Azhchavattam

ഗുല്‍ബര്‍ഗ്‌

ഗുല്‍ബര്‍ഗ്‌
X
gulberg

കെഎ സലീം


ഗുല്‍ബര്‍ഗ് സൊസൈറ്റിയിലേക്ക് ദൈവം കണ്ണടച്ച 2002 ഫെബ്രുവരി 28നു പകലില്‍ 14കാരന്‍ മകന്‍ അഷ്ഹറും മകള്‍ ബെനോഫിറും രൂപ ബെഹന്‍ മോദിയുടെ കൂടെയുണ്ടായിരുന്നു. കമല്‍ സിനിമാ ടാക്കീസിലെ പ്രൊജക്റ്റര്‍ ഓപറേറ്ററായിരുന്ന ഭര്‍ത്താവ് ധാരാ മിനു മോദി അന്നും ജോലിക്കു പോയിരുന്നു. ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ ഏക പാഴ്‌സി കുടുംബമാണ് ധാരാ മിനു മോദിയുടേത്. നാട്ടില്‍ പ്രശ്‌നങ്ങള്‍ നടക്കുന്നതറിഞ്ഞ് ചമന്‍പുരയിലെ കൂരകളില്‍ പാര്‍ത്തിരുന്നവരുള്‍പ്പെടെ നൂറുകണക്കിനു പേര്‍ സൊസൈറ്റിയിലെ താമസക്കാരനായ മുന്‍ പാര്‍ലമെന്റ് അംഗം ഇഹ്‌സാന്‍ ജഫ്‌രിയുടെ വീട്ടിലാണ് അഭയംതേടിയിരുന്നത്. എല്ലാം തനിക്ക് അറിയുന്ന കുട്ടികളാണെന്നും അവര്‍ ഒന്നും ചെയ്യില്ലെന്നുമായിരുന്നു ജഫ്‌രി പറഞ്ഞിരുന്നത്.

നാലായിരത്തിലേറെ അക്രമികള്‍
അതു സത്യമായിരുന്നു. മുഖ്യമന്ത്രി നരേന്ദ്രമോദിയുമായി നേരിട്ട് അടുപ്പമുള്ള ജഫ്‌രിക്ക് മുഖ്യമന്ത്രിയെ ഫോണില്‍ എപ്പോഴും വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. പലയിടത്തും അക്രമങ്ങള്‍ നടക്കുന്നതിന്റെ വാര്‍ത്തകള്‍ ടെലിവിഷനില്‍ വന്നുകൊണ്ടിരുന്നു. വീടിനു മുന്നില്‍ ആള്‍ക്കൂട്ടം രൂപംകൊള്ളുന്നത് ആദ്യം തന്നെ അലോസരപ്പെടുത്തിയില്ലെന്ന് രൂപ ബെഹന്‍ പറയുന്നു. അയല്‍ക്കാരായ ഹിന്ദുക്കളായിരുന്നു അവരില്‍ പലരും. അപ്പോഴേക്കും ട്യൂഷനു പോയ മക്കള്‍ തിരിച്ചുവന്നു. തൊട്ടടുത്ത ടെറസിനു മുകളിലും ആളുകള്‍ കൂടിനില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ കൈയില്‍ ആയുധങ്ങളുണ്ടെന്നു ഞാന്‍ കണ്ടു. അവരിലൊരാള്‍ മഴു എന്റെ വീടിനു നേരെ ചൂണ്ടി എന്തോ ആക്രോശിച്ചു. പിന്നെ അവിടെ നില്‍ക്കാന്‍ ധൈര്യമില്ലായിരുന്നു. സമീപത്തെ മുസ്‌ലിം വീടുകളെല്ലാം കത്തിത്തുടങ്ങിയിരുന്നു. ഇനി കാത്തിരിക്കേണ്ടതില്ലെന്ന് രൂപ ബെഹന്‍ കരുതി. ഞാനും കുട്ടികളെയും കൂട്ടി ഇഹ്‌സാന്‍ ജഫ്‌രിയുടെ വീട്ടിലേക്കോടി.
നിരവധിപേരുണ്ടായിരുന്നു ജഫ്‌രിയുടെ വീട്ടിനുള്ളില്‍. നാലായിരത്തിലധികം വരുന്ന അക്രമികളാണ് സൊസൈറ്റി വളഞ്ഞത്. ജഫ്‌രിയുടെ വീടിനു മുന്നില്‍ കൂടിയിരുന്ന അക്രമികളുടെ എണ്ണം കൂടിക്കൂടിവന്നു. ഈ സമയത്തെല്ലാം ജഫ്‌രി പോലിസ് മേധാവിയെയും മറ്റ് ഉദ്യോഗസ്ഥരെയും നിരന്തരം ഫോണ്‍ ചെയ്യുന്നുണ്ടായിരുന്നു. ഒരു കിലോമീറ്റര്‍ അകലെയാണ് ചമന്‍പുര പോലിസ് സ്റ്റേഷന്‍. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആരും വന്നില്ല. കുപ്പികളില്‍ ആസിഡും പെട്രോളും നിറച്ച് അവര്‍ വീടിനു നേരെ എറിഞ്ഞുകൊണ്ടിരുന്നു. അകത്തു വന്നുവീണ് അത് ആളിക്കത്തി. തീയണയ്ക്കാന്‍ പൈപ്പ് തുറന്നപ്പോള്‍ അതില്‍ വെള്ളമില്ല. വാട്ടര്‍ടാങ്കിലേക്കുള്ള പൈപ്പ് അവര്‍ നേരത്തേ തകര്‍ത്തുകളഞ്ഞിരുന്നു. ഗ്യാസ് സിലിണ്ടര്‍ ഒളിപ്പിക്കാനായിരുന്നു തങ്ങളുടെ അടുത്ത ശ്രമം. അതിനു തീപ്പിടിച്ചാല്‍ ആരും ബാക്കിയുണ്ടാവുമായിരുന്നില്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിച്ച് അവര്‍ വീടിന്റെ മതില്‍ തകര്‍ത്തു.

gulberg-3''നീയിതുവരെ കൊല്ലപ്പെട്ടില്ലേ? ' '
താഴെ സ്ത്രീകള്‍ അലറിക്കരയുന്ന ശബ്ദം കേള്‍ക്കാമായിരുന്നു. വൈകുന്നേരമായതോടെ എല്ലാ മുറികള്‍ക്കും തീപ്പിടിച്ചു. ഞങ്ങള്‍ വീടിനു പിറകിലുള്ള കോണിയിലൂടെ ടെറസിലേക്കു കയറാന്‍ ശ്രമിച്ചു. ഇതിനിടെ പലരും ബോധംകെട്ടു വീണു. തങ്ങള്‍ ആവശ്യപ്പെട്ടപ്പോഴാണ് സഹായം തേടി ജഫ്‌രി  നരേന്ദ്രമോദിയെ വിളിച്ചതെന്ന് രൂപ ബെഹന്‍ പറയുന്നു. നിരന്തരം വിളിച്ചശേഷമാണ് മോദി ഫോണെടുത്തത്. സഹായം തേടിയ ജഫ്‌രിയോട് നീയിതുവരെ കൊല്ലപ്പെട്ടില്ലേയെന്നായിരുന്നു മറുചോദ്യം. ഫോണില്‍ അസഭ്യം പറയുകയായിരുന്നു മോദി. അതോടെ രക്ഷയില്ലെന്നു ബോധ്യമായി. അക്രമികളില്‍ ചിലര്‍ മുകളിലേക്കു കയറിവരാന്‍ ഒരു ശ്രമം നടത്തി. അതോടെയാണ് ജഫ്‌രി താഴെയിറങ്ങിച്ചെല്ലാന്‍ തീരുമാനിച്ചത്. അകത്തുള്ളവരെ വെറുതെവിടണമെന്നും തന്നെ എന്തും ചെയ്‌തോളൂ എന്നും ജഫ്‌രി പറയുന്നതു കേട്ടു. ഇറങ്ങിച്ചെന്ന ജഫ്‌രിയെ അവര്‍ വലിച്ചുകൊണ്ടുപോവുന്നതും കൈകാലുകള്‍ വെട്ടിമാറ്റുന്നതും പെട്രോള്‍ ഒഴിച്ചു കത്തിക്കുന്നതും കാണാമായിരുന്നു. പോവാന്‍ ഇനി വേറെ സ്ഥലമില്ലെന്നു മനസ്സിലായി. വീട്ടില്‍നിന്ന് ഞങ്ങള്‍ ഇറങ്ങിയോടി.

അഷ്ഹറിനെ കാണാതാവുന്നു
ചുറ്റും മൃതദേഹങ്ങളും തീയുമായിരുന്നു. അക്രമികളുടെ കൈയില്‍പ്പെടാതെ മൂന്നുപേരും കൈകള്‍ കോര്‍ത്തുപിടിച്ചായിരുന്നു ഓട്ടം. മകളായിരുന്നു അഷ്ഹറിന്റെ കൈ പിടിച്ചിരുന്നത്. വഴിയിലൊരു മൃതദേഹത്തില്‍ തട്ടി ഞാന്‍ വീണു. ബോധം മറഞ്ഞിരുന്നു. ബോധം വരുമ്പോള്‍ അടുത്തിരുന്നു കരയുന്ന ബെനോഫിറിനെയാണു കണ്ടത്. മകള്‍ കൈകോര്‍ത്തുപിടിച്ചിരുന്ന അഷ്ഹറിനെ കാണാനുണ്ടായിരുന്നില്ല. അവനെവിടെയെന്നു ചോദിച്ചു. തന്നെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ അഷ്ഹറിന്റെ കൈ വിട്ടുകളഞ്ഞതായിരുന്നു അവള്‍. എന്റെ മുഖവും കാലുകളും പൊള്ളിപ്പോയിരുന്നു.
ഞങ്ങള്‍ ഒരു കെട്ടിടത്തിന്റെ ടെറസിലേക്ക് പാഞ്ഞുകയറി. മറ്റൊരു കെട്ടിടത്തിനു മുകളില്‍നിന്ന പോലിസുകാരന്‍ ഞങ്ങള്‍ക്കു നേരെ കല്ലെറിയുന്നുണ്ടായിരുന്നു. ആസിഡ് നിറച്ച കുപ്പികളും കത്തിച്ച ടയറുകളും തീഗോളങ്ങളും മഴപോലെ പാഞ്ഞുവന്നു. ആളുകള്‍ അലറിക്കരയുന്നതിന്റെയും ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുന്നതിന്റെയും ശബ്ദം കേള്‍ക്കാമായിരുന്നു. ഒരു കൊച്ചുപെണ്‍കുട്ടി തൊട്ടപ്പുറത്ത് ബോധംകെട്ടു വീണു. എനിക്കവളെ സഹായിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍, അനങ്ങാനാവാത്തവിധം എന്റെ കൈകാലുകള്‍ വെന്തുപോയിരുന്നു.
എന്റെ മകന്‍ കൂടെയില്ലെന്നു ഞാനറിഞ്ഞു. അവനെ തിരയാന്‍ താഴെയിറങ്ങാനാഞ്ഞതാണു ഞാന്‍. അവിടെ ഒളിച്ചിരിക്കുന്നത് അക്രമികള്‍ കണ്ടിട്ടില്ല. താഴെയിറങ്ങിയാല്‍ അവര്‍ എല്ലാവരെയും കാണുമെന്നു ചൂണ്ടിക്കാട്ടി കൂടെയുള്ളവര്‍ തടഞ്ഞു. വൈകാതെ അക്രമികള്‍ സ്ഥലംവിട്ടു. അഷ്ഹറിനെ തേടിയുള്ള അലച്ചിലായിരുന്നു പിന്നീട്. മൂന്നാഴ്ചയ്ക്കുശേഷം ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ തിരിച്ചെത്തുമ്പോള്‍ എന്റെ വീട് മാത്രം കത്തിച്ചിരുന്നില്ല. കാണാതാവുമ്പോള്‍ 14 വയസ്സായിരുന്നു അഷ്ഹറിന്. 10 മാസം മുമ്പ് എനിക്ക് കേരളത്തില്‍നിന്ന് ഒരു ഫോണ്‍കോള്‍ വന്നു. അവര്‍ക്കൊപ്പം ഒരു ഗുജറാത്തി അനാഥബാലനുണ്ടെന്നും അത് അഷ്ഹറാണോ എന്നുമായിരുന്നു കോള്‍. അഷ്ഹറിന് ഇപ്പോള്‍ 28 വയസ്സുണ്ടാവും. കേരളത്തിലെ ഗുജറാത്തി ബാലന് അത്രയും പ്രായമില്ലെന്ന് രൂപ ബെഹന്‍ പറഞ്ഞു.

സാകിയ ജഫ്‌രി പറയുന്നു
രൂപ ബെഹന്റെ കഥയുടെ ശേഷം ഭാഗങ്ങള്‍ ചേര്‍ക്കാന്‍ ഇഹ്‌സാന്‍ ജഫ്‌രിയുടെ വിധവ സാകിയ ജീവിച്ചിരിപ്പുണ്ട്. ''എന്നെയവര്‍ കൊന്നാലും നിങ്ങള്‍ സുരക്ഷിതരായിരിക്കും'' എന്നു പറഞ്ഞാണ് ജഫ്‌രി അന്ന് വീടിന്റെ പടിയിറങ്ങിയതെന്ന് സാകിയ പറയുന്നു.

1961ലെ ഒരു പകലില്‍ കൈയില്‍ ഒരുകെട്ട് പൂക്കളുമായി തന്റെ ജീവിതത്തിലേക്കു കയറിവന്ന സുന്ദരനും യുവാവുമായ ജഫ്‌രിയായിരുന്നു അപ്പോഴും മനസ്സില്‍. മധ്യപ്രദേശിലെ കാന്ത്‌വയിലുള്ള തന്റെ വീട്ടില്‍നിന്ന് അഹ്മദാബാദിലേക്ക് ബസ്സിലാണ് ജഫ്‌രി എത്തിയത്. കാറയക്കാമെന്ന് പിതാവു പറഞ്ഞെങ്കിലും ജഫ്‌രി വേണ്ടെന്നു പറഞ്ഞു. ആരില്‍നിന്നും ജഫ്‌രി അന്യായമായി ഒന്നും സ്വീകരിച്ചിരുന്നില്ല. ചമന്‍പുരയിലെ വീട്ടിലാണ് അവര്‍ ജീവിതം തുടങ്ങിയത്. ഡോക്ടറായിരുന്നു ജഫ്‌രിയുടെ പിതാവ്. അന്നു മരണത്തിലേക്കു പടിയിറങ്ങിപ്പോവും വരെ ജഫ്‌രി തന്നോടൊപ്പമുണ്ടായിരുന്നുവെന്ന് സാകിയ പറയുന്നു. ചമന്‍പുരയിലെ വാടകവീട്ടിലായിരുന്നു ആദ്യതാമസം. അഞ്ചുരൂപയായിരുന്നു വാടക. മിച്ചംവരുന്നതെല്ലാം കൂട്ടിവച്ച് 1970ല്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ 19ാം നമ്പര്‍ വീട് വാങ്ങി. ആദ്യമായല്ല വീടിനു നേരെ ആക്രമണമുണ്ടാവുന്നത്. 1969ലെ വര്‍ഗീയകലാപത്തില്‍ ചമന്‍പുരയിലെ ഒറ്റമുറിവീടിനു നേരെ തീയെറിഞ്ഞിരുന്നു. വീട് മുഴുവന്‍ കത്തിപ്പോയി. പിന്നീട് സുഹൃത്തിന്റെ ടയറുകടയുടെ മൂലയിലാണ് മാസങ്ങള്‍ ഞങ്ങള്‍ താമസിച്ചത്.
ഈ സമയത്ത് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്‍ത്തനത്തിലായിരുന്നു ജഫ്‌രി. 1970ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 77ല്‍ എംപിയായി. കൊല്ലപ്പെടുന്നതിന് ഒരുവര്‍ഷം മുമ്പാണ് ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ വീടിന്റെ ലോണ്‍ പൂര്‍ണമായും അടച്ചുതീര്‍ത്തത്. ജഫ്‌രിയെ അവര്‍ വലിച്ചിഴച്ചു കൊണ്ടുപോവുന്നതും കൈകാലുകള്‍ വെട്ടിമാറ്റുന്നതും തീയിട്ടുകൊല്ലുന്നതും ഒന്നു നിലവിളിക്കാന്‍പോലുമാവാതെ കണ്ടുനില്‍ക്കേണ്ടിവന്നുവെന്ന് സാകിയ പറഞ്ഞു. വീടിന്റെ ബാക്കിഭാഗം കൂടി തീയിട്ടശേഷമാണ് അക്രമികള്‍ പോയത്. വേവുന്ന ചൂടില്‍ പേടിച്ചുവിറച്ച് മറ്റു സ്ത്രീകള്‍ക്കൊപ്പം സാകിയയും മണിക്കൂറുകളോളം ഒളിച്ചിരുന്നു.
ആറുമണിക്കൂറിനു ശേഷമാണ് പോലിസ് സംഘം എത്തിയത്. ഒരു മുസ്‌ലിം പോലിസുകാരന്‍ തങ്ങളെ സുരക്ഷിതമായൊരിടത്തേക്കു മാറ്റി. പുറത്തിറങ്ങുമ്പോള്‍ വഴിയിലും മുറ്റത്തും റോഡിലും മൃതദേഹങ്ങളായിരുന്നു നിറയെ. പലതും കത്തിക്കരിഞ്ഞിരുന്നു. കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ നൂല്‍ബന്ധംപോലുമില്ലാതെ മരിച്ചുകിടന്നു. ശരീരം കുത്തിയും കീറിയും വികൃതമാക്കിയിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ വയറു കീറി കുഞ്ഞിന്റെ തല പുറത്തേക്കുന്തിയ നിലയിലായിരുന്നു.
പോലിസ് കമ്മീഷണറുടെ ഓഫിസിലേക്കാണ് തങ്ങളെ ആദ്യം എത്തിച്ചതെന്ന് സാകിയ പറഞ്ഞു. രാത്രി 11 മണി വരെ അവിടെയിരുന്നു. അവിടെനിന്ന് മൂന്ന് യുവാക്കള്‍ തന്നെ ഗാന്ധിനഗറിലുള്ള ബന്ധുവീട്ടിലെത്തിച്ചു. തൊട്ടടുത്ത ദിവസം മാര്‍ച്ച് ഒന്നിനായിരുന്നു ജഫ്‌രിയുടെ ജന്മദിനം. അന്ന് തന്റെ നിയമപോരാട്ടം തുടങ്ങുകയായിരുന്നു.

gulberg-2മുസഫര്‍ വിവേകാവുന്നു
ഗുല്‍ബര്‍ഗ് സൊസൈറ്റി കത്തിയെരിഞ്ഞ അതേ ദിനത്തിലാണ് മുസഫര്‍ ശെയ്ഖ് എന്ന ബാലന്‍ വിവേക് പട്‌നിയായതും. ഒറ്റരാത്രികൊണ്ട് മാറിമറിഞ്ഞ മുസഫറിന്റെ ജീവിതത്തില്‍ സിനിമാക്കഥയെ വെല്ലുന്ന അദ്ഭുതങ്ങളുണ്ടായിരുന്നു. കലാപത്തിന്റെ ദിനത്തില്‍ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍നിന്നു കാണാതായ നിരവധി കുട്ടികളില്‍ ഒരാളായിരുന്നു മുസഫര്‍. ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ മുഹമ്മദ് സലീം ശെയ്ഖിന്റെയും സൈബുന്നീസ ശെയ്ഖിന്റെയും മകന്‍. കൂട്ടക്കൊല നടക്കുമ്പോള്‍ മുസഫറിന് മൂന്നുവയസ്സ് പ്രായം. കൂട്ടുകാരും അയല്‍ക്കാരും ബന്ധുക്കളുമെല്ലാം കൊല്ലപ്പെട്ടപ്പോള്‍ മുസഫര്‍ എങ്ങനെയോ ഓടി. സറാസ്പൂരിലെ റോഡില്‍ കരഞ്ഞുനില്‍ക്കുന്ന മൂന്നുവയസ്സുകാരനെ മീന്‍കച്ചവടക്കാരനായ വിക്രം പട്‌നിയുടെ സുഹൃത്തായ പോലിസുകാരനാണു കണ്ടെത്തുന്നത്.
വിക്രം അവനെ വീട്ടിലേക്കു കൊണ്ടുവന്നു. ഭാര്യ വീണ അവന് ഭക്ഷണം നല്‍കി. കലാപം കത്തിയ ഗുജറാത്തില്‍ ഒരു മുസ്‌ലിം ബാലന് അഭയം നല്‍കുകയെന്നത് അപകടംപിടിച്ച പണിയായിരുന്നു. അവനെ ഏറ്റെടുക്കാന്‍ ഏതെങ്കിലും അനാഥാലയമോ സന്നദ്ധസംഘടനയോ തയ്യാറാവും. എന്നാല്‍, അവനെ കൈവിടാന്‍ അവര്‍ക്ക് മനസ്സു വന്നില്ല. പേരു മാറ്റുകയായിരുന്നു സുരക്ഷിതമാക്കാനുള്ള ആദ്യപടി. അവരവന് വിവേകെന്നു പേരിട്ടു. മറ്റു മക്കള്‍ക്കൊപ്പം വളര്‍ത്തി. ഈ സമയമത്രയും സലീം ശെയ്ഖും ഭാര്യയും മുസഫറിനെ തേടി നടക്കുന്നുണ്ടായിരുന്നു.

ടീസ്ത കണ്ടെത്തുന്നു
ആറുവര്‍ഷത്തിനു ശേഷം 2008ല്‍ മനുഷ്യാവകാശപ്രവര്‍ത്തക ടീസ്താ സെറ്റല്‍വാദ് വിവേകെന്ന പേരിലുള്ള മുസഫറിനെ കണ്ടെത്തി. മുസഫര്‍ വിവേകായി മാറിപ്പോയിരുന്നു. വിക്ര
മിനെയും വീണയെയും വിട്ടുവരാന്‍ മുസഫര്‍
തയ്യാറായില്ല. കേസ് ഗുജറാത്ത് ഹൈക്കോടതി വരെ എത്തിയെങ്കിലും കുട്ടിയെ വളര്‍ത്തുരക്ഷിതാക്കള്‍ക്കൊപ്പം വിടാനായിരുന്നു കോടതി വിധി. ഞായറാഴ്ചകളില്‍ മുസഫറായി തന്റെ മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ നാലു വര്‍ഷം മുമ്പ് വിവേക് തയ്യാറായി. തുടക്കത്തില്‍ തന്റെ ജീവിതകഥ കേട്ട അങ്കലാപ്പിലായിരുന്നു വിവേകെന്ന്് ബന്ധുവായ മധുബെന്‍ പട്‌നി പറയുന്നു. വളര്‍ത്തുരക്ഷിതാക്കളെ വിട്ടുപോവേണ്ടിവരുമോയെന്ന പേടിയിലായിരുന്നു അവന്‍. എന്നാല്‍, അവനെ അവരില്‍നിന്നു വേര്‍പിരിക്കണമെന്ന് ആര്‍ക്കും ഉദ്ദേശ്യമില്ലായിരുന്നു.
ഇതിനിടെ വിക്രം മരിച്ചു. വീണ മീന്‍കച്ചവടം ഏറ്റെടുത്തു. ശെയ്ഖിനെയും കുടുംബത്തെയും സന്ദര്‍ശിച്ചിരുന്നെങ്കിലും അവര്‍ക്കൊപ്പം ജീവിക്കാന്‍ അവന്‍ താല്‍പര്യപ്പെട്ടിരുന്നില്ല. 16കാരനായ വിവേക് 10ാംക്ലാസ് കഴിഞ്ഞു. ഗുല്‍ബര്‍ഗ് സൊസൈറ്റി കേസില്‍ വിധിവരുമ്പോള്‍ പട്‌നയിലേക്ക് വിവാഹം ചെയ്തയച്ച തന്റെ സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം അവധിക്കാലം ആസ്വദിച്ച് വിവേക് ഇപ്പോഴുമുണ്ട്.
രൂപ ബെഹന്‍ മോദി, സാകിയ ജഫ്‌രി, മുസഫര്‍ എന്നിവരുടെ ജീവിതകഥകൊണ്ടു തീരുന്നതല്ല 69 പേര്‍ കൊല്ലപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയുടെ ചരിത്രം. എന്നാലിതിലെല്ലാമുണ്ട്. മകന്‍ മരിച്ചോ ഇല്ലയോ എന്നറിയാതെ 14 വര്‍ഷമായി കാത്തിരിക്കുന്ന കുടുംബത്തിന്റെ പ്രതീക്ഷയുടെ ഭാരവും കണ്ണീരും. നൂറുകണക്കിനു വരുന്ന സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കാന്‍ ജീവത്യാഗം ചെയ്ത ഒരു പൊതുപ്രവര്‍ത്തകന്‍. ഭര്‍ത്താവിനെ ജനക്കൂട്ടം ക്രൂരമായി കൊല്ലുന്നത് കണ്ടുനില്‍ക്കേണ്ടിവന്ന സ്ത്രീയുടെ കണ്ണീര്‍. വിധവയുടെ 14 വര്‍ഷംകൊണ്ടും തീരാത്ത നിയമപോരാട്ടം. നഷ്ടപ്പെട്ട മകനെ കണ്ടുകിട്ടിയിട്ടും തിരിച്ചുകിട്ടാത്ത കുടുംബത്തിന്റെ ദുഃഖം. മാതാവിനും വളര്‍ത്തുമാതാവിനുമിടയില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ നിന്ന ബാലന്റെ ജീവിതം. അങ്ങനെ ഒരുപാടു കഥകളാണ് ഗുല്‍ബര്‍ഗിലെ വംശഹത്യ ബാക്കിയാക്കുന്നത്. ി
Next Story

RELATED STORIES

Share it