wayanad local

ഗുണഭോക്താക്കളെ കണ്ടെത്താന്‍ ഗ്രാമപ്പഞ്ചായത്തുകള്‍ സഹകരിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

കല്‍പ്പറ്റ: ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍ക്കുള്ള ഗുണഭോക്താക്കളെ കണ്ടെത്തി പരമാവധി അവരെ ഈ സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികളില്‍ത്തന്നെ ഉള്‍പ്പെടുത്തുന്നതിന് സഹകരിക്കണമെന്നു ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷന്മാരോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അഭ്യര്‍ഥിച്ചു. ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ പ്രഥമ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അവര്‍. കൃഷി പ്രോല്‍സാഹനം, പ്രഭാത ഭക്ഷണ വിതരണം, ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സഹായം, പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് ഇപ്പോള്‍ നടക്കുന്ന പദ്ധതികള്‍.
പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പ്രഫഷനല്‍ കോളജുകളില്‍ പഠിക്കുന്നതിനുള്ള സഹായം, പട്ടികവര്‍ഗ യുവാക്കള്‍ക്കും പട്ടികജാതി യുവതികള്‍ക്കും കാര്‍ഷിക യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പരിശീലനം, പട്ടികജാതി യുവതികള്‍ക്ക് എന്‍ട്രന്‍സ്/ ഡിസിഎ പരിശീലനം, പട്ടികവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള സഹായം, ഭിന്നശേഷിയുള്ളവര്‍ക്ക് സൈഡ് വീലോടുകൂടിയ സ്‌കൂട്ടര്‍, അന്ധ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണം തുടങ്ങിയവയാണ് അടുത്ത സാമ്പത്തിക വര്‍ഷം ജില്ലാ പഞ്ചായത്ത് നടത്താനുദ്ദേശിക്കുന്ന സംയോജിത പദ്ധതികള്‍. റോഡ് പണി ആവശ്യമുള്ള പഞ്ചായത്തുകള്‍ ഉടന്‍ എസ്റ്റിമേറ്റ് സമര്‍പ്പിക്കണമെന്നു വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് അറിയിച്ചു.
'സാന്ത്വനം' പദ്ധതിക്കും ടൂറിസം വികസനത്തിനും വകയിരുത്തിയ ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കണം. ഫണ്ടുകള്‍ പരമാവധി വിനിയോഗിക്കുന്നതില്‍ പഞ്ചായത്തുകള്‍ പരസ്പരം ആരോഗ്യകരമായി മല്‍സരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളും നഗരസഭ-ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷന്‍മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
Next Story

RELATED STORIES

Share it