Editorial

ഗുജറാത്ത് മാതൃകയും സുപ്രിംകോടതിയും

ദേശീയ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാത്തതിന്റെ പേരില്‍ ഗുജറാത്ത് ഗവണ്‍മെന്റിനെ വിമര്‍ശിച്ചുകൊണ്ട് കടുത്ത ഭാഷയിലാണ് സുപ്രിംകോടതി പ്രതികരിച്ചിട്ടുള്ളത്. പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം നടപ്പില്‍വരുത്താതിരിക്കുക വഴി ഗുജറാത്ത് ഇന്ത്യയില്‍നിന്ന് വേറിട്ടുപോകാന്‍ തുനിയുകയാണോ എന്ന് കോടതി ചോദിച്ചു. നേരത്തേ നരേന്ദ്രമോദി മുഖ്യമന്ത്രിയായി വാഴുന്ന കാലത്ത് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മതേതരത്വം, പൗരസ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളെ ചവിട്ടിയരയ്ക്കുകയും തങ്ങളുടേത് പ്രാകൃതത്വത്തിന്റെ വ്യത്യസ്തമായൊരു ഭൂഖണ്ഡമാണെന്നു തെളിയിക്കുകയും ചെയ്ത ദേശമാണ് ഗുജറാത്ത്. എന്നിട്ടും ഇപ്പോഴും പലര്‍ക്കും ഗുജറാത്ത് അനുകരണീയ വികസനമാതൃകയാണ്. ഈ ആദര്‍ശഭൂമിയെപ്പറ്റിയാണ് സുപ്രിംകോടതിയുടെ പരാമര്‍ശം എന്നതാണ് കഥയിലെ വൈരുധ്യം.
കഴിഞ്ഞ യുപിഎ സര്‍ക്കാരിനെ, മറ്റെന്തു കാര്യത്തിന്റെ പേരില്‍ വിമര്‍ശിച്ചാലും ചില നിയമനിര്‍മാണങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയതിന്റെ പേരില്‍ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതി, വിവരാവകാശനിയമം, വിദ്യാഭ്യാസാവകാശനിയമം തുടങ്ങിയ നിയമങ്ങള്‍ നാടിന്റെ മുഖച്ഛായ മാറ്റുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍പ്പെട്ട എടുത്തുപറയേണ്ട നിയമമാണ് ഭക്ഷ്യസുരക്ഷാനിയമം. 2013ല്‍ പാര്‍ലമെന്റ് പാസാക്കിയ ഈ നിയമം രാജ്യത്തെ കോടിക്കണക്കിന് ദരിദ്രര്‍ക്ക് ഭക്ഷ്യധാന്യലഭ്യത ഉറപ്പുവരുത്തുന്നു. ഈ നിയമം നടപ്പാക്കാതെ നാലുതവണ അവധി വാങ്ങിയിരിക്കുകയാണ് ഗുജറാത്ത് ഗവണ്‍മെന്റ്. അതാവട്ടെ, ഉദ്യോഗസ്ഥരുടെ അനവധാനതകൊണ്ടൊന്നുമല്ലതാനും. രാഷ്ട്രീയകാരണങ്ങളാല്‍ സംസ്ഥാന ഭരണത്തിന്റെ ഉന്നതങ്ങളിലിരിക്കുന്നവര്‍ കൈക്കൊണ്ട തീരുമാനമാണത്രെ ഇത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സമയത്ത് അടുത്ത കൊല്ലം മുതല്‍ നിയമം നടപ്പാക്കുമെന്നും കേള്‍ക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം സ്വന്തം സംസ്ഥാനത്ത് നടപ്പില്‍വരുത്തി, പ്രതിച്ഛായാനഷ്ടം വരുത്തിവയ്‌ക്കേണ്ടതില്ലാ എന്ന് സര്‍ക്കാര്‍ കരുതിയോ ആവോ! ഏതായാലും ഒരു കാര്യം തീര്‍ച്ച. കൃഷിനാശവും ജലക്ഷാമവും പോഷകാഹാരക്കുറവും പട്ടിണിയും മൂലം ജനങ്ങള്‍ പൊറുതിമുട്ടുമ്പോള്‍ നിയമം അനുശാസിക്കുന്ന ജനക്ഷേമ പരിപാടികള്‍പോലും നടപ്പില്‍വരുത്തുന്ന കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ വീഴ്ചവരുത്തുന്നു. സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാനേയുള്ളൂ നേരം. ഗുജറാത്ത് മാത്രമല്ല, വേറെയും സംസ്ഥാനങ്ങള്‍ ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയിട്ടുണ്ട്.
ഇതു വിരല്‍ചൂണ്ടുന്നത് നാം കൊണ്ടാടുന്ന വികസനമാതൃകകള്‍ സാധാരണക്കാരുടെ ക്ഷേമത്തെയല്ല ലക്ഷ്യംവയ്ക്കുന്നത് എന്നാണ്. ഗുജറാത്ത് മാതൃകയെപ്പറ്റി അഭിമാനവിജൃംഭിതരാവുന്നവര്‍ അവിടെയുള്ള സാധാരണക്കാരുടെ ജീവിതദൈന്യതകള്‍ കാണുന്നില്ല എന്നതാണ് സത്യം. ഈ വികസന സങ്കല്‍പത്തെയാണ് സുപ്രിംകോടതി പരോക്ഷമായിട്ടാണെങ്കിലും വിമര്‍ശിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it