ഗുജറാത്ത്: 55 കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

അഹ്മദാബാദ്: പട്ടേല്‍ സംവരണ പ്രക്ഷോഭത്തെ പിന്തുണച്ച് ബഹളംവച്ച 50 കോണ്‍ഗ്രസ് എംഎല്‍എമാരെ ഗുജറാത്ത് നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സഭ സമ്മേളിച്ച ഉടനെ, ജയ് സര്‍ദാര്‍, ജയ് പഡിദാര്‍ എന്നെഴുതിയ വെള്ളത്തൊപ്പിയും അണിഞ്ഞെത്തിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉച്ചത്തി ല്‍ മുദ്രാവാക്യം വിളിച്ചു. മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനുനേരെ ലോലി പോപ്പുകള്‍ വലിച്ചെറിയുകയും ചെയ്തു. സ്പീക്കര്‍ ഗണപത് വാസവ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും എംഎല്‍എമാര്‍ ബഹളം തുടര്‍ന്നു. തുടര്‍ന്ന്  ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന പ്രമേയം അവതരിപ്പിച്ചു. പാര്‍ലമെന്ററികാര്യമന്ത്രി പ്രദീപ് ജഡേജ പ്രമേയത്തെ പിന്താങ്ങി. സ്പീക്കര്‍ രണ്ടു ദിവസത്തേക്കാണ് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് സഭ 45 മിനിറ്റ് നിര്‍ത്തിവച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിന് 20 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്ന തങ്ങളുടെ സ്വകാര്യ ബില്ല് പരിഗണിക്കാന്‍ വിസമ്മതിച്ചുവെന്ന് കോണ്‍ഗ്രസ് എംഎല്‍എ രാഘവ് ജി പട്ടേല്‍ പറഞ്ഞു. അടുത്ത ദിവസം സഭയില്‍ അവതരിപ്പിക്കുന്ന സുപ്രധാന ബില്ലുകളിലെ ചര്‍ച്ചയില്‍ തങ്ങളെ പങ്കെടുപ്പിക്കാതിരിക്കാനാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശക്തി സിങ് ഗോഹില്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത ഹര്‍ദിക് പട്ടേലും മുതിര്‍ന്ന നേതാക്കളും രാജ്യദ്രോഹ കുറ്റത്തിനിപ്പോള്‍ തടവുശിക്ഷ അനുഭവിക്കുകയാണ്.
Next Story

RELATED STORIES

Share it