thrissur local

ഗുരുവായൂര്‍ പ്രൈവറ്റ് ബസ്‌സ്റ്റാന്റില്‍ മദ്യവില്‍പ്പന തകൃതി

ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭാ ബസ്‌സ്റ്റാന്റില്‍ അതീവരഹസ്യമായി മദ്യവില്‍പന പൊടിപൊടിക്കുമ്പോള്‍, അധികൃതര്‍ക്ക് അനക്കമില്ലെന്ന ആരോപണം ശക്തമാവുന്നു. ബാറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് മുമ്പ് ഒരുചാണ്‍ അളവില്‍ മൂന്ന് ബാറുകള്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് സന്ധ്യ മയങ്ങിയാല്‍ സ്ത്രീകള്‍ക്ക് വഴിനടക്കാനാവത്ത അവസ്ഥയായിരുന്നു. എന്നാല്‍ ബാറുകള്‍ പൂട്ടി ബീര്‍-വൈന്‍ പാര്‍ലറുകള്‍ ആയതോടെ അതിന് വലിയൊരളവോളം അയവുമുണ്ടായി. ഇപ്പോള്‍ അതീവ രഹസ്യമായി അനധികൃതമായി മദ്യവില്‍പന അരങ്ങേറുമ്പോള്‍ പോലിസോ, എക്‌സൈസോ നടപടിയെടുക്കാത്തതില്‍ പൊതുജനങ്ങളുടെ ആക്ഷേപം ഇപ്പോള്‍ ശക്തമായിരിക്കയാണ്. മുമ്പ് ബസ്‌സ്റ്റാന്റിലും, പരിസരങ്ങളിലും തമ്പടിക്കുന്ന ഒരു വലിയ സംഘമാണ് മദ്യവില്‍പനയ്ക്ക് പിന്നിലത്രെ. പല ബ്രാന്‍ഡിലുള്ള വിദേശമദ്യവും അധികവില നല്‍കിയാല്‍ ഗുരുവായൂര്‍ പ്രൈവറ്റ് ബസ്സ് സ്റ്റാന്റ് പരിസരത്ത് പകലെന്നൊ, രാത്രിയെന്നൊ വ്യത്യാസമില്ലാതെ ഈ സംഘത്തില്‍ നിന്നും ലഭിക്കുമത്രെ. ബസ്റ്റാന്റിലും, കംഫര്‍ട്ട് സ്‌റ്റേഷനിലും ചുറ്റിപ്പറ്റി നില്‍ക്കുന്ന സംഘം വലിയ തോതില്‍ തന്നെ മദ്യ വില്‍പന നടത്തിവരുന്നുണ്ടെന്നാണ് പരസ്യമായ രഹസ്യം. എന്നാല്‍ എക്്‌സൈസും, പോലിസും യാതൊരു നടപടിയും ഇക്കാര്യത്തില്‍ ഇതുവരെ സ്വീകരിക്കുന്നില്ലെന്ന നാട്ടുകാരുടെ ആക്ഷേപത്തിന് കാലപഴക്കമേറേയുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തില്‍ നിന്നും പോലിസ് വലിയ തോതില്‍ മദ്യം പിടികൂടിയിരുന്നു. എന്നാല്‍ മദ്യം പിടികൂടിയ വിവരം പോലിസ് പുറംലോകമറിയിക്കാതെ ഒതുക്കിതീര്‍ത്തത് ആരുടെയൊക്കെയൊ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നെന്നും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it