thrissur local

ഗുരുവായൂര്‍ പച്ചതൊട്ടില്ല; മൂന്നും കടന്ന് കെ വി അബ്ദുല്‍ ഖാദര്‍

ചാവക്കാട്: തുടര്‍ച്ചയായ മൂന്നാം തവണയും ഗുരുവായൂര്‍ പച്ചതൊട്ടില്ല. ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുമെന്നു കരുതിയ മണ്ഡലത്തില്‍ വിജയം കണ്ടത് കെ വി അബ്ദുല്‍ ഖാദറിന്റെ വ്യക്തി പ്രഭാവം. രണ്ടു തവണ കൈവിട്ട മണ്ഡലം തിരിച്ചു പിടിക്കാന്‍ ലീഗ് നേതൃത്വം നിയോഗിച്ച യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിക്കലിക്കും കെ വിയുടെ ജയത്തിന് തടയിടാനായില്ല. തിരഞ്ഞെടുപ്പ് ഫലം ലീഗ് നേതൃത്വത്തെ ഞെട്ടിച്ചു കഴിഞ്ഞു.
വികസനത്തേക്കാളുപരി പത്തു വര്‍ഷക്കാലം മണ്ഡലത്തില്‍ നിറഞ്ഞു നിന്നു എന്നതാണ് കെ വി അബ്ദുല്‍ ഖാദറിന് തുണയായത്. മുസ്‌ലിം ലീഗിന്റെ ഉറച്ച കോട്ടയായ ഗുരുവായൂരില്‍ ഇത്തവണ തങ്ങള്‍ക്കു ലഭിച്ച ഭൂരിപക്ഷം യഥാര്‍ഥത്തില്‍ എല്‍ഡിഎഫ് കേന്ദ്രങ്ങളെ അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. കേവലം മൂവായിരത്തില്‍ താഴെ വിജയിക്കുമെന്നായിരുന്നു എല്‍ഡിഎഫ് കണക്കുകൂട്ടലെങ്കില്‍ അതിനെ കവച്ചുവെക്കുന്ന പ്രകടനമായിരുന്നു അബ്ദുള്‍ ഖാദറിന്റെത്. മുസ്‌ലിംലീഗ് കേന്ദ്രങ്ങളില്‍ നിന്നുപോലും അബ്ദുള്‍ ഖാദറിന് വോട്ടു മറിഞ്ഞു. കടപ്പുറം, പുന്നയൂര്‍. വടക്കേകാട് പഞ്ചായത്തുകളില്‍ 3000ലേറെ വോട്ടുകളുടെ ലീഡ് നേടുമെന്നായിരുന്നു യുഡിഎഫ് കരുതിയിരുന്നത്. എന്നാല്‍ കടപ്പുറത്ത് 1168ഉം പുന്നയൂരില്‍ 895ഉം വോട്ടുകള്‍ മാത്രമാണ് യുഡിഎഫിന് അധികം നേടാനായത്.
അതേ സമയം കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ വടക്കേകാട് പഞ്ചായത്തില്‍ അബ്ദുല്‍ ഖാദറിനായിരുന്നു ലീഡ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മുന്നേറ്റം ആരംഭിച്ച അബ്ദുല്‍ ഖാദര്‍ ഒരു തവണ പോലും എതിരാളിയെ മുന്നില്‍ കടത്തി വിട്ടില്ല. ഒടുവില്‍ 152 ബൂത്തുകളിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ അബ്ദുള്‍ ഖാദര്‍ മുസ്‌ലിം ലീഗിന്റെ ഉരുക്കുകോട്ടയിരുന്ന ഗുരുവായൂരില്‍ 15,098 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്. 2006ലെ നിയമസഭ തിരഞ്ഞെടുപ്പിനിടെ ചാവക്കാട് നഗരസഭ ചെയര്‍മാന്‍ കെ പി വല്‍സലന്‍ കുത്തേറ്റു മരിച്ചതിനെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തിലും ഡിഐസിയുടെയും മുസ്‌ലിം ലീഗില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ഓര്‍മയുടെയും പിന്തുണയിലുമാണ് വിജയിച്ചതെന്നായിരുന്നു ആരോപണമെങ്കില്‍ 2010ല്‍ ലീഗിലെ ചേരിപ്പോരാണ് അബ്ദുല്‍ ഖാദറിന്റെ വിജയത്തിന് കാരണമെന്നായിരുന്നു ആരോപണം.
എന്നാല്‍, ഇത്തവണ ഈ ആരോപണങ്ങളുടെ മുനയൊടിക്കാനും അബ്ദുല്‍ ഖാദറിന് ഇത്തവണ നേടിയ മിന്നും ജയത്തിലൂടെ കഴിഞ്ഞുവെന്നതും ശ്രദ്ദേയമാണ്. ഗുരുവായൂരിന്റെ എംഎല്‍എ ഗുരുവായൂര്‍ മണ്ഡലത്തില്‍ നിന്നും തന്നെ വേണമെന്ന ജനങ്ങളുടെ ചിന്താഗതിയും തന്റെ വികസന പ്രവര്‍ത്തനങ്ങളുമാണ് വിജയത്തിനു കാരണമെന്ന് അബ്ദുല്‍ ഖാദര്‍ തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it