palakkad local

ഗായത്രിപുഴ സംരക്ഷണത്തിന് ഡാറ്റാ ബേസ് പദ്ധതി

പാലക്കാട്: ഗായത്രിപ്പുഴയുടെ സംരക്ഷണത്തിന് ഗ്രാമപ്പഞ്ചായത്തുകള്‍ക്കു വേണ്ടി ഭൂവിനിയോഗ ബോര്‍ഡ് സമഗ്ര ഡാറ്റാബേസ് പരിചയപ്പെടുത്തി. ഭാരതപ്പുഴയുടെ കൈവഴിയായ ഗായത്രിപുഴയുടെ സമീപ പ്രദേശങ്ങളെ നീര്‍ത്തടമായി വിഭജിച്ച് (റിഡ്ജു മുതല്‍ താഴ്‌വരെ വരെ) സംരക്ഷിക്കുന്നതിനുള്ള സമഗ്ര കമ്പ്യൂട്ടറൈസ്ഡ് ഡാറ്റാ ബേസ് പദ്ധതിയാണ് ഇത്. റവന്യു-വനം-ഇറിഗേഷന്‍-കൃഷി വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പദ്ധതി കാര്‍ഷിക മേഖലയുടെ വികസനത്തിന് ഏറെ സഹായകമാവും.
സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്ത ആസൂത്രണ പ്രക്രിയയുടെ ഭാഗമായാണ് ലാന്‍ഡ് യൂസ് ബോര്‍ഡ് വിഭാവനം ചെയ്ത സമഗ്ര പദ്ധതി ആലത്തൂര്‍, നെന്മാറ, കുഴല്‍മന്ദം, കൊല്ലങ്കോട് ബ്ലോക്കുകളിലെ 29 ഗ്രാമപ്പഞ്ചായത്തുകളിലെ ജലം സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കും. ഗായത്രിപ്പുഴയുടെ സമീപപ്രദേശങ്ങളിലെ കുന്നുകള്‍, കുളങ്ങള്‍, കിണറുകള്‍, കനാലുകള്‍, ജലസംഭരണികള്‍, നീര്‍ച്ചാലുകള്‍, തുടങ്ങിയവയെല്ലാം വളരെ കൃത്യതയോടെ ജി ഐ എസ് വഴി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ലാന്‍ഡ് യൂസ് ബോര്‍ഡ് കമ്മീഷണര്‍ എ നിസാമുദ്ദീന്‍ അഭിപ്രായപ്പെട്ടു. അക്ഷാംശ-രേഖാംശങ്ങള്‍ കൃത്യമായി നിര്‍ണ്ണയിച്ച് ജിഐഎസ് (ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) വ്യക്തതയോടെ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ നൂറ് ശതമാനം സുതാര്യത ഉറപ്പുവരുത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടല്‍ ഗസാലയില്‍ നടന്ന 'ഗായത്രി നദീതട പദ്ധതിയും പങ്കാളിത്തപഠന പ്രക്രിയയും' സമന്വയ ഏകദിനപഠനശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ഒരോ പഞ്ചായത്തിലെയും ജലസംരക്ഷണത്തിനായി വരും വര്‍ഷങ്ങളിലേക്കുള്ള ഫണ്ട് ജില്ലാ പഞ്ചായത്തുമായി ബന്ധിപ്പിച്ച് പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനും അവയുടെ നടത്തിപ്പില്‍ നൂറുശതമാനം വിജയം കൈവരിക്കാനും സഹായിക്കുന്ന ഡൈറ്റാബേസ് ആണ് ലാന്‍ഡ് യൂസ് ബോര്‍ഡ് അവതരിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു.
ജില്ലയിലെ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍മാര്‍ പഠനക്ലാസില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ നാരായണദാസ് അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ചും പദ്ധതികളുടെ പരിപാലനത്തെകുറിച്ചും പുഴയ്ക്കല്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ രുഗ്മിണി, ലാന്‍ഡ് യൂസ് ബോര്‍ഡ് കൃഷി ഓഫീസര്‍ വി ബിന്ദു, ജിയോളജിക്കല്‍ അസിസ്റ്റന്റ് എം വി ശശിലാല്‍ ക്ലാസെടുത്തു.
Next Story

RELATED STORIES

Share it