ഗിഫ്റ്റിന്റെ ഗിഫ്റ്റ് ആശുപത്രി കിടക്കയിലെ പിതാവിന്

കോഴിക്കോട്: പിതാവിന്റെ തലയിലെ മുഴ കാന്‍സറായതും കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീചിത്രയില്‍ കീമോതെറാപ്പിക്കു വിധേയനായതും ഇനിയും ഗിഫ്റ്റ് ഗോഡ്‌സണ്‍ അറിഞ്ഞിട്ടില്ല. പിതാവിനു ചെറിയ അസുഖം മാത്രമേയുള്ളൂവെന്നാണ് സീനിയര്‍ ബോയ്‌സ് ലോങ്ജംപില്‍ സ്വര്‍ണമെഡല്‍ കൊയ്ത ഈ താരത്തോട് കോച്ചും ബന്ധുക്കളും അറിയിച്ചിട്ടുള്ളത്. മകന്റെ പ്രകടനത്തെ ബാധിക്കാതിരിക്കാനായി മാതാവും വിവരം മറച്ചുവച്ചു. ഇനി 200 മീറ്ററില്‍ കൂടി മല്‍സരിക്കാനുള്ളതിനാല്‍ വിവരം പതുക്കെ അറിയിക്കാമെന്നാണ് അവരുടെ തീരുമാനം. മാത്രമല്ല, പിതാവ് സുഖംപ്രാപിച്ചു വരുന്നുമുണ്ട്.
അതേസമയം, ലോങ്ജംപിലെ വിജയം പിതാവിനുള്ള ഗിഫ്റ്റാണെന്ന് ഗോഡ്‌സണ്‍ പ്രതികരിച്ചു. ഗിഫ്റ്റിന്റെ നാലാം വയസ്സില്‍ ബസ്സില്‍ നിന്നിറങ്ങവെ സാരി കുരുങ്ങി മാതാവു മരണപ്പെട്ടു. പിന്നീട് രണ്ടാനമ്മയാണ് ഒരമ്മയുടെ വാല്‍സല്യം മുഴുവന്‍ നല്‍കി ഗിഫ്റ്റിനെ വളര്‍ത്തിയത്.
മതിലകം വിദ്യാജ്യോതി എച്ച്എസ്എസിലെ പ്ലസ്2 വിദ്യാര്‍ഥിയാണ് ഗിഫ്റ്റ്. നല്ലൊരു ഫുട്‌ബോള്‍ കളികാരന്‍ കൂടിയായ ഗിഫ്റ്റ് സെവന്‍സ് കളിക്കാനും പോവാറുണ്ട്. വീട്ടിലെ പ്രയാസങ്ങളില്‍ നിന്നുള്ള മോചനത്തിന് അല്‍പം പണം ലഭിക്കുമെന്നതിനാലാണിത്. കളിക്കിടെ കാലിനേറ്റ പരിക്കില്ലായിരുന്നെങ്കില്‍ ഇതിലും മികച്ച പ്രകടനം പുറത്തെടുക്കാനാവുമായിരുന്നുവെന്ന് കോച്ച് സാബു കണ്ണമ്പള്ളി പറഞ്ഞു.
200 മീറ്റര്‍ ഓട്ടത്തില്‍ നിന്ന് പരിക്കുമൂലമാണ് സബ്ജില്ലാ മീറ്റില്‍ നിന്ന് ഗിഫ്റ്റ് പിന്മാറിയത്. ഒമ്പതാം തരം വരെ ചാലക്കുടി കാര്‍മല്‍ എച്ച്എസ്എസിലാണ് ഗിഫ്റ്റ് പഠിച്ചത്. ബന്ധു കൂടിയായ കായികാധ്യാപകന്‍ മതിലകത്തേക്കു മാറിയപ്പോള്‍ ഗിഫ്റ്റും കൂടെ കൂടുകയായിരുന്നു. വീട്ടില്‍ നിന്ന് 42 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലേക്ക് ദിവസവും വന്നു പോവുകയാണ്. പിതാവ് അണ്ണനല്ലൂര്‍ ആച്ചാണ്ടി നിവാസില്‍ ജോസ് ഗള്‍ഫ് ജീവിതത്തിനു വിരാമമിട്ട് നാട്ടില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയാണിപ്പോള്‍.
പരിക്കു മൂലം ലോങ്ജംപി ല്‍ ഏഴു മീറ്ററേ താണ്ടാനായുള്ളൂവെന്നതാണ് ഗിഫ്റ്റിന്റെ ദുഃഖം. വേണ്ടത്ര സൗകര്യമില്ലാതിരുന്നിട്ടും പരിശീലന സമയത്ത് ഇതിലും മികച്ച ദൂരം കണ്ടെത്താനായിരുന്നുവെന്ന് ഗിഫ്റ്റ് തേജസിനോടു പറഞ്ഞു.
Next Story

RELATED STORIES

Share it