thrissur local

ഗുരുപവനപുരിയെ ഭക്തസാഗരമാക്കി ഏകാദശി

വിജയന്‍ മേനോന്‍

ഗുരുവായൂര്‍: നിരവധി പുണ്യസംഭവങ്ങളുടെ സംഗമമായ ഗുരുവായൂര്‍ ഏകാദശി ദിനമായ ഇന്നലെ, പതിനായിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുമുതിര്‍ന്ന ഹരിനാമകീര്‍ത്തനങ്ങളുടെ അലയൊലിയില്‍ ചരിത്രപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു.
ഭഗവദ് വിഗ്രഹ ദര്‍ശന സുകൃതം നേടാന്‍ ഏകാദശി വ്രതം അനുഷ്ഠിച്ച് പതിനായിരങ്ങളാണ് ഇന്നലെ ഗുരുപവനപുരിയിലെത്തിയത്. ഏകാദശി ദിനത്തില്‍ ദേവസ്വത്തിന്റെ വകയായി ഇന്നലെ ഉദയാസ്തമന പൂജയുമുണ്ടായി. രാവിലെ ഉഷപൂജക്കു ശേഷം നടന്ന കാഴ്ചശീവേലിക്ക് ഗുരുവായൂര്‍ ദേവസ്വം ഗജരത്‌നം പത്മനാഭന്‍ ഭഗവാന്റെ തങ്കകോലമേറ്റി. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലുള്ള മേളത്തിന്റെ അകമ്പടിയില്‍ മൂന്നാനകളോടെ നടന്ന കാഴ്ച്ചശീവേലിക്ക് വിഷ്ണുവും, ഇന്ദ്രസെനും പറ്റാനകളായി.
ഏകാദശി ദിനത്തിലാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയെന്നാണ് ഐതിഹ്യം. ദേവഗുരുവായ ബൃഹസ്പതിയും, വായുദേവനും ചേര്‍ന്ന് നിര്‍വഹിച്ചതെന്ന് ചരിത്രം പറയുന്നു. അര്‍ജുനന് ശ്രീകൃഷ്ണന്‍ ഭഗവദ്ഗീത ചൊല്ലിക്കൊടുത്ത ദിവസവും ഏകാദശി ദിനത്തിലാണെന്നും കരുതപ്പെടുന്നു.
രാവിലെ പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നടന്ന എഴുന്നെള്ളിപ്പിന് ഗജരത്‌നം പത്മനാഭന്‍ ഭഗവാന്റെ തിടമ്പേറ്റി. വൈകുന്നേരം കേളി, മദ്ദളപ്പറ്റ്, തായമ്പക എന്നിവയുമുണ്ടായി. ഏകാദശി ഗീതാദിനം കൂടിയാണെന്നതിന്റെ ഭാഗമായി സന്ധ്യക്ക് പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് കൃഷ്ണന്‍ അര്‍ജുനന് ഗീതോപദേശം നല്‍കുന്നതിന്റെ പ്രതിമ സ്ഥാപിച്ച രഥം, നാമജപമന്ത്രങ്ങളോടെയും വാദ്യമേളങ്ങളോടെയും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. രാത്രി വിളക്കെഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണം ഇടക്കയുടെ അകമ്പടിയോടെ നടക്കുമ്പോള്‍ ക്ഷേത്രത്തിന്റെ അകത്തളം നെയ്‌വിളക്കിന്റെ നിറശോഭയിലാണ് തെളിഞ്ഞുനിന്നത്. മേളത്തിന്റെ അകമ്പടിയോടെയാണ് അഞ്ചാമത്തെ പ്രദക്ഷിണം. ഏകാദശിവ്രതമെടുത്ത ഭക്തര്‍ക്ക് പ്രസാദ ഊട്ടിന് വിപുലമായ സംവിധാനങ്ങളാണ് ദേവസ്വം ഏര്‍പ്പെടുത്തിയിരുന്നത്. പടിഞ്ഞാറെ നടയിലെ പന്തലിലും, ഊട്ട് പുരയിലും ഗോതമ്പുചോറ്, കാളന്‍, പുഴുക്ക്, ഗോതമ്പുപായസം എന്നിവയോടെയായുള്ള ഏകാദശി വ്രതവിഭവങ്ങളായിരുന്നു.
ഏകാദശിയുടെ സമാപനമായ ദ്വാദശി പണസമര്‍പ്പണം ഇന്നും, നാളെ നടക്കുന്ന ത്രയോദശി ഊട്ടോടെ ഏകാദശി ചടങ്ങുകള്‍ പൂര്‍ത്തിയാവും. ഗുരുവായൂരപ്പന്‍ നേരിട്ട് ഭക്തന് ശ്രാദ്ധം ഊട്ടുന്നുവെന്ന സങ്കല്‍പത്തിലാണ് ത്രയോദശി ഊട്ട് നല്‍കുന്നത്. ഏകാദശി വ്രതാനുഷ്ഠാനം പൂര്‍ണ്ണമാവണമെങ്കില്‍ 'ദ്വാദശിപ്പണം' വച്ച് നമസ്‌കരിക്കുക എന്ന ചടങ്ങ് പ്രധാനമാണ്. ദ്വാദശി ദിവസം രാവിലെ കുളിച്ച് ശുദ്ധമായി ഗുരുവായൂരപ്പനെ തൊഴുതശേഷമാണ് ഭക്തര്‍ ദ്വാദശിപ്പണം സമര്‍പ്പിക്കുക.
ക്ഷേത്രകൂത്തമ്പലത്തില്‍ ദക്ഷിണ സ്വീകരിച്ച് അനുഗ്രഹിക്കാന്‍ അഗ്നി ഹോത്രകള്‍ ഉപവിഷ്ടരാകും. പുലര്‍ച്ചെ ഒന്നു മുതല്‍ രാവിലെ എട്ടുവരെയാണ് ദ്വാദശിപണ സമര്‍പണചടങ്ങ്. ദ്വാദശി സമര്‍പണത്തിന് ശേഷം ഒമ്പതിന് ക്ഷേത്രനടയടക്കും. പിന്നീട് ഉച്ചതിരിഞ്ഞ് 4.30ന് ശുദ്ധിവരുത്തിയ ശേഷമാണ് നട തുറക്കുക.
ദ്വാദശി പണമായി ലഭിക്കുന്ന തുക നാലായി വീതിച്ച് ഒരുഭാഗം ഗുരുവായൂരപ്പന് സമര്‍പിക്കും. ബാക്കി തുക മൂന്നായി തിരിച്ച് ശുകപുരം, പെരുവനം, ഇരിങ്ങാലക്കുട എന്നീ ഗ്രാമക്കാരായ അഗ്നി ഹോത്രികള്‍ വീതിച്ചെടുക്കും. യാഗാഗ്നി സംരക്ഷിക്കുന്നതിനും, വേദപഠനത്തി്‌നുമായാണ് ഈ തുക ഉപയോഗിക്കുക. ഏകാദശി വ്രതം നോറ്റവര്‍ക്കായി ദ്വാദശി ഊട്ടും നല്‍കും.
കാളന്‍, ഓലന്‍, എരിശ്ശേരി, മോര്, വറുത്തുപ്പേരി, പപ്പടം, നെല്ലിക്കഉപ്പിലിട്ടത്, ഇടിച്ചുപിഴിഞ്ഞ പായസം എന്നീ വിഭവങ്ങളാണ് ദ്വാദശി ഊട്ടിലുണ്ടാകുക. തുടര്‍ന്ന് തന്ത്രിമാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കീഴ്ശാന്തിമാര്‍ രുദ്രതീര്‍ത്ഥക്കുളവും, ഓതിക്കന്‍മാര്‍ മണിക്കിണറും ശ്രീലകവും പുണ്യാഹം നടത്തും. നാളെ നടക്കുന്ന ത്രയോദശി ഊട്ടോടെയാണ് ഏകാദശി ചടങ്ങുകള്‍ക്ക് പരിസമാപ്തിയാവുക.
Next Story

RELATED STORIES

Share it