palakkad local

ഗുണനിലവാരമില്ലാത്ത പാല്‍ വില്‍പന വ്യാപകം

സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: മില്‍മാ പാലിന്റെ മറപറ്റി ഗുണനിലവാരമില്ലാത്തതും നിരോധിച്ചതുമായ പാല്‍ വിറ്റഴിക്കുന്നത് വ്യാപകമാവുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുമുള്ള കൃത്രിമപാലുകളാണ് ഇത്തരത്തില്‍ വ്യാപകമായി വിറ്റഴിക്കുന്നത്.
ജില്ലാ കേന്ദ്രമായ പാലക്കാട്ടെ വിവിധ ടീ സ്റ്റാളുകളില്‍ മില്‍മ പാലിനൊപ്പം ഇടകലര്‍ത്തിയാണ് മറ്റു പാലുകള്‍ നല്‍കുന്നത്. ജില്ലാ അതിര്‍ത്തി പ്രദേശങ്ങളായ വാളയാര്‍,ചിറ്റൂര്‍ ഭാഗങ്ങളില്‍ ഇത്തരം പാല്‍ സംഭരിക്കുകയും അതിരാവിലെ ബന്ധപ്പെട്ട ടീ സ്റ്റാളുകളിലും ഹോട്ടലുകളിലും എത്തിയ്ക്കുകയാണ് ചെയ്യുന്നത്.
ട്രെയിനിലും ബസ്സിലുമായി വിവിധ കെട്ടുകളുടെ രൂപത്തില്‍ എത്തിക്കുന്ന പാല്‍ ജില്ലാ കേന്ദ്രമായ പാലക്കാടു നിന്ന് ഓട്ടോകളിലും പിക്കപ്പുകളിലും വിവിധ കേന്ദ്രങ്ങളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്.
അന്യസംസ്ഥാനത്ത് ഉദ്പാദിപ്പിക്കുന്നവയും രാസവസ്തുക്കളടങ്ങിയതുമായ ഇത്തരം പാല്‍ കമ്പനികളുടെ വിപണനം സംസ്ഥാനത്ത് നിരോധിച്ചിട്ടും അധികൃതരുടെ ഉദാസീനത മൂലം വിപണനം ത്വരിതഗതിയില്‍ തുടരുകയാണ്.
ജില്ലയിലെ വിവിധ ടൗണുകളിലെ പെട്ടിക്കടകളിലും ഗ്രാമീണ ഹോട്ടലുകളിലുമാണ് ഇവ വ്യാപകമായി വില്‍ക്കപ്പെടുന്നത്. മില്‍മ പാലിനൊപ്പം ചേര്‍ത്ത് ചായയായും പാലായും ഇവര്‍ വില്‍പ്പന നടത്തുന്നു. മില്‍മ പാലിനേക്കാള്‍ കൊഴുപ്പും രാസ വസ്തുക്കളും ഉള്ളതിനാല്‍ ഒരാഴ്ചയോളം കേടുകൂടാതെ ഇരിക്കുമെന്നതാണ് ചെറുകിട ഹോട്ടലുകളെ ഇത്തരം പാല്‍ വാങ്ങാന്‍ ദിനവും പ്രേരിപ്പിക്കുന്നത്.
മില്‍മ പാലിന്റെ വില കൂടുന്നതിനനുസരിച്ച് വില വര്‍ധിപ്പിക്കുന്ന ഹോട്ടലുടമകള്‍ ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും പുല്ലുവില പോലും കല്‍പ്പിക്കാതെ രാസവസ്തുക്കളടങ്ങിയ പാല്‍ വ്യാപകമായി വിറ്റഴിക്കുമ്പോള്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്.
ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തേണ്ട ഭക്ഷ്യവകുപ്പും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പ്രഹസനമെന്ന രീതിയില്‍ റെയ്ഡ് സംഘടിപ്പിക്കുകയല്ലാതെ ജനങ്ങളുടെ ജീവന് ഭീഷണിയായിട്ടുള്ള അന്യ സംസ്ഥാന പാല്‍ വിപണനത്തിനെതിരേ ഒന്നും ചെയ്യുന്നില്ല. മില്‍മയുടെ പേരു ഉപയോഗപ്പെടുത്തി സ്ഥാപിച്ചിട്ടുള്ള പല ടീ സ്റ്റാളുകളിലും വ്യാപകമായി അന്യ സംസ്ഥാന രാസവസ്തു നിര്‍മിത പാല്‍ വിറ്റഴിക്കപ്പെടുമ്പോള്‍ അതൊന്നുമറിഞ്ഞില്ലെന്ന മട്ടില്‍ നിസംഗത തുടരുന്ന മില്‍മയുടെ പ്രതികരണവും ജനങ്ങളെ വലയ്ക്കുന്നു.
അന്യ സംസ്ഥാന രാസവസ്തു നിര്‍മിത പാലിന്റെ വിപണനം തടയുന്നതിനും മില്‍മയുടെ മറവില്‍ അത്തരം പാല്‍ വിറ്റഴിക്കുന്നവര്‍ക്കെതിരേയും അധികൃതര്‍ കഠിനമായ നടപടികളെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മില്‍മയുടെ മാത്രമായി പൊതുസ്ഥലങ്ങളിലും ബസ് സ്റ്റാന്‍ഡുകളിലും അനുവദിച്ച മില്‍മ കാന്റീനുകളിലും ഇത്തരം പാല്‍ വില്‍ക്കുന്നതായി ആരോപണമുണ്ട്.
Next Story

RELATED STORIES

Share it