thrissur local

ഗുരുവായൂരില്‍ അങ്കത്തിനിറങ്ങുന്നത് പഴയ എതിരാളികള്‍

കെ എം അക്ബര്‍

ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് ധാരണയായതായി സൂചന. പത്തു വര്‍ഷം മുമ്പ് നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടിയ നിലവിലെ എംഎല്‍എ കെ വി അബ്ദുല്‍ ഖാദര്‍ എല്‍ഡിഎഫിനു വേണ്ടിയും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദ് യുഡിഎഫിനു വേണ്ടിയും ഇത്തവണ അങ്കത്തിനിറങ്ങും.
നിയമസഭ തിരഞ്ഞെടുപ്പിന് നാലു മാസം ബാക്കിയുണ്ടെങ്കിലും മണ്ഡലത്തില്‍ കുറച്ച കാലമായി ഇരു മുന്നണികള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിയെ ചൊല്ലി ചര്‍ച്ച മുറുകിയിരുന്നു. കടപ്പുറം പഞ്ചായത്തുകാരായ ഇരുവരും 2006ല്‍ ഏറ്റുമുട്ടിയപ്പോള്‍ 12,309 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു കെ വി അബ്ദുല്‍ ഖാദറിന്റെ വിജയം. കഴിഞ്ഞ തവണ അഷറഫ് കോക്കൂരുമായി ഏറ്റുമുട്ടിയപ്പോഴും വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞു.
9968 വോട്ട്. മണ്ഡലത്തില്‍ മുസ്‌ലിം ലീഗില്‍ നേരത്തേയുണ്ടായിരുന്ന പടലപ്പിണക്കങ്ങള്‍ അവസാനിപ്പിക്കാനായതോടേയാണ് ഒരിടവേളക്ക് ശേഷം സ്ഥാനാര്‍ഥിയായി റഷീദ് രംഗത്തെത്തിയിട്ടുള്ളത്. ജില്ലക്ക് പുറത്തു നിന്നുള്ളവര്‍ക്ക് മണ്ഡലത്തില്‍ ഇനി ക്ലച്ച് പിടിക്കാനാവില്ലെന്നും പത്തു വര്‍ഷം മുമ്പ് കൈവിട്ട മണ്ഡലം ഇത്തവണ റഷീദിലൂടെ തിരിച്ചു പിടിക്കാമെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ വിശ്വാസം. രണ്ടു തവണ തുടര്‍ച്ചയായി തോല്‍വിയേറ്റതോടെ മണ്ഡലം കോണ്‍ഗ്രസിന് കൈമാറാന്‍ മുമ്പ് ലീഗ് തയ്യാറെടുത്തിരുന്നു. പകരം പൊന്നാനി മണ്ഡലമായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഈ ആവശ്യം ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കും സ്വീകാര്യമായിരുന്നു. എന്നാല്‍, മണ്ഡലത്തില്‍ മുസ്‌ലിം ലീഗില്‍ രൂക്ഷമായിരുന്ന ചേരിപ്പോര് തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിന് ശേഷം കുറവുണ്ടായെന്ന തിരിച്ചറിവാണ് ഈ നീക്കത്തില്‍ നിന്നും ലീഗ് പിന്മാറാന്‍ കാരണമായത്.
അതേസമയം എല്‍ഡിഎഫിന് വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബിജോണ്‍ മല്‍സരിച്ചേക്കുമെന്ന് ചര്‍ച്ചയുയര്‍ന്നിരുന്നെങ്കിലും ബേബിജോണിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ മണ്ഡലം നിലനിര്‍ത്താനാവില്ലെന്നാണ് സിപിഎം ഇപ്പോള്‍ വിലയിരുത്തിയിട്ടുള്ളത്.
ലീഗിന്റെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ ബേബിജോണിന് കഴിയില്ലെന്നും കടപ്പുറം പഞ്ചായത്തുകാരനായ അബ്ദുല്‍ ഖാദറിന് ഇതിനു കഴിയുമെന്നും സിപിഎം നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. മുന്‍കാലങ്ങളിലെ എംഎല്‍എമാരെ അപേക്ഷിച്ച് കൂടുതല്‍ ജനകീയനാവാന്‍ കഴിഞ്ഞതും അബ്ദുല്‍ഖാദറിന് നേട്ടമായി. ഇരുവരും മല്‍സരിക്കുമെന്ന് ധാരണയായതോടെ സോഷ്യല്‍ മീഡിയയില്‍ സിപിഎം-മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു.
അബ്ദുല്‍ ഖാദര്‍ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ ചര്‍ച്ചയാക്കുമ്പോള്‍ മണ്ഡലത്തില്‍ യാതൊരു വിധ വികസനവും നടന്നിട്ടില്ലെന്നാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ വാദം. മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞതോടെ വരും ദിനങ്ങളില്‍ ഇതു സംബന്ധിച്ച് ചൂടുള്ള ചര്‍ച്ചകളായിരിക്കും നടക്കുക.
Next Story

RELATED STORIES

Share it