thiruvananthapuram local

ഗുരുവായൂര്‍ ക്ഷേത്ര സുരക്ഷ; ബാഗേജ് സ്‌കാനര്‍ നിര്‍ജീവമായിട്ടും അധികൃതര്‍ക്ക് അനക്കമില്ല

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള ബാഗേജ് സ്‌കാനര്‍ പ്രവര്‍ത്തന രഹിതമായിട്ട് മാസങ്ങളായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മൂന്നിടങ്ങളിലായിട്ടാണ് ബാഗേജ് സ്‌കാനര്‍ സ്ഥാപിച്ചിട്ടുള്ളത്.
കിഴക്കേ നടയിലെ പ്രധാനകവാടത്തിലും, പടിഞ്ഞാറേ ഗോപുരനടയിലും, ഭഗവതി ക്ഷേത്ര കവാട നടയിലു മാണ് ബാഗേജ് സ്‌കാനര്‍ സ്ഥാപിച്ചിട്ടുള്ളത്. ഭക്തരുടെ കൈവശമുള്ള ബാഗുകള്‍, സ്‌കാനറുകള്‍ വഴി പരിശോധിച്ച് കടത്തി വിടാനുള്ളതാണ് ഈ ഉപകരണം. പരിശോധനയുടെ ഭാഗമായി ഭക്തരെ തടഞ്ഞ് നിര്‍ത്തി പരിശോധിക്കുന്നതും, ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന സ്ത്രീ ജനങ്ങളെ വനിതാ പോലിസില്ലാത്ത സാഹചര്യത്തില്‍ പുരുഷന്മാരായ പോലിസിന്റെ ദേഹപരിശോധന നടത്തുന്നതും തര്‍ക്കങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. ദേവസ്വത്തിന്റെ വരുമാനത്തിലെ കോടികള്‍ ഉപയോഗിച്ച് വാങ്ങിയ സ്‌കാനറുകള്‍ പ്രവര്‍ത്തനരഹിതമായിട്ടും ദേവസ്വം അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ അഞ്ചുമാസങ്ങള്‍ക്ക് മുമ്പാണ് പ്രധാനകവാടത്തിലെ സ്‌കാനര്‍ നിശ്ചലമായിട്ട്.
എന്നാല്‍ ഭഗവതി ക്ഷേത്ര കവാടനടയിലും, പടിഞ്ഞാറേ ഗോപുര നടയിലും സ്‌കാനര്‍ നോക്കുകുത്തിയായിട്ട് ഒരുവര്‍ഷത്തോളമായി. പ്രവര്‍ത്തന രഹിതമായ വിവരം സുരക്ഷാചുമതലയുള്ള പോലിസ്, ദേവസ്വം ഭരണാധികാരികളോട് പലതവണ വിവരം ധരിപ്പിച്ചിട്ടും ഉത്തരവാദിത്വമുള്ളവര്‍ ഇക്കാര്യത്തില്‍ മുഖം തിരിക്കുകയായിരുന്നു. ക്ഷേത്രത്തിന് പലതവണയായി സുരക്ഷാഭീഷണി ഉയര്‍ന്നിട്ടും ഇക്കാര്യത്തില്‍ ഉത്തരവാദിത്വമുള്ളവര്‍ അനങ്ങാപാറനയം സ്വീകരിക്കുന്നതായാണ് ഭക്തജനങ്ങളുടെ ആരോപണം. ഇടതുപക്ഷ സര്‍ക്കാര്‍ നിലവിലുള്ളപ്പോള്‍ അന്നത്തെ ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ചെയര്‍മാനാ യുള്ള കാലയളവില്‍ രണ്ടു കോടിയിലേറെ മുതല്‍മുടക്കി ചിലവിട്ടാണ് ഈ മൂന്ന് സ്‌ക്കാനറും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്ഥാപിച്ചത്.
കഴിഞ്ഞ നാലുവര്‍ഷം തുടര്‍ച്ചയായി ഭരണം നടത്തിയ ടി വി ചന്ദ്രമോഹന്‍ ചെയര്‍മാനായുള്ള ഭരണസമിതി, നിലവിലുള്ള പോരായ്മകളെ നികത്താനോ, ഭക്തരുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനോ നടപടിയെടുത്തില്ല.
Next Story

RELATED STORIES

Share it