Life Style

ഗുജറാത്ത് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് നേട്ടം

അഹ്മദാബാദ്: ഗുജറാത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ്സിനു വന്‍ നേട്ടം. എന്നാല്‍, നഗരങ്ങളില്‍ ബിജെപിക്കാണു മുന്‍തൂക്കം. 31 ജില്ലാ പഞ്ചായത്തുകളില്‍ 22 എണ്ണത്തില്‍ കോണ്‍ഗ്രസ് വിജയക്കൊടി നാട്ടി. 2010ല്‍ കോണ്‍ഗ്രസ്സിന് ഒരു ജില്ലാ പഞ്ചായത്ത് മാത്രമാണു ലഭിച്ചിരുന്നത്.
30 ജില്ലാ പഞ്ചായത്തുകളിലും ബിജെപിയാണ് അന്ന് അധികാരത്തിലെത്തിയത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയായിരുന്നു നേട്ടം കൊയ്തത്. അഹ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര, ജമന്‍നഗര്‍, ഭാവ്‌നഗര്‍ എന്നീ മുനിസിപ്പല്‍ കോര്‍പറേഷനുകളിലെല്ലാം ബിജെപി ഇത്തവണയും ആധിപത്യം നിലനിര്‍ത്തി.
230 താലൂക്ക് പഞ്ചായത്തുകളില്‍ ആകെയുളള 4,778 സീറ്റുകളില്‍ 2,204 എണ്ണത്തില്‍ കോണ്‍ഗ്രസ്സും 1,798 എണ്ണത്തില്‍ ബിജെപിയുമാണ് മുന്നിട്ടുനില്‍ക്കുന്നത്. 56 മുനിസിപ്പാലിറ്റികളില്‍ 40ല്‍ കൂടുതല്‍ എണ്ണത്തില്‍ ബിജെപി വിജയിച്ചു. 2010ല്‍ കോണ്‍ഗ്രസ്സിന് ആറ് മുനിസിപ്പാലിറ്റികളാണു ലഭിച്ചിരുന്നത്. ഗുജറാത്ത് സര്‍ക്കാരിനെതിരായ വിധിയെഴുത്താണെന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ഭാരത്‌സിങ് സോളങ്കി പറഞ്ഞു. 105 അസംബ്ലി മണ്ഡലങ്ങളില്‍ തങ്ങള്‍ നേട്ടമുണ്ടാക്കിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.സംവരണപ്രക്ഷോഭം നടത്തുന്ന പട്ടേല്‍ സമുദായത്തിന്റെ നേതാക്കള്‍ ബിജെപിക്കെതിരേ വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.
Next Story

RELATED STORIES

Share it