ഗുലാം അലിക്ക് കേരളത്തിന്റെ സ്‌നേഹാദരം

തിരുവനന്തപുരം: വിഖ്യാത പാക് ഗസല്‍ ഗായകന്‍ ഗുലാം അലി തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലില്‍ നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ കേരളത്തിന്റെ സ്‌നേഹാദരം ഏറ്റുവാങ്ങി. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രഥമ സ്വരലയ ഗ്ലോബല്‍ ലെജന്‍ഡറി പുരസ്‌കാരം ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ചേര്‍ന്ന് ഗുലാം അലിക്ക് സമ്മാനിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ഗുലാം അലിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. കേരളത്തിന്റെ മതേതരത്വം വെന്നിക്കൊടി പാറിച്ച ദിവസമാണിതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ സംസ്‌കാരിക പാരമ്പര്യം വീണ്ടും ഉയര്‍ത്തുകയാണ് ഗുലാം അലിക്ക് ആദരം നല്‍കുന്നതിലൂടെ ചെയ്തത്. കേരളജനത മറ്റാരേക്കാളും വിശാലമായി എന്തിനേയും ഉള്‍ക്കൊള്ളാന്‍ പറ്റുമെന്ന് തെളിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ കേരള സന്ദര്‍ശനത്തിനെതിരേ വിഷം പുരട്ടിയ മനസ്സും ചിന്തകളുമായി നടക്കുന്ന സംഘപരിവാര ശക്തികള്‍ അദ്ദേഹത്തിന്റെ വരവിനു നേരെ വാളോങ്ങാന്‍ ശ്രമിച്ചത് നമ്മുടെ നാടിന് നാണക്കേടായെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സംഗീതം ഇഷ്ടപ്പെടാത്തവര്‍ കുഴപ്പക്കാരും നശീകരണവാസനയുള്ളവരും ആണെന്നാണ് നൂറ്റാണ്ടുകള്‍ക്കു മുമ്പ് വിശ്വ മഹാകവി ഷേക്‌സ്പിയര്‍ പറഞ്ഞത്. ഗുലാം അലിയെ ഇവിടെ പാടാന്‍ അനുവദിക്കുകയില്ലെന്ന് വൃഥാ വീമ്പിളക്കിയ ശക്തികള്‍ അവരുടെ മനസ്സിന്റെ ക്രൗര്യം തെളിയിക്കുകയായിരുന്നു എന്നു കരുതിയാല്‍ മതി. ആ ക്രൂര ശക്തികളുടെ നിലപാടല്ല നമ്മുടെ സംസ്‌കാരം. ഗസലിന്റെ ആള്‍രൂപമായാണ് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകര്‍ ഗുലാം അലിയെ കാണുന്നത്. കവിതയിലെ സംഗീതവും, സംഗീതത്തിലെ കവിതയും കോര്‍ത്തിണക്കുന്ന ഗുലാം അലിയുടെ ആലാപനം കഴിഞ്ഞ അര നൂറ്റാണ്ടിലധികമായി ദക്ഷിണേഷ്യയിലെ ആസ്വാദകരെ ആനന്ദിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍, ഒരു ഇന്ത്യന്‍ സംഗീതജ്ഞനായി അദ്ദേഹം അറിയപ്പെടുമായിരുന്നുവെന്നും വിഎസ് പറഞ്ഞു.
സംഗീത ജീവിതത്തിലെ മഹത്തായ ദിവസമാണ് ഇന്നെന്ന് മറുപടി പ്രസംഗത്തില്‍ ഗുലാം അലി വികാരഭരിതനായി പറഞ്ഞു. ഈ ബഹുമതി തന്റെ പാട്ടിനല്ലെന്നും സംഗീതത്തിനാണെന്നും ഗുലാം അലി വ്യക്തമാക്കി. സ്വരലയ സംഘടിപ്പിക്കുന്ന സംഗീത വിരുന്നില്‍ പങ്കെടുക്കാനാണ് ഗുലാം അലി കേരളത്തിലെത്തിയത്. ശിവസേനയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഗുലാം അലിയുടെ മുംബൈയിലെ പരിപാടി ഉപേക്ഷിച്ചിരുന്നു. ഇന്നു വൈകീട്ട് 5.30 ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് നഗരം കാതോര്‍ത്തിരിക്കുന്ന ഗസല്‍ സന്ധ്യ.
Next Story

RELATED STORIES

Share it