thrissur local

ഗുരുവായൂരിലെ സ്ഥാനാര്‍ഥി നിര്‍ണയം ലീഗിന് തലവേദനയാവുന്നു

കെ എം അക്ബര്‍

ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ തയ്യാറെടുക്കുന്ന യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി എം സാദിഖലിക്കെതിരേ പോസ്റ്റര്‍ പ്രചാരണം. കടപ്പുറം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തകരുടെ പേരില്‍ കൈയെഴുത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പോലും മല്‍സരിക്കാത്ത സാദിഖലിയെ ഞങ്ങള്‍ക്ക് വേണ്ട, അന്യ നാട്ടുകാരനായ സാദിഖലിയെ തോല്‍ക്കാനായി ഞങ്ങള്‍ക്കു വേണ്ടെന്നും എഴുതിയ പോസ്റ്റര്‍ ഇന്നലെ രാവിലേയാണ് പ്രത്യക്ഷപ്പെട്ടത്. വിവരമറിഞ്ഞ ചില ലീഗ് പ്രവര്‍ത്തകര്‍ രാവിലെ തന്നെ പലയിടങ്ങളില്‍ നിന്നും പോസ്റ്ററുകള്‍ നശിപ്പിച്ചു.
ഗുരുവായൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ പി എം സാദിഖലിക്ക് പുറമെ മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി എച്ച് റഷീദാണ് രംഗത്തുള്ളത്. സ്ഥാനാര്‍ഥിത്വത്തിനായി റഷീദിനെ അനുകൂലിക്കുന്നവരും സാദിഖലിയെ അനുകൂലിക്കുന്നവരും പിടിമുറുക്കിയതോടെ വോട്ടെണ്ണലിനേക്കാള്‍ ആകാംക്ഷയിലാണ് ഇപ്പോള്‍ ഗുരുവായിലെ യുഡിഎഫുകാര്‍. ഇരു കൂട്ടരും സ്ഥാനാര്‍ഥിത്വത്തിനായി ലീഗ് സംസ്ഥാന കമ്മിറ്റിയില്‍ പിടിമുറുക്കല്‍ ആരംഭിച്ചതോടെ പരിഹാരം കണ്ടെത്താനാകാത്തത് സംസ്ഥാന നേതാക്കളിലും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ റഷീദ് സ്ഥാനാര്‍ഥിയാകുമെന്ന് നേരത്തെ ഉറപ്പായിരുന്നെങ്കിലും മുസ്‌ലിം ലീഗിന്റെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ യൂത്ത് ലീഗ് പ്രതിനിധികളായ ആര്‍ക്കും ഇടം ലഭിക്കാതായതോടേയാണ് സാദിഖലിയുടെ പേര് ഗുരുവായൂരില്‍ ഉയര്‍ന്നു കേട്ടത്. തുടര്‍ന്ന് സാദിഖലി ഗുരുവായൂരില്‍ സ്ഥാനാര്‍ഥിത്വത്തിനായി ചരടുവലികള്‍ ആരംഭിച്ചതോടെ റഷീദിനെ അനുകൂലിക്കുന്നവര്‍ എതിര്‍പ്പുമായി രംഗത്തെത്തി.
എതിര്‍പ്പ് ശക്തമായതോടെ സ്ഥാനാര്‍ഥിത്വത്തില്‍ നിന്നു ഇത്തവണ പിന്മാറാന്‍ സാദിഖലി തീരുമാനിച്ചെങ്കിലും യൂത്ത് ലീഗിലെ ഒരു വിഭാഗത്തിന്റെ സമ്മര്‍ദത്തിനു വഴങ്ങി വീണ്ടും സ്ഥാനാര്‍ഥിത്വത്തിനായി ചരടുവലികള്‍ ആരംഭിക്കുകയായിരുന്നു. ഒടുവില്‍ സാദിക്കലിക്കു മുമ്പില്‍ സംസ്ഥാന കമ്മിറ്റി വഴങ്ങുകയും ചെയ്തു. സാദിഖലിയെ ഗുരുവായൂരില്‍ സ്ഥാനാര്‍ഥി നിശ്ചയിച്ചു കൊണ്ടുള്ള പ്രഖ്യാപനം അടുത്തു തന്നെ ഉണ്ടാകുമെന്നിരിക്കേയാണ് ഇന്നലെ സാദിക്കലിക്കെതിരേ പോസ്റ്റര്‍ ഉയര്‍ന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ഗുരുവായൂരിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിക്ക് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു.
Next Story

RELATED STORIES

Share it