kasaragod local

ഗുണ്ടാപ്പോര്: ഉപ്പളയില്‍ യുവാവിന് വെട്ടേറ്റു

ഉപ്പള: ഇടവേളക്ക് ശേഷം ഉപ്പളയില്‍ വീണ്ടും ഗുണ്ടാ-മാഫിയ സംഘങ്ങള്‍ ഏറ്റുമുട്ടല്‍ തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി കൈക്കമ്പയിലെ അഷ്ഫാഖി(32)നെ ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റ് ഗുരുതരനിലയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൈക്കമ്പയിലെ സിനിമാ തിയേറ്ററിന് സമീപത്ത് വച്ചാണ് കാറിലെത്തിയ മൂന്നംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഏതാനും മാസം മുമ്പ് ഉപ്പളയില്‍ വച്ച് അഷ്ഫാഖിനെ തോക്കുമായി പിടികൂടിയിരുന്നു. കൊലക്കേസ് അടക്കം നിരവധി കേസുകളില്‍ പ്രതിയായ കാലിയ റഫീഖിനെ കൊലപ്പെടുത്താന്‍ മറ്റൊരു സംഘത്തലവനായ കസായി അലി തന്നെ അയച്ചതെന്നായിരുന്നു അന്ന് ഇയാള്‍ പോലിസിന് നല്‍കിയ മൊഴി.
ഇയാളെ തോക്കുമായി പിടികൂടിയതിന് പിന്നാലെ ഉപ്പളയില്‍ കസായി അലിയുടേയും കാലിയ റഫീഖിന്റെ സംഘങ്ങള്‍ തമ്മില്‍ വെടിവെപ്പ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കാലിയ റഫീഖും കസായി അലിയും റിമാന്റിലാണ്. പിന്നീട് ഇവര്‍ക്കെതിരെ കാപ്പ ചുമത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഇരുവരും. ഉപ്പള ടൗണ്‍, റെയില്‍വേ സ്റ്റേഷന്‍ റോഡ്, കൈക്കമ്പ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന്, ഗുണ്ടാ സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം പതിവാണ്. ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുന്നതോടെ പരിസരവാസികള്‍ ഭീതിയിലാണ്. വൈകിട്ട് ആറിന് ശേഷം ഉപ്പള ടൗണും പരിസരങ്ങളും ഗുണ്ടാമാഫിയ സംഘങ്ങളുടെ പിടിയിലാണ്. ഉപ്പള ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ച് പോലിസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ചാണ് സംഘങ്ങള്‍ അഴിഞ്ഞാടുന്നത്.
രണ്ടാഴ്ച മുമ്പ് ഉപ്പള ബസ് സ്റ്റാന്റിന് പിറക് വശത്തുള്ള ലോട്ടറി സ്റ്റാളില്‍ കയറി ഒരു യുവാവ് മേശവലിപ്പിലുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും തട്ടിയെടുത്തിരുന്നു. അസമയത്ത് അന്യദിക്കില്‍ നിന്നും എത്തിപ്പെടുന്നവര്‍ നിരന്തരമായി ഇവിടെ കൊള്ളയടിക്കപ്പെടുന്നുണ്ട്. മംഗളൂരുവുമായി ബന്ധമുള്ള മാഫിയ സംഘങ്ങളാണ് ഇവിടെ അക്രമം നടത്തുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പോരില്‍ നാലോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. പൈവളിഗെ, മംഗല്‍പാടി പഞ്ചായത്തുകളാണ് ഗുണ്ടാസംഘങ്ങളുടെ താവളം.
ഇവിടെ അക്രമം നടത്തി പ്രതികള്‍ എളുപ്പത്തില്‍ കര്‍ണാടകയിലേക്ക് രക്ഷപ്പെടുകയാണ് പതിവ്. മദ്യ, മയക്കുമരുന്ന്, ചൂതാട്ട, ഗുണ്ടാസംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it