ഗുണ്ടാ ആക്രമണങ്ങള്‍  നേരിടാനുള്ള മാര്‍ഗങ്ങള്‍ സമര്‍പ്പിക്കണം: മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ഗുണ്ടാ ആക്രമണങ്ങള്‍ ഫലപ്രദമായി തടയാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് പഠിച്ച് സംസ്ഥാന പോലിസ് മേധാവി വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി. വിശദീകരണം മാര്‍ച്ച് 18ന് സമര്‍പ്പിക്കണം. കേസ് ഏപ്രില്‍ 7ന് രാവിലെ 11ന് കമ്മീഷന്‍ ഓഫിസില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.
ചിറയിന്‍കീഴില്‍ ഷെബീര്‍ എന്ന യുവാവിനെ ഗൂണ്ടാസംഘം പരസ്യമായി തല്ലിക്കൊന്ന സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സംഭവം ദാരുണവും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. കാഴ്ച കണ്ടുനിന്നവരുടെ മനസ്സാക്ഷി മരവിച്ചു പോയോ എന്ന് കമ്മീഷന്‍ സംശയിച്ചു. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി പി ശ്രീനിവാസനെ ആക്രമിച്ചതും ഗുണ്ടാ ആക്രമണമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സംസ്ഥാനത്ത് പെരുകുന്നു. യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതി എസ്‌ഐയെ തല്ലിയിട്ടുണ്ട്. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട ഉദേ്യാഗസ്ഥനെ ദേഹോപദ്രവമേല്‍പ്പിക്കുന്നത് വളരെ വലിയ കുറ്റമാണ്.
ഇത്തരം സംഭവങ്ങളില്‍ ഉചിതമായ നടപടികള്‍ ഉടന്‍ സ്വീകരിച്ചിരുന്നെങ്കില്‍ അക്രമങ്ങള്‍ പെരുകില്ലായിരുന്നു. ചില ഉന്നതര്‍ ഗുണ്ടകള്‍ക്ക് സംരക്ഷണം നല്‍കുന്നു. പോലിസുകാരെ ആക്രമിച്ചാല്‍പോലും ഇവര്‍ക്കെതിരേ നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്.
വാഹനം പിടിക്കാനും സാമ്പത്തിക- സിവില്‍ തര്‍ക്കങ്ങളിലും ബ്ലേഡ് മാഫിയാ പരാതികളില്‍ ഇടപെടാനും ചില പോലിസുകാര്‍ക്ക് അമിത താല്‍പര്യമുണ്ടെന്ന് പരക്കെ ആക്ഷേപമുള്ളതായി ജസ്റ്റിസ് ജെ ബി കോശി നിരീക്ഷിച്ചു.
പോലിസ് നിഷ്‌ക്രിയരാണെന്ന് ആക്ഷേപിക്കുന്നവര്‍ കുറ്റക്കാരെ സ്റ്റേഷനില്‍ കൊണ്ടുവരുമ്പോള്‍ പറഞ്ഞുവിടാന്‍ ശ്രമിക്കുകയോ പോലിസിന്റെ മനോവീര്യം തകര്‍ക്കുന്ന പ്രസ്താവനകള്‍ നടത്തുകയോ ചെയ്യരുതെന്നും ജസ്റ്റിസ് ജെ ബി കോശി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it