക്രമണമായിരുന്നു ഇതെന്ന ഇരകളുടെ അഭിഭാഷകരുടെ വാദം കോടതി അംഗീകരിച്ചില്ല. കൂട്ടക്കൊലയ്ക്ക് ആസൂത്രിത സ്വഭാവമില്ലെന്നു നിരീക്ഷിച്ച കോടതി, 66 പ്രതികളില്‍ ഒരാള്‍ക്കെതിരേപ്പോലും ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയില്ല.
സാക്ഷികളെ ഭീഷണിപ്പെടുത്തിയും മറ്റും കേസ് തേച്ചുമായ്ക്കാന്‍ ശ്രമം നടന്നതോടെയാണ് കേസുകള്‍ എസ്‌ഐടിക്ക് വിട്ടത്. മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള എസ്‌ഐടിയാണ് ഗുല്‍ബര്‍ഗ് കേസ് അന്വേഷിച്ചത്. വാദംകേള്‍ക്കല്‍ സപ്തംബറില്‍ പൂര്‍ത്തിയായിരുന്നുവെങ്കിലും വിധിപ്രഖ്യാപനം സുപ്രിംകോടതി ഇടപെട്ടു നീട്ടുകയായിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ നാല് ജഡ്ജിമാരുടെ മുമ്പാകെയാണു വിചാരണ നടന്നത്. ഇതിനകം 338 സാക്ഷികളെ വിസ്തരിച്ചു. 14 വര്‍ഷത്തിനു ശേഷമാണു കോടതി വിധിപറയുന്നത്.
36 പേരെ വെറുതെവിട്ടതിനെതിരേ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ഇരകളുടെ ബന്ധുക്കള്‍ അറിയിച്ചു. വിധിപ്പകര്‍പ്പ് ലഭിച്ചശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നു സാകിയ ജഫ്‌രിയുടെ അഭിഭാഷകന്‍ എസ് എം വോറ പറഞ്ഞു. അപ്പീല്‍ പോവുമെന്നു കുറ്റക്കാരും അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it