ഗിലാനി പാക് ഹൈക്കമ്മീഷണറെ കണ്ടു

ന്യൂഡല്‍ഹി: ഇന്ത്യയുമായുള്ള ഏത് ചര്‍ച്ചയിലും കശ്മീര്‍ മുഖ്യവിഷയമായിരിക്കണമെന്ന് ഹുര്‍റിയത്ത് നേതാവ് അലിഷാ ഗിലാനി. ഡല്‍ഹിയില്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഗിലാനി ഈ ആവശ്യം ഉന്നയിച്ചത്.
കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യക്ക് ആത്മാര്‍ഥതയില്ലെന്നും സമയം കൊല്ലാനുള്ള നടപടിയെന്ന നിലയ്ക്കാണ് ഇന്ത്യ ചര്‍ച്ചകളെ കാണുന്നതെന്നും ഗിലാനി പറഞ്ഞു. കശ്മീരുമായി ബന്ധപ്പെട്ട് പാകിസ്താന്റെ നിലപാടുകളില്‍ മാറ്റമൊന്നുമുണ്ടാവില്ലെന്ന് പാക് ഹൈക്കമ്മീഷണര്‍ ഗിലാനിക്ക് ഉറപ്പു നല്‍കി.
സ്വയം നിര്‍ണയാവകാശത്തിനുള്ള കശ്മീരി ജനതയുടെ ആഗ്രഹം സഫലീകരിക്കാന്‍ ധാര്‍മികമായും രാഷ്ട്രീയമായും പാകിസ്താന്‍ എന്നും കൂടെ നില്‍ക്കുമെന്ന് അലിഷാ ഗിലാനിയെ അറിയിച്ചതായും ഹൈക്കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഇന്ത്യയും പാകിസ്താനും ആത്മാര്‍ഥമായി ചര്‍ച്ച നടത്തിയാല്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനാവുമെന്നും ബാസിത് അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കിടയിലെയും വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച നടക്കാനിരിക്കെയാണ് ഹുര്‍റിയത്ത് നേതാവ് പാക് പ്രതിനിധിയെ കണ്ടത്. കൂടിക്കാഴ്ചയെ ബിജെപി ജമ്മുകശ്മീര്‍ ഘടകം വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it