ഗുജറാത്ത് ഭൂമിവിവാദം: പ്രത്യേക സംഘം അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ നടന്ന ഭൂമിയിടപാടുകളില്‍ അപാകതയുണ്ടെന്ന തരത്തില്‍ റിപോര്‍ട്ടുകള്‍ പുറത്തുവന്നു. ഈ സാഹചര്യത്തില്‍ വിഷയത്തെക്കുറിച്ചു സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇപ്പോഴത്തെ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ മോദി സര്‍ക്കാരില്‍ റവന്യൂ മന്ത്രിയായിരുന്ന സമയത്തു നടത്തിയ മുഴുവന്‍ ഭൂമി ഇടപാടുകളും അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.
ആനന്ദിബെന്നിനും മകള്‍ അനാറിനുമെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ നിന്നു മോദിക്കു മാറിനില്‍ക്കാനാവില്ല. സര്‍ക്കാര്‍ ഭൂമിയുടെയും വനഭൂമിയുടെയും മോഷണമാണ് മോദി ഭരണത്തിലിരിക്കെ ഗുജറാത്തില്‍ നടന്നത്. കണ്ണായ ഭൂമി വന്‍ കമ്പനികള്‍ക്കും മറ്റും തുച്ഛമായ വിലയ്ക്ക് നടപടിക്രമങ്ങള്‍ പാലിക്കാതെ നല്‍കപ്പെടുകയായിരുന്നു. റവന്യൂ മന്ത്രിയായിരുന്ന ആനന്ദിബെന്‍ തന്റെ മകള്‍ക്കു ബന്ധമുള്ള വ്യവസായ സംഘത്തിനു സര്‍ക്കാര്‍ ഭൂമി നല്‍കുമ്പോഴുള്ള താല്‍പര്യത്തെക്കുറിച്ച് മോദി ബോധവാനായിരുന്നില്ലേ എന്നും ശര്‍മ ചോദിച്ചു.
മോദി ഭരണകാലത്ത് റവന്യൂ മന്ത്രിയായിരുന്ന ആനന്ദിബെന്‍ പട്ടേല്‍ നിയമവിരുദ്ധമായി മകള്‍ അനാര്‍ പട്ടേലിനു ബന്ധമുള്ള സ്വകാര്യ റിസോര്‍ട്ട് കമ്പനിക്ക് സര്‍ക്കാര്‍ ഭൂമി തുച്ഛമായ വിലയ്ക്ക് നല്‍കിയെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ചതുരശ്ര മീറ്ററിന് 15 രൂപ നിരക്കില്‍ 250 ഏക്കര്‍ ഭൂമിയാണ് വൈല്‍ഡ്‌വുഡ് റിസോര്‍ട്ട് ആന്റ് റിയാലിറ്റീസ് ഗ്രൂപ്പിന് 2010-11 കാലയളവില്‍ ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയത്. ഗീര്‍ വനങ്ങള്‍ക്കടുത്ത ഭൂമിയാണ് കമ്പനിക്കു കുറഞ്ഞ വിലയ്ക്കു ലഭിച്ചത്.
സാമൂഹിക പ്രവര്‍ത്തകയും സംരംഭകയുമായാണ് അനാര്‍ സ്വയംവിശേഷിപ്പിക്കുന്നത്. ഇപ്പോഴത്തെ ആരോപണങ്ങള്‍ ഇവര്‍ തള്ളിക്കളഞ്ഞു. എന്നാല്‍, വൈല്‍ഡ്‌വുഡ് റിസോര്‍ട്ട് കമ്പനിക്ക് സര്‍ക്കാര്‍ ഭൂമി കൈമാറിയ ശേഷം പ്രസ്തുത ബിസിനസ് ഗ്രൂപ്പുമായി ഇവര്‍ നടത്തിയ ഇടപാടുകളുടെ രേഖകള്‍ തങ്ങള്‍ക്കു ലഭിച്ചെന്ന് വാര്‍ത്ത പുറത്തുവിട്ട ഇക്കണോമിക് ടൈംസ് അവകാശപ്പെടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട തങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഗുജറാത്ത് സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്നും പത്രം എഴുതി. വൈല്‍ഡ്‌വുഡിന്റെ പ്രമോട്ടര്‍മാരായ ദക്ഷേഷ് ഷായും അമോല്‍ ശ്രീപാല്‍ സേഠും അനാറിന്റെ ബിസിനസ് പങ്കാളികളാണെന്ന് റിപോര്‍ട്ടിലുണ്ട്.
Next Story

RELATED STORIES

Share it