Editorial

ഗുലാം അലിക്ക്  സ്വാഗതം

വിശ്വപ്രശസ്ത പാകിസ്താനി ഗസല്‍ ഗായകനായ ഗുലാം അലി കേരളത്തിലും മറ്റു സ്ഥലങ്ങളിലും പാട്ടുകച്ചേരി നടത്തുന്നതിനെതിരേ ശിവസേന പോലുള്ള ഹിന്ദുത്വ വിഭാഗങ്ങള്‍ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളെ അതര്‍ഹിക്കുന്ന അവജ്ഞയോടെ പൊതുസമൂഹം പുച്ഛിച്ചുതള്ളുമെന്നു തീര്‍ച്ച. പാകിസ്താനോടുള്ള വിരോധത്തിനേക്കാള്‍, തങ്ങള്‍ക്ക് മല്‍സരിക്കേണ്ടിവരുന്ന സംഘപരിവാര ഘടകങ്ങളെ വര്‍ഗീയതയില്‍ ഇടയ്ക്കിടെ മറികടക്കുക എന്നതാണ് ശിവസേനയുടെ ലക്ഷ്യം. ഹനുമാന്‍സേന, ശ്രീരാമസേന, സനാതന്‍ സന്‍സ്ഥ തുടങ്ങിയ, കുറ്റവാളികള്‍ക്കു കൂടുതല്‍ പ്രാതിനിധ്യമുള്ള വിഭാഗങ്ങള്‍ ഇടയ്ക്കിടെ കാണിക്കുന്ന ദേശസ്‌നേഹ-പശുസ്‌നേഹ നാടകങ്ങളും അങ്ങനെ വിശദീകരിക്കേണ്ട രാഷ്ട്രീയ കെട്ടുകാഴ്ചകളാണ്.
പാക് ക്രിക്കറ്റര്‍മാര്‍ക്കും പ്രശസ്ത ബോളിവുഡ് നടന്മാര്‍ക്കുമെതിരേ ശിവസേന നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ വലിയ വിമര്‍ശനത്തിനു വഴിവച്ചിട്ടുണ്ട്. നാക്കെടുത്താല്‍ പ്രകോപനമുണ്ടാക്കണമെന്ന വാശിയുള്ള ബിജെപിയിലെ ചില ദുര്‍മുഖങ്ങളും സംഘര്‍ഷം സൃഷ്ടിക്കുന്ന പ്രസ്താവനകളുമായി അടുത്തിടെ രംഗത്തുവന്നിരുന്നു. അതിനൊക്കെ മാധ്യമങ്ങള്‍ നല്‍കുന്ന അമിതപ്രാധാന്യം മൂലം ഇത്തരക്കാര്‍ ഇടയ്ക്കിടെ കാളകൂടവിഷവുമായി വീണ്ടും വന്നുകൊണ്ടിരിക്കും.
ഭരണകൂടങ്ങള്‍ പരസ്പരം പോരടിക്കുമ്പോള്‍ തന്നെ ഇന്ത്യക്കാരും പാകിസ്താനികളും പരസ്പരം സാംസ്‌കാരികമായ പലതും പങ്കുവയ്ക്കുന്നുണ്ട്. കാബൂള്‍ തൊട്ട് ധക്ക വരെ ഹിന്ദുസ്ഥാനി സംസാരിച്ചുകൊണ്ട് ആര്‍ക്കും യാത്ര ചെയ്യാം. ബോളിവുഡ് സിനിമകളാണ് താരതമ്യേന ഗുണം കുറഞ്ഞ പാക് സിനിമകളേക്കാള്‍ പാകിസ്താനികള്‍ ഇഷ്ടപ്പെടുന്നത്. ഹിന്ദുസ്ഥാനി ഗായകന്‍മാര്‍ക്ക് രണ്ടു രാജ്യങ്ങളിലും കോടിക്കണക്കിന് ആരാധകരുണ്ട്. സൂഫി ഗായകനായ അന്തരിച്ച ഫതേഹ് അലി ഖാനും ഗസല്‍ സംഗീതത്തെ ആനന്ദാനുഭൂതിയുടെ ഉച്ചിയിലെത്തിച്ച ജഗജിത് സിങും ഉപഭൂഖണ്ഡം മുഴുവന്‍ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്ന ഗാനങ്ങള്‍ ആലപിച്ചവരാണ്. സംഗീതത്തിനു രാഷ്ട്രീയത്തില്‍ നന്നേ കുറച്ചു സ്ഥാനമേയുള്ളൂ. മൂന്നു രാജ്യങ്ങളിലെയും മിക്ക പൗരന്മാര്‍ക്കും അതറിയാം.
കൊല്‍ക്കത്തയില്‍ ഗുലാം അലി നടത്തിയ ഗസല്‍ പരിപാടി അതിരുകളില്ലാത്ത ഗാനാലാപനത്തിന്റെ ഉജ്ജ്വലമായ അനുഭവമായിരുന്നുവെന്നാണ് റിപോര്‍ട്ട്. അത്തരം പരിപാടികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇനിയും ധാരാളമായി നടക്കേണ്ടതുണ്ട്. ശിവസേനയ്ക്കു പകരം നില്‍ക്കുന്ന സംഘടനകള്‍ പാകിസ്താനില്‍ കുറവായതിനാല്‍ ഇന്ത്യന്‍ കലാകാരന്മാര്‍ തടസ്സങ്ങളില്ലാതെ കറാച്ചിയിലും ലാഹോറിലും ജനസഹസ്രങ്ങളെ ആവേശംകൊള്ളിക്കാറുണ്ട്.
കഴിഞ്ഞ വര്‍ഷം മുംബൈയില്‍ പരിപാടി അവതരിപ്പിക്കാനെത്തിയ ഗുലാം അലിയെ ശിവസേന തടയുകയായിരുന്നു. അതിനു ബദലായിട്ടാണ് ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ അദ്ദേഹത്തിന് ആതിഥ്യമരുളാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറായത്. ഫാഷിസത്തിനും അസഹിഷ്ണുതയ്ക്കും പ്രതിരോധമുയര്‍ത്താന്‍ കലയും സാഹിത്യവും പോലെ മറ്റൊന്നില്ല. അതിനാല്‍, ഗുലാം അലിക്ക് ഹൃദയംഗമമായ സ്വാഗതം.
Next Story

RELATED STORIES

Share it