ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പ്; ജയിച്ചത് കോണ്‍ഗ്രസ്സെന്ന് ശിവസേന

മുംബൈ: ഗുജറാത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടു പോലും ജയിച്ചത് കോണ്‍ഗ്രസ്സാണെന്ന് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന.
തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത് ഗുജറാത്തിലെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്നിലല്ല എന്നാണ്. മോദിയുടെ തട്ടകത്തില്‍ എന്തുകൊണ്ട് അപായമണി മുഴങ്ങുന്നു എന്ന് ബിജെപി ആലോചിക്കേണ്ടതാണ്. വികസനത്തില്‍ ഒന്നാമതെന്ന് അവകാശപ്പെടുന്ന ഗുജറാത്തിലെ ഗ്രാമീണ മേഖലകളില്‍ ബിജെപി എന്തുകൊണ്ടു പരാജയപ്പെട്ടു എന്നത് പഠിക്കേണ്ടതുമുണ്ടെന്നും സേനയുടെ മുഖപത്രം സാമ്‌നയുടെ എഡിറ്റോറിയലില്‍ പറയുന്നു.
മോദിയുടെ തട്ടകത്തില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കിയത് ആശങ്കയുണര്‍ത്തുന്ന കാര്യമാണ്. കോണ്‍ഗ്രസ്‌രഹിത ഇന്ത്യക്കുവേണ്ടിയാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. എന്നാല്‍, ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പുതുജീവന്‍ ലഭിച്ചു. ബിഹാറിനുശേഷം ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേറ്റു. ഗുജറാത്ത് ഫലം കോണ്‍ഗ്രസ്സിന് ആഹ്ലാദത്തിന് അവസരം നല്‍കിയിരിക്കുകയാണെന്നും ശിവസേന വ്യക്തമാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 31 ജില്ലാ പഞ്ചായത്തുകളില്‍ 21 എണ്ണം കോണ്‍ഗ്രസ് കരസ്ഥമാക്കിയിരുന്നു. 230 താലൂക്ക് പഞ്ചായത്തുകളില്‍ 110 എണ്ണവും പാര്‍ട്ടി നേടി. എന്നാല്‍, നഗരസഭകളില്‍ ഭൂരിപക്ഷവും ബിജെപി നിലനിര്‍ത്തിയിരുന്നു.
Next Story

RELATED STORIES

Share it