ഗുജറാത്ത് കലാപ സമയത്ത് സാകിയ ജാഫ്രിയെ സന്ദര്‍ശിക്കല്‍; സോണിയയെ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തിരിപ്പിച്ചുവെന്ന് വെളിപ്പെടുത്തല്‍

മുഹമ്മദ് സാബിത്

ന്യൂഡല്‍ഹി: ഗുജറാത്തില്‍ 2002ല്‍ നടന്ന മുസ്‌ലിംവിരുദ്ധ കലാപത്തിനിടെ കൊലചെയ്യപ്പെട്ട മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവയായ സാകിയയെ സന്ദര്‍ശിക്കാന്‍ സോണിയാഗാന്ധി ആലോചിച്ചിരുന്നതായി വെളിപ്പെടുത്തല്‍. എന്നാല്‍, മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സോണിയയെ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും ഗുജറാത്ത് മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ തന്റെ പുതിയ പുസ്തകത്തില്‍ വ്യക്തമാക്കി.
ദിവസങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ ഗുജറാത്ത്: തിരശ്ശീലയ്ക്കു പിറകില്‍ എന്ന പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2002 ഏപ്രി ല്‍-സപ്തംബര്‍ കാലയളവില്‍ ഗുജറാത്ത് പോലിസ് ഇന്‍ലിജന്‍സ് ബ്യൂറോയുടെ മേധാവിയായിരുന്ന ശ്രീകുമാര്‍, കലാപത്തിനു ശേഷം മോദിക്കും ഗുജറാത്ത് സര്‍ക്കാരിനും എതിരേ ശക്തമായ നിലപാടെടുത്ത അപൂര്‍വം ഉദ്യോഗസ്ഥരില്‍ ഒരാളാണ്. 2002ലെ ഗുജറാത്ത് വംശഹത്യയുടെ സമയത്ത് ഔദ്യോഗിക പദവി വഹിച്ചിരുന്ന ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ഇതാദ്യമായാണ് സംഭവത്തെക്കുറിച്ച് പുസ്തകമെഴുതുന്നത്. ഡല്‍ഹിയിലെ മനാസ് പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ആത്മാവില്ലാത്ത മതേതരത്വവും ഹിന്ദുത്വവികാരങ്ങളെ കുറിച്ചുള്ള അമിതമായ ആശങ്കയുമായിരിക്കാം കലാപാനന്തരം ഗുജറാത്ത് സന്ദര്‍ശിക്കുകയായിരുന്ന സോണിയഗാന്ധിയെ സാകിയ ജാഫ്രിയെ സന്ദര്‍ശിക്കുന്നതില്‍ നിന്നു വിലക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുകയെന്ന് ശ്രീകുമാര്‍ സംശയം പ്രകടിപ്പിക്കുന്നു.
കലാപാനന്തര നാളുകളില്‍ സിഐഡി (ഇന്‍ലിജന്‍സ്) വിഭാഗത്തിന്റെ ചുമതലയുള്ള ഡിജിപിയായിരിക്കെ തനിക്കു ലഭിച്ച വിവാദ നിര്‍ദേശങ്ങളെക്കുറിച്ച് ശ്രീകുമാര്‍ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഗോധ്ര തീവണ്ടി ദുരന്തവുമായും തുടര്‍ന്നു നടന്ന മുസ്‌ലിം വംശഹത്യയുമായും ബന്ധപ്പെട്ട അന്വേഷണങ്ങളെ വേണ്ടവിധം സഹായിക്കുന്നതില്‍ 2004ല്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന യുപിഎ സര്‍ക്കാരും യുപിയിലെ അന്നത്തെ സമാജ്‌വാദി സര്‍ക്കാരും പരാജയപ്പെട്ടെന്നും ശ്രീകുമാര്‍ വ്യക്തമാക്കുന്നുണ്ട്.
മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരേ പ്രത്യേക ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പരിഗണിച്ചില്ല. മുന്‍ സിബിഐ ഡയറക്ടറായിരുന്ന ആര്‍ കെ രാഘവന്‍ നേതൃത്വം നല്‍കിയ അന്വേഷണം പിഴവു നിറഞ്ഞതായിരുന്നു. മോദിയടക്കമുള്ളവര്‍ക്കെതിരേ സാകിയ ജാഫ്രി സമര്‍പ്പിച്ച പരാതി അവസാനിപ്പിച്ചു കൊണ്ട് അന്വേഷണ സംഘം തയ്യാറാക്കിയ അന്തിമ റിപോര്‍ട്ടിന് നിയമസാധുത ഇല്ലെന്നും ശ്രീകുമാര്‍ വാദിക്കുന്നു. കലാപം ചെറുക്കുന്നതില്‍ മുസ്‌ലിംകളായ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും ഗുരുതരമായ വീഴ്ചവരുത്തി.
കലാപത്തിന്റെ ഇരകള്‍ക്ക് നീതിയിലുണ്ടായിരുന്ന പ്രതീക്ഷകളെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വംശഹത്യയിലെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പങ്ക് ചൂണ്ടിക്കാട്ടി നേരത്തെയും ശ്രീകുമാര്‍ രംഗത്തുവന്നിരുന്നു. കൂട്ടക്കൊലകളും അതിനു മുമ്പു നടന്ന ഗോധ്ര ട്രെയിന്‍ ദുരന്തവും അന്വേഷിച്ച നാനാവതി-മെഹ്ത കമ്മീഷനു മുമ്പാകെ ശ്രീകുമാര്‍ നാലോളം സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിച്ചിരുന്നു. കലാപകാരികളുമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ സഹകരിച്ചതിനെക്കുറിച്ചായിരുന്നു ഈ സത്യവാങ്മൂലങ്ങള്‍.
Next Story

RELATED STORIES

Share it