ഗുജറാത്തില്‍ 15 ലക്ഷത്തോളം കുട്ടികള്‍ സ്‌കൂളില്‍ പോവാത്തവര്‍

ന്യൂഡല്‍ഹി: ഗുജറാത്തിലെ 6 നും 18നും ഇടയില്‍ പ്രായമുള്ള 14.93 ലക്ഷം കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കാത്തവരെന്ന് റിപോര്‍ട്ട്. ആറിനും 18നും ഇടയില്‍ പ്രായമുള്ള 1.55 കോടി കുട്ടികളാണ് ഗുജറാത്തില്‍ ഉള്ളത്. ഇതില്‍ 9.63 ശതമാനം കുട്ടികളും ഒരിക്കല്‍പോലും സ്‌കൂള്‍ കണ്ടിട്ടില്ലെന്നാണ് സെന്‍സസ് വ്യക്തമാക്കുന്നത്.
സ്‌കൂളില്‍ പോവാത്ത പെണ്‍കുട്ടികളുടെ ശതമാനം ദേശീയ ശരാശരിയുടെ മുകളിലാണ്. 14.93 ലക്ഷം കുട്ടികളില്‍ 53 ശതമാനവും പെണ്‍കുട്ടികളാണ്. ദേശീയ തലത്തില്‍ ഇത് 52 ശതമാനമാണ്. ആറിനും എട്ടിനുമിടയില്‍ പ്രായമുള്ള 7.38 ലക്ഷം കുട്ടികളാണ് ഗുജറാത്തിലുള്ളത്. ഇതില്‍ 3.84 ലക്ഷം ആണ്‍കുട്ടികളും 3.54 ലക്ഷം പെണ്‍കുട്ടികളും സ്‌കൂളില്‍ പോവുന്നില്ല. 9നും 11നും ഇടയില്‍ പ്രായമുള്ള രണ്ടു ലക്ഷം കുട്ടികളില്‍ 93,000 ആണ്‍കുട്ടികളും 1.08 ലക്ഷം പെണ്‍കുട്ടികളും പള്ളിക്കൂടത്തിന്റെ പടിവാതില്‍ക്കല്‍ എത്തിയിട്ടില്ല.
എന്നാല്‍, കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി സംസ്ഥാനത്തെ നൂറു ശതമാനം കുട്ടികളും ശാലാ പ്രവേശ് ഉത്സവിലൂടെ സ്‌കൂള്‍ ഹാജര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നത്. ഒരിക്കല്‍ പോലും സ്‌കൂളില്‍ പോവാന്‍ സാധിക്കാത്ത 14.93 ലക്ഷത്തില്‍ 8.82 ലക്ഷം കുട്ടികള്‍ 6 വയസ്സിനും 10 വയസ്സിനുമിടയില്‍ പ്രായമുള്ളവരാണ്.
കഴിഞ്ഞ 11 വര്‍ഷമായിട്ട്, ആറു വയസ്സ് പൂര്‍ത്തിയായ സംസ്ഥാനത്തെ എല്ലാ കുട്ടികളും സ്‌കൂളില്‍ ചേര്‍ന്നിട്ടുണ്ടെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നുത്. എന്നാല്‍, ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ സര്‍ക്കാരിന്റെ ഈ അവകാശവാദം കള്ളമാണെന്ന് തെളിയിക്കുന്നതാണ്.
ഗുജറാത്ത് സര്‍വകലാശാലയിലെ സാമൂഹിക ശാസ്ത വിഭാഗം പ്രഫസര്‍ ഗൗരങ്ക് ജനി പറയുന്നത് സര്‍ക്കാര്‍ അവകാശപ്പെടുന്ന കണക്ക് 100 ശതമാനവും വ്യാജമാണെന്നാണ്. പഞ്ചായത്ത്, സ്‌കൂള്‍ മേലാധികരികള്‍ സാക്ഷ്യപ്പെടുത്തുന്നത് 6 വയസ്സായ സംസ്ഥാനത്തെ 100 ശതമാനം കുട്ടികളും സ്‌കൂളില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ്.
ഇക്കാര്യം ഉദ്യോഗസ്ഥര്‍ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് ഉറപ്പുവരുത്തിയിട്ടില്ലെന്നാണ് പ്രഫസര്‍ ഗൗരങ്ക് ജനി വ്യക്തമാക്കുന്നത്. നിരവധി താക്കൂര്‍, ദലിത് കുഞ്ഞുങ്ങള്‍ സ്‌കൂളില്‍ ചേര്‍ന്നിട്ടില്ല. ഇന്ത്യയില്‍ മൊത്തം 6നും 18നും ഇടയിലുള്ള 33.33 കോടി കുട്ടികളാണുള്ളത്. ഇതില്‍ 4.40 കോടി കുട്ടികള്‍ സ്‌കൂളില്‍ പോവുന്നില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it