ഗുരുവായൂരില്‍ ഭാഗ്യം കൊണ്ടൊരു തുലാഭാരം

ഗുരുവായൂരില്‍ ഭാഗ്യം കൊണ്ടൊരു തുലാഭാരം
X
guruvayoorകെ എം അക്ബര്‍

ചാവക്കാട്: രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ ഗുരുവായൂരിന് കൂറ് വലത്തോട്ടാണ്. എന്നാല്‍, ചരിത്രമൊന്നും ഇവിടെ വിലപ്പോവില്ലെന്നാണ് ജനപക്ഷം. മണ്ഡലം രൂപം കൊണ്ടശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ തവണയും നിയമസഭ കണ്ടത് യുഡിഎഫ് സ്ഥാനാര്‍ഥികളായിരുന്നു. ചരിത്രത്തിന് പിന്നാലെ കൂടി മണ്ഡലം കുത്തകയാക്കി വയ്ക്കാമെന്നാണ് ആരുടെയെങ്കിലും മോഹമെങ്കില്‍ ഗുരുവായൂരിലെ വോട്ടര്‍മാര്‍ അത് ഊതിക്കെടുത്തും. ഇത് ഗുരുവായൂരിലെ വോട്ടര്‍മാര്‍ മുമ്പ് തെളിയിച്ചിട്ടുമുണ്ട്. 1994ലെ ഉപതിരഞ്ഞെടുപ്പ് ഫലം തന്നെ അതിനു തെളിവ്. അതു കൊണ്ടുതന്നെ ഗുരുവായൂരില്‍ ഇരുമുന്നണികളും ശ്രദ്ധയോടേയാണ് ഇക്കുറി അങ്കത്തിനിറങ്ങുന്നത്. വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ കെ വി അബ്ദുല്‍ ഖാദറിനെയാണ് മൂന്നാം തവണയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയിട്ടുള്ളത്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എം സാദിക്കലി യുഡിഎഫ് സ്ഥാനാര്‍ഥിയാകുമ്പോള്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ് പാര്‍ട്ടി സ്ഥാനാര്‍ഥിയായും അഡ്വ. നിവേദിത ബിജെപി സ്ഥാനാര്‍ഥിയായും രംഗത്തുണ്ട്. ജില്ലാ പ്രസിഡന്റ് കെ ജി മോഹനനാണ് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി. ഗുരുവായൂരില്‍ ഹാട്രിക്ക് വിജയമാണ് നാട്ടുകാരനായ കെ വി അബ്ദുല്‍ ഖാദറിന്റെ ലക്ഷ്യം. പത്തു വര്‍ഷം എംഎല്‍എ ആയിരുന്ന വേളയില്‍ മണ്ഡലത്തി ല്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് കെ വി വോട്ടു തേടുന്നത്. എന്നാല്‍, വികസനങ്ങളൊന്നും തന്നെ അബ്ദുല്‍ഖാദറിന് എടുത്തുപറയാനില്ലെന്നാണ് എതിരാളികളുടെ ആരോപണം. ജില്ലയിലെ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് പത്തു വര്‍ഷമായി ഗുരുവായൂരില്‍ ഒരു വികസനവും നടന്നിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു. മണ്ഡലത്തിലെ വികസനമില്ലായ്മ ഉയര്‍ത്തി തന്റെ കന്നി പോരാട്ടത്തില്‍ തന്നെ വിജയം നേടി രണ്ടു തവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി എം സാദിക്കലിയുടെ കണക്കുക്കൂട്ടല്‍. അതേസമയം നാട്ടുകാരനായ കെ വി അബ്ദുല്‍ ഖാദറിനെ നേരിടാന്‍ നാട്ടില്‍ നിന്നും ആളെ കിട്ടാതായതോടെയാണ് സാദിക്കലിയെ രംഗത്തിറക്കിയതെന്നും മുന്‍ കാലങ്ങളില്‍ മണ്ഡലത്തിന് പുറത്തു നിന്നും മല്‍സരിക്കാനെത്തി വിജയം നേടിയ ശേഷം കാണാതാവുന്ന എംഎല്‍എമാരുടെ അവസ്ഥയായിരിക്കും യുഡിഎഫ് ജയിച്ചാലെന്നും എല്‍ഡിഎഫ് തിരിച്ചടിക്കുന്നു. അതേസമയം മണ്ഡലത്തിലെ തീരദേശ മേഖലയില്‍ ശക്തമായ സ്വാധീനമുള്ള എസ്ഡിപിഐ ഇരു മുന്നണികളുടെയും പൊള്ളയായ വാഗ്ദാനങ്ങള്‍ തുറന്നുകാട്ടിയാണ് വോട്ടു തേടുന്നത്. തീരദേശ മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ ഇരകളാകുന്ന ദേശീയപാത ബിഒടി വികസനത്തിന്റെ കാര്യത്തില്‍ ഇരു മുന്നണികളും ഇരട്ടത്താപ്പു നയമാണ് തുടരുന്നതെന്നും മണ്ഡലത്തിന്റെ രൂപീകരണം മുതല്‍ മാറി മാറി ഭരിച്ചിട്ടും മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് യാതൊന്നും തന്നെ ഇക്കൂട്ടര്‍ ചെയ്തില്ലെന്നും എസ്്ഡിപിഐ ആരോപിക്കുന്നു. ദേശീയപാത ബിഒടി വികസനത്തിനെതിരേ ജനകീയ സമരത്തിന് നേതൃത്വം നല്‍കിയ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വളരെ സജീവമാണ്. അതേസമയം വോട്ടു കച്ചവടത്തിന്റെ പേരുദോഷം പേറിയാണ് ഇത്തവണയും ബിജെപി മല്‍സരിക്കാനിറങ്ങുന്നത്. പതിവുപോലെ ബിജെപി യുഡിഎഫുമായി വോട്ടു മറിക്കലിന് ധാരണയുണ്ടാക്കിയതായുള്ള ആരോപണം മണ്ഡലത്തില്‍ വ്യാപകമായിട്ടുണ്ട്. പരമാവധി വോട്ടു സമാഹരിച്ചു ശക്തി തെളിയിക്കാനുള്ള ഒരുക്കത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി.
Next Story

RELATED STORIES

Share it