ഗുല്‍ബര്‍ഗ് കൂട്ടക്കൊല: പ്രധാന പ്രതി കീഴടങ്ങി; ശിക്ഷാവിധി വെള്ളിയാഴ്ച

ന്യൂഡല്‍ഹി: ഗുജറാത്ത് ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസിലെ ശിക്ഷ വെള്ളിയാഴ്ച പ്രഖ്യാപിക്കും. മൂന്നുതവണ നീട്ടിവച്ച ശേഷമാണ് അഹ്മദാബാദിലെ പ്രത്യേക കോടതി ജഡ്ജി പി ബി ദേശായി വിധിപ്രഖ്യാപനത്തിയ്യതി അറിയിച്ചത്.
കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജഫ്‌രി ഉള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ട കേസില്‍ 24 പേരെ കുറ്റക്കാരെന്നു കണ്ടെത്തിയും 36 പേരെ വെറുതെവിട്ടും കോടതി ഇക്കഴിഞ്ഞ രണ്ടിന് ഉത്തരവിട്ടിരുന്നു. 24 പേര്‍ക്ക് എന്തു ശിക്ഷ നല്‍കണമെന്നതു സംബന്ധിച്ചു വിശദമായ വാദം നടക്കേണ്ടതിനാലായിരുന്നു വിധിപ്രഖ്യാപനം നീട്ടിയത്.
അതിനിടെ, കേസിലെ ഒന്നാംപ്രതി കൈലാഷ് ധോബി പ്രത്യേക കോടതി മുമ്പാകെ ഇന്നലെ കീഴടങ്ങി. കൊലപാതകം ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. കൂട്ടക്കൊല അരങ്ങേറിയ 2002ല്‍ അറസ്റ്റിലായ കൈലാഷ് 14 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറില്‍ ഹൈക്കോടതിയില്‍നിന്നു ജാമ്യംനേടി പുറത്തിറങ്ങിയതായിരുന്നു. ജാമ്യകാലാവധി രണ്ടുതവണ നീട്ടിനല്‍കിയെങ്കിലും മൂന്നാംതവണ കോടതി വിസമ്മതിച്ചതോടെ ഇക്കഴിഞ്ഞ ജനുവരിയില്‍ ഒളിവില്‍ പോയി.
വിധി പ്രഖ്യാപിക്കുന്ന ദിവസം കീഴടങ്ങുമെന്ന് ഇയാള്‍ അറിയിച്ചിരുന്നു. എന്നാല്‍ കൈലാഷ് ഉള്‍പ്പെടെ കുറ്റക്കാരെന്നു വിധിച്ച പ്രത്യേകകോടതി വിധിവന്ന ജൂണ്‍ രണ്ടിന് ഇയാള്‍ ഹാജരായിരുന്നില്ല. തുടര്‍ന്നു കൈലാഷിന്റെ അഭാവത്തില്‍ അയാള്‍ക്കെതിരായ ശിക്ഷ പ്രഖ്യാപിക്കാന്‍ നിയമതടസ്സങ്ങളുണ്ടെന്ന കാര്യം പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ സി കൊദേക്കര്‍ കോടതിയെ ബോധിപ്പിക്കുകയുണ്ടായി.
Next Story

RELATED STORIES

Share it