ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഇന്ന്

അഹ്മദാബാദ്: ഗുജറാത്തില്‍ ജില്ലാ-താലൂക്ക് പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. 31 ജില്ലാ പഞ്ചായത്തുകളിലേക്കും 230 താലൂക്ക് പഞ്ചായത്തുകളിലേക്കും 56 മുനിസിപ്പാലിറ്റികളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ രണ്ടിനാണ് വോട്ടെണ്ണല്‍. ഭരണകക്ഷിയായ ബിജെപിക്ക് വലിയ വെല്ലുവിളിയാണ് ഈ തിരഞ്ഞെടുപ്പ്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയം മൂലം കഷ്ടത്തിലായ കര്‍ഷകര്‍ ബിജെപിക്കെതിരാണ്. സംവരണ പ്രക്ഷോഭം അടിച്ചമര്‍ത്തിയതിനെത്തുടര്‍ന്ന് പട്ടേല്‍ സമുദായക്കാരും ബിജെപി സര്‍ക്കാരിനെതിരേ നിലപാടെടുത്തിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇതിന്റെ പ്രതിഫലനമുണ്ടാവുമെന്നാണ് ശക്തമായ സൂചന.
കര്‍ഷകര്‍ ദുരിതത്തിലാണെന്നും അത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും വിരംഗാംപട്ടണത്തിലെ കര്‍ഷകനായ രമേശ് പട്ടേല്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് മണ്‍സൂണുകളിലും സാധാരണയില്‍ കുറഞ്ഞ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. മഴ ചതിച്ചത് പരുത്തി, നിലക്കടല കൃഷിയെ ദോഷകരമായി ബാധിച്ചു. സംസ്ഥാനത്തെ പ്രധാന നാണ്യവിളകളാണിവ. മഴക്കുറവ് മൂലം പരുത്തി ഉല്‍പാദനത്തില്‍ 2.7 ലക്ഷം ടണ്ണും നിലക്കടല ഉല്‍പാദനത്തില്‍ ഏതാണ്ട് 4.5 ലക്ഷം ടണ്ണും കുറവുണ്ടായി. പരുത്തിയുടെ ചുരുങ്ങിയ താങ്ങുവില കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടില്ലെന്നും അത് തിരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിക്കുമെന്നും സൗരാഷ്ട്രയില്‍ നിന്നുള്ള ഒരു ബിജെപി എംഎല്‍എ പറഞ്ഞു. പരുത്തിയുടെ ചുരുങ്ങിയ താങ്ങുവില കൂട്ടണമെന്ന് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനോടും കേന്ദ്ര കൃഷിമന്ത്രി മോഹന്‍ഭായ് കുണ്ടാറിയയോടും അഭ്യര്‍ഥിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് അദ്ദേഹം അറയിച്ചു. യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത്, പരുത്തി കര്‍ഷകരോട് കേന്ദ്രം അനീതി കാണിച്ചുവെന്നാണ് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. എന്നാല്‍ മോദി പ്രധാനമന്ത്രിയായിട്ടും പരുത്തി കര്‍ഷകരുടെ ദയനീയാവസ്ഥ തുടരുകയാണ്. പരുത്തികൃഷി മേഖലയെ വരള്‍ച്ചബാധിത പ്രദേശമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. മഴക്കുറവും അതിന്റെ ആഘാതവും സംബന്ധിച്ച റിപോര്‍ട്ട് തയ്യാറാക്കാന്‍ മന്ത്രിതല സമിതി രൂപീകരിച്ചതിലൊതുങ്ങുന്നു സര്‍ക്കാരിന്റെ വരള്‍ച്ചാവിരുദ്ധ പദ്ധതി.
കര്‍ഷകരുടെ രോഷം തിളച്ചിരിക്കെയാണ് പട്ടേല്‍ ഘടകവും ബിജെപിക്ക് ഭീഷണിയാവുന്നത്. പട്ടേല്‍ സംവരണ പ്രക്ഷോഭനേതാവ് ഹര്‍ദിക് പട്ടേലിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഭരണവിരുദ്ധ വികാരം തങ്ങള്‍ക്ക് ഗുണകരമാവുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. അഹ്മദാബാദ്, മെഹ്‌സാന ജില്ലകളില്‍ ആയിരക്കണക്കിന് പട്ടേല്‍ സമുദായാംഗങ്ങള്‍ ബിജെപി വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നിട്ടുണ്ട്.സര്‍ക്കാരിനെതിരേ ജനവികാരമുള്ളതായി കരുതുന്നില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനെ തുണയ്ക്കുമെന്നാണ് പാര്‍ട്ടി കരുതുന്നതെന്നും അവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it