ഗുജറാത്തിലെ വര്‍ഗീയ ധ്രുവീകരണം; അന്വേഷണ കമ്മീഷന്‍ പിരിച്ചുവിട്ടു

അഹമ്മദാബാദ്: ഗുജറാത്തിലെ ജനങ്ങളില്‍ മതപരമായ ധ്രുവീകരണം നടന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ ജുഡീഷ്യല്‍ കമ്മീഷനെ ആറു വര്‍ഷത്തിനു ശേഷം പിരിച്ചുവിട്ടു. 2009 ജൂലൈ മൂന്നിന് നിയമിച്ച മുന്‍ ജസ്റ്റിസ് ബി ജെ സേത്‌ന കമ്മീഷനെയാണ് റിപോര്‍ട്ട് സമര്‍പ്പിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ ആഗസ്തില്‍ പിരിച്ചുവിട്ടത്. നാലു തവണ കമ്മീഷന്റെ കാലാവധി നീട്ടിക്കൊടുത്തിരുന്നു. 2011 ജനുവരി 31ന് റിപോര്‍ട്ട് സമര്‍പ്പിക്കണമന്നായിരുന്നു വ്യവസ്ഥ.
റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വേണ്ടത്ര സമയം ലഭിച്ചില്ലെന്നാണ് കമ്മീഷന്റെ വിശദീകരണം. എന്നാല്‍ റിപോര്‍ട്ടിലെ വസ്തുതകള്‍ മറച്ചുവെക്കാന്‍ വേണ്ടി ബോധപൂര്‍വ്വം സര്‍ക്കാര്‍ കമ്മീഷനെ വൈകിപ്പിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മതപരമായ ധ്രുവീകരണത്തിന് കാരണമെന്താണെന്ന് കണ്ടെത്താനും അവ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനുമുള്ള ശാസ്ത്രീയ പഠനമാണ് കമ്മീഷനെ പിരിച്ചുവിട്ടതിലൂടെ നഷ്ടമായത്. കമ്മീഷന്റെ കാലാവധി ഒരു തവണ കൂടി നീട്ടാനുള്ള അപേക്ഷ സര്‍ക്കാര്‍ നിരസിക്കുകയായിരുന്നെന്ന് കമ്മീഷന്റെ ആക്ടിങ് സെക്രട്ടറി കെ എം ഭാവസര്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ച് ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും പ്രാഥമിക അന്വേഷണം കമ്മീഷന്‍ നടത്തിയതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ ജസ്റ്റിസ് സേത്‌ന വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
Next Story

RELATED STORIES

Share it