Districts

ഗുണ്ടര്‍ട്ടിന്റെ അപൂര്‍വരേഖകളും പുസ്തകങ്ങളും കേരളത്തിനു പുറത്തേക്ക്

ടി ബാബു

പഴയങ്ങാടി: കേരളത്തിനും മലയാള ഭാഷയ്ക്കും ശ്രദ്ധയമായ സംഭാവനകള്‍ നല്‍കിയ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ കൃതികളും രേഖകളും മലയാളഭാഷയുമായി ബന്ധപ്പെട്ട അമൂല്യഗ്രന്ഥ ശേഖരവും കേരളത്തിനു പുറത്തേക്ക്. ചരിത്രഗവേഷകനായ ദേവദാസ് മാടായി ശേഖരിച്ചതും സൂക്ഷിച്ചുവച്ചതുമായ അമൂല്യഗ്രന്ഥ ശേഖരമാണ് മംഗളൂരു ബല്‍മട്ട ആസ്ഥാനമായ കര്‍ണാടക തിയോളജിക്കല്‍ കോളജിലെ പുരാരേഖാലയത്തിലേക്ക് സൂക്ഷിക്കാനായി മാറ്റുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രന്ഥങ്ങള്‍ പ്രദര്‍ശത്തിനു വയ്ക്കുമ്പോഴുണ്ടാവുന്ന തേയ്മാനമാണ് ഇവ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റാന്‍ കാരണമായത്. പല രേഖകളും പൊടിഞ്ഞു നഷ്ടപ്പെട്ടുപോയി. ശേഷിക്കുന്നവ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ബല്‍മട്ട രേഖാലയത്തിലേക്കു മാറ്റുന്നത്.
ഗുണ്ടര്‍ട്ട് കൃതികളോടൊപ്പം മലയാളത്തിലെ ആദ്യകാല ഗ്രന്ഥങ്ങള്‍, മലയാളത്തിലെ ആദ്യകാല വര്‍ത്തമാന പത്രങ്ങളുടെ പ്രഥമ ലക്കങ്ങള്‍, താളിയോലകള്‍, പഴയ വാരികകള്‍ എന്നിവയുടെ വിപുലശേഖരവും മാറ്റുന്നവയില്‍ ഉള്‍പ്പെടും. ഇവയുടെ താളുകള്‍ മൈക്രോഫിലിമിലേക്കു പകര്‍ത്തുന്ന ജോലി മംഗലാപുരത്തു പൂര്‍ത്തീകരിക്കും. മലയാള ഭാഷാ പഠിതാക്കള്‍ക്കും ചരിത്രഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ വിജ്ഞാനപ്രദമാവുന്ന രീതിയില്‍ കേരളത്തിലുടനീളം വിപുലമായ പ്രദര്‍ശനം സംഘടിപ്പിക്കാന്‍ കഴിഞ്ഞെന്ന സംതൃപ്തിയോടെയാണ് ദേവദാസ് ഈ രംഗത്തുനിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങുന്നത്.
ബാസല്‍ മിഷന്‍ ഫെസ്റ്റിവ ല്‍, സിഎസ്‌ഐ സിനഡ്, സിഎസ്‌ഐ മിഷന്‍ ഫെസ്റ്റിവല്‍, ഗുണ്ടര്‍ട്ട് ഫെസ്റ്റിവല്‍, കന്നട സാഹിത്യ പരിഷത്, വസുധ അന്താരാഷ്ട്ര ഫെസ്റ്റിവല്‍, അന്താരാഷ്ട്ര ഹെസ്സെ ഫെസ്റ്റിവല്‍, ഡോ. ഫെ ര്‍ഡിനാട് കിറ്റല്‍ ഫെസ്റ്റിവല്‍, എംജി സര്‍വകലാശാല പ്രസിദ്ധീകരണ വിഭാഗം, കണ്ണൂര്‍ എസ്എന്‍ കോളജ് ഇംഗ്ലീഷ് ഡിപാര്‍ട്ട്‌മെന്റ്, നിര്‍മലഗിരി കോളജ് ഇംപ്രിന്റ് ഫെസ്റ്റിവല്‍, കേരളത്തിലെ അനേകം സ്‌കൂളുകള്‍ എന്നിവയ്ക്കുവേണ്ടി ദേവദാസ് അപൂര്‍വ രേഖകളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്. ഹീബ്രു പുരസ്‌കാരമടക്കം ഇതിനകം നിരവധി അംഗീകാരങ്ങള്‍ നേടി.
നിരവധി റഫറന്‍സ് ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ദേവദാസ് മാടായി ഗുണ്ടര്‍ട്ടിന്റെ 200ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ഗുണ്ടര്‍ട്ടിന്റെ ചരിത്രഭൂമി ശാസ്ത്രഗ്രന്ഥങ്ങള്‍ മലയാള വായനക്കാര്‍ക്കുവേണ്ടി പുനപ്രസാധനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. കണ്ണൂര്‍ കന്റോണ്‍മെന്റ് സ്‌കൂളിലെ ജീവനക്കാരനായ ദേവദാസ് കഴിഞ്ഞ 20 വര്‍ഷത്തോളം നടത്തിയ ഗവേഷണ ഫലമായി തലശ്ശേരി, മംഗളൂരു തുടങ്ങി ഗുണ്ടര്‍ട്ടിന്റെ സാന്നിധ്യമുണ്ടായ സ്ഥലങ്ങളില്‍നിന്നാണ് രേഖകളും ഗ്രന്ഥങ്ങളും ശേഖരിച്ചത്.
Next Story

RELATED STORIES

Share it