thrissur local

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പണം വാങ്ങി ദര്‍ശന സൗകര്യം ഒരുക്കിയ സംഭവം: ക്ഷേത്രം ക്ലാര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്തു

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ പണം വാങ്ങി ദര്‍ശന സൗകര്യം ഒരുക്കി എന്ന പരാതിയില്‍ ക്ഷേത്രം ക്ലര്‍ക്കിനെ സസ്‌പെന്‍ഡ് ചെയ്തു. ടി എസ് മുരളികുട്ടന്‍ നായരെയാണ് ഭരണസമിതി സസ്‌പെന്റ് ചെയ്തത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച ദര്‍ശനത്തിനെത്തിയ പാലക്കാട് സ്വദേശിനിയായ രാജേശ്വരിയും, കുടുംബവുമാണ് പരാതി നല്‍കിയത്.
ക്ഷേത്രത്തില്‍ നെയ്‌വിളക്ക് തെളിയിച്ച് ദര്‍ശനം നടത്താനെത്തിയതായിരുന്നു രാജേശ്വരിയും, കുടുംബവും. നെയ്‌വിളക്കിനു പുറമെ അനൗദ്യോഗികമായി ദര്‍ശന സൗകര്യവും, പ്രസാദ കിറ്റും തരാമെന്നു പറഞ്ഞ് ഭക്തയെ കൂട്ടികൊണ്ടുപോവുകയായിരുന്നു.
കിറ്റും, നെയ് വിളക്കിന്റെ രസീതും ലഭിക്കാതെ വന്നപ്പോള്‍ പാലക്കാട് സ്വദേശിനിയായ ഭക്തക്ക് സംശയം തോന്നിയപ്പോഴാണ് ക്ഷേത്രം അധികൃതരെ വിവരം അറിയിച്ചത്. തുടര്‍ന്ന് പരാതിയും നല്‍കി. മൂന്ന് ദിവസം അവധിയായതിനാല്‍ ഇന്നലെ ചേര്‍ന്ന ഭരണസമിതി യോഗമാണ് ക്ഷേത്രത്തില്‍ നിന്നും ഡെപ്യുട്ടി അഡ്മിനിസ്റ്ററേറ്റര്‍ എം നാരായണന്‍ ദേവസ്വം അഡ്മിനിസ്റ്ററേറ്റര്‍ക്ക് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്ലര്‍ക്ക് ടി എസ് മുരളികുട്ടന്‍ നായരെ സസ്‌പെന്റ് ചെയ്തത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളുമെന്നും അഡ്മിനിസ്റ്ററേറ്റര്‍ സി എന്‍ അച്ച്യുതന്‍നായര്‍ അറിയിച്ചു. ക്ഷേത്രത്തില്‍ 4500/-രൂപക്ക് നെയ്യ്‌വിളക്ക് ശീട്ടാക്കിയാല്‍ ഔദ്യോഗികമായിതന്നെ ദര്‍ശനം ലഭിക്കുമെന്നിരിക്കെയാണ് ഭക്തര്‍ കബളിപ്പിക്കപ്പെടുന്നത്. നെയ്യ്‌വിളക്ക് ശീട്ടാക്കിയാല്‍ 5-പേര്‍ക്കാണ് ക്യൂവില്‍ നില്‍ക്കാതെ ദര്‍ശന സൗകര്യം ലഭിക്കുക. പണവും, ഉപഹാരങ്ങളും കൈപറ്റി ദര്‍ശന സൗകര്യം ഒരുക്കുന്നത് ദേവസ്വത്തന്റെ ശ്രദ്ധയില്‍ പതിഞ്ഞപ്പോ ള്‍ മുന്‍ ഭരണസമിതിയാണ് നെയ്യ്‌വിളക്ക് ശീട്ടാക്കുന്നവര്‍ക്ക് ദര്‍ശസൗകര്യം അനുവദിച്ചത്.
Next Story

RELATED STORIES

Share it