ഗുര്‍ദാസ്പൂര്‍ എസ്പി നിരീക്ഷണത്തില്‍

പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആക്രമികള്‍ തട്ടിക്കൊണ്ടുപോയെന്നു പറയപ്പെടുന്ന ഗുര്‍ദാസ്പൂര്‍ പോലിസ് സൂപ്രണ്ട് സല്‍വിന്ദര്‍ സിങ് എന്‍ഐഎ നിരീക്ഷണത്തില്‍. സംഭവത്തെക്കുറിച്ച് എസ്പി നടത്തിയ വെളിപ്പെടുത്തലുകളിലെ വൈരുദ്ധ്യങ്ങളാണ് എന്‍ഐഎ നിരീക്ഷണത്തിനു കാരണം. ആക്രമണത്തില്‍ എസ്പിക്ക് പങ്കുണ്ടോ എന്നറിയാന്‍ എന്‍ഐഎ ഇദ്ദേഹത്തെ വീണ്ടും ചോദ്യംചെയ്‌തേക്കും. തട്ടിക്കൊണ്ടുപോയെന്നു പറയപ്പെടുന്ന സമയത്ത് എസ്പിയുടെ കൂടെയുണ്ടായിരുന്ന പാചകക്കാരനും ജ്വല്ലറിയുടമയായ സുഹൃത്തും നല്‍കിയ വിശദീകരണങ്ങളിലും പ്രകടമായ വൈരുദ്ധ്യങ്ങളുണ്ടെന്നും അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു.
ദിനനഗറില്‍ അക്രമികള്‍ ബന്ദിയാക്കിയ ഡ്രൈവറെയും കടയുടമയെയും അവര്‍ കൊന്നിരുന്നു. എന്നാല്‍ സൂപ്രണ്ടിനെയും കൂടെയുള്ളവരെയും നിരുപാധികം വെറുതെവിടുകയും ചെയ്തുവെന്നതും എന്‍ഐഎ വിശ്വാസത്തിലെടുക്കുന്നില്ല. യൂനിഫോമില്ലാതെ, സുരക്ഷാ സൈനികരുടെ അകമ്പടിയില്ലാതെ, ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ രാത്രി വൈകി എസ്പി എന്തിനു പോയി എന്നതാണു പ്രധാനമായും എന്‍ഐഎയില്‍ സംശയമുന്നയിക്കുന്നത്. പ്രാര്‍ഥനയ്ക്ക് ആരാധനാലയത്തില്‍ പോയതിനാലാണു സുരക്ഷാ ഭടന്‍മാരെ ഒഴിവാക്കിയതെന്ന ഇദ്ദേഹത്തിന്റെ വിശദീകരണം എന്‍ഐഎ മുഖവിലയ്‌ക്കെടുക്കുന്നില്ല.
അതേസമയം, സഞ്ചരിച്ചുവെന്നും തട്ടിക്കൊണ്ടുപോയെന്നും പറയപ്പെടുന്ന വഴികളിലെയും ജങ്ഷനുകളിലെയും മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും എന്‍ഐഎ ശേഖരിക്കുന്നുണ്ട്.
ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായിരിക്കുന്ന എസ്പിയുടെ മുന്‍കാല ചരിത്രവും മോശമാണെന്ന് അന്വേഷണവൃത്തങ്ങള്‍ പറഞ്ഞു.
അതിര്‍ത്തി കടന്ന് മയക്കുമരുന്ന് വ്യാപാരം നടത്തുന്ന രണ്ടു പ്രധാന മയക്കുമരുന്നു മാഫിയകളുമായി സൂപ്രണ്ടിന് അടുത്ത ബന്ധമുള്ളതായി മുമ്പ് വെളിപ്പെട്ടിരുന്നു. ഒരു പ്രധാന മയക്കുമരുന്നു മാഫിയാസംഘത്തെ സഹായിച്ചുവെന്ന കേസില്‍ കുറ്റാരോപിതനുമാണ് സല്‍വിന്ദര്‍ സിങ്. ആയുധക്കടത്ത് മാഫിയകളുമായും മയക്കുമരുന്നു മാഫിയകളുമായും ഇദ്ദേഹത്തിനുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. വനിതാ പോലിസ് ഉദ്യോഗസ്ഥരെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന അഞ്ചിലധികം കേസുകളും ഇദ്ദേഹത്തിനെതിരേ നിലനില്‍ക്കുന്നുണ്ട്. ആക്രമണവുമായി ബന്ധപ്പെട്ട് അതിര്‍ത്തിയിലെ ജനങ്ങളടക്കം നിരവധിപേരെ എന്‍ഐഎ ചോദ്യംചെയ്തു.
Next Story

RELATED STORIES

Share it