ഗുജറാത്തില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം

അഹ്മദാബാദ്: ഗുജറാത്തില്‍ പട്ടേലുമാര്‍ അടക്കമുള്ള മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു 10 ശതമാനം സംവരണം നടപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. ആറു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള കുടുംബത്തിനാണ് ഈ ആനുകൂല്യം ലഭിക്കുക.
പട്ടേല്‍ സംവരണ പ്രക്ഷോഭം സൃഷ്ടിച്ച സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് ബിജെപി സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, സര്‍ക്കാരിന്റെ പ്രഖ്യാപനം ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പതിദര്‍ അനാമത്ത് ആന്ദോളന്‍ സമിതി (പിഎഎഎസ്) തള്ളി. പട്ടേല്‍ സമുദായയത്തെ വഴിതെറ്റിക്കാനുള്ള സര്‍ക്കാരിന്റെ കോലുമിഠായി ആണ് സംവരണ പ്രഖ്യാപനമെന്ന് സംഘടന പറഞ്ഞു. സംസ്ഥാന ബിജെപിയുടെ കോര്‍ ഗ്രൂപ്പ് യോഗമാണ് സംവരണ തീരുമാനമെടുത്തത്. യോഗത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്തു. സംവരണ പ്രക്ഷോഭം നടത്തുന്ന പട്ടേല്‍ സമുദായം ഇടഞ്ഞതിനാല്‍ ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിക്കു തിരിച്ചടി നേരിട്ടിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പു കൂടി കണക്കിലെടുത്താണു സര്‍ക്കാര്‍ പ്രഖ്യാപനം.
ആകെ സംവരണം 50 ശതമാനത്തിലധികം പാടില്ലെന്നാണ് സുപ്രിംകോടതി ഉത്തരവ്. ഗുജറാത്ത് സര്‍ക്കാരിന്റെ പുതിയ തീരുമാനം ഈ ഉത്തരവ് ലംഘിക്കുന്നതാണ്. സുപ്രിംകോടതി ഉത്തരവ് മറികടക്കാന്‍ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നാണു സര്‍ക്കാര്‍ പറയുന്നത്. മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച കാര്യം സംസ്ഥാന ബിജെപി അധ്യക്ഷന്‍ വിജയ് രുപാനിയും മുഖ്യമന്ത്രി ആനന്ദി ബെന്‍ പട്ടേലുമാണ് അറിയിച്ചത്. പുതിയ സംവരണ തീരുമാനം സംബന്ധിച്ചു ഗുജറാത്ത് സംസ്ഥാന രൂപീകരണ ദിനമായ മെയ് ഒന്നിന് വിജ്ഞാപനം പുറപ്പെടുവിക്കും. വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണാനുകൂല്യം അടുത്ത അധ്യയന വര്‍ഷം മുതല്‍ ലഭ്യമാവുമെന്നും അവര്‍ പറഞ്ഞു.
പ്രതിമാസം അരലക്ഷം രൂപയോ അതില്‍ കുറവോ വരുമാനമുള്ള കുടുംബത്തിനു സംവരണാനുകൂല്യം ലഭിക്കും. എന്നാല്‍, സര്‍ക്കാര്‍ പ്രഖ്യാപനം നിയമക്കുരുക്കില്‍ അകപ്പെടാനാണു സാധ്യത. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി-വര്‍ഗ, ഒബിസി വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ 50 ശതമാനം സംവരണം നല്‍കുന്നുണ്ട്.
അതേസമയം, പട്ടേലുമാരുടെ മറ്റൊരു സംഘടനയായ സര്‍ദാര്‍ പട്ടേല്‍ ഗ്രൂപ്പ് സര്‍ക്കാര്‍ നിര്‍ദേശം സ്വാഗതം ചെയ്തു. പട്ടേല്‍ സമുദായത്തെ തീരുമാനം എത്രമാത്രം സഹായിക്കുമെന്നു പരിശോധിക്കുമെന്നും സംഘടന പറഞ്ഞു.
Next Story

RELATED STORIES

Share it