ഗീത ഇന്ത്യയിലെത്തി

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: കഴിഞ്ഞ 13 വര്‍ഷം പാകിസ്താനില്‍ കഴിഞ്ഞ ബധിരയും മൂകയുമായ ഗീത ഇന്ത്യയില്‍ തിരിച്ചെത്തി. ജന്മനാട് നല്‍കിയ സ്വീകരണത്തിന് ആംഗ്യഭാഷയില്‍ ഗീത നന്ദി അറിയിച്ചു. ഇന്നലെയാണ് ഇവര്‍ തന്റെ മാതാപിതാക്കളെ തേടി ഇന്ത്യയിലേക്കു മടങ്ങിയത്.
എന്നാല്‍, ഗീതയുടെ പിതാവും സഹോദരങ്ങളുമാണെന്ന് അവകാശപ്പെട്ട് എത്തിയവരെ തിരിച്ചറിയാന്‍ ഗീതയ്ക്കായില്ല. കറാച്ചിയില്‍ കഴിഞ്ഞ മാസം ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മുമ്പാകെ ബിഹാറിലെ കുടുംബത്തിന്റെ ഫോട്ടോകള്‍ ഗീത തിരിച്ചറിഞ്ഞിരുന്നു. ഇതോടെയാണ് മടക്കയാത്രയ്ക്കുള്ള വഴി തെളിഞ്ഞത്. ബിഹാറില്‍ നിന്നെത്തിയ ജനാര്‍ദന്‍ മഹാതോയുടെ രക്തസാംപിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനയില്‍ ഗീത ഇവരുടെ മകളാണെന്നു തെളിഞ്ഞാല്‍ മാത്രമേ ഗീതയെ അവര്‍ക്കൊപ്പം വിട്ടയക്കൂ എന്നു കേന്ദ്ര മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.
അതുവരെ ഗീത ഭിന്നശേഷിക്കാര്‍ക്കുള്ള ഇന്‍ഡോറിലെ സ്‌പെഷ്യല്‍ സ്‌കൂളില്‍ കഴിയും. ഗീതയുടെ മാതാപിതാക്കള്‍ എന്നവകാശപ്പെട്ടു വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി നാലു കുടുംബങ്ങള്‍ സമീപിച്ചിരുന്നു.
പാകിസ്താനില്‍ ഗീത താമസിച്ചിരുന്ന മുസ്‌ലിം കുടുംബം അവള്‍ക്ക് പൂജയും മറ്റും ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തിരുന്നുവെന്നും സുഷമ സ്വരാജ് പറഞ്ഞു. ഗീതയെ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇത്രയും കാലം അവരെ സംരക്ഷിച്ച ഇദ്ദി ഫൗണ്ടേഷന് ഒരു കോടി രൂപ സഹായം വാഗ്ദാനം ചെയ്തു.
Next Story

RELATED STORIES

Share it