ഗാന്ധി വധം പുനരന്വേഷിക്കണം: സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ വധം വീണ്ടും അന്വേഷിക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഗാന്ധിജിയുടെ മരണം സംബന്ധിച്ച കേസ് അന്വേഷിച്ചതില്‍ വൈരുദ്ധ്യങ്ങളുണ്ട്. ഗാന്ധിജിയുടെ കൊലപാതകത്തിന് ശേഷം പുറത്തു വന്ന ചിത്രങ്ങളില്‍ ശരീരത്തില്‍ നാല് ബുള്ളറ്റുകള്‍ തറച്ചതായാണ് കാണുന്നത്. എന്നാല്‍, കേസിന്റെ വിചാരണ നടക്കുന്ന സമയത്ത് ബുള്ളറ്റിന്റെ എണ്ണം മൂന്നെന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം, ഗാന്ധിയെ താന്‍ രണ്ടു തവണ വെടിവച്ചെന്നാണ് കൊലയാളി നാഥുറാം ഗോഡ്‌സെ വിചാരണവേളയില്‍ പറഞ്ഞതെന്നും സ്വാമിയെ ഉദ്ധരിച്ച് ദേശീയ പത്രം റിപോര്‍ട്ടു ചെയ്തു.
വെടിയേറ്റ ഉടന്‍ എന്തുകൊണ്ട് ഗാന്ധിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി ചോദിക്കുന്നു. ബ്രിട്ടീഷ് സൈനികര്‍ ഉപയോഗിച്ചിരുന്ന ഇറ്റാലിയന്‍ ബെരേട്ട തോക്കില്‍ നിന്നാണ് ഗാന്ധിക്ക് വെടിയേറ്റിരിക്കുന്നതെന്നും കേസ് വീണ്ടും അന്വേഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
അതിനിടെ, സംഘപരിവാര പ്രവര്‍ത്തകര്‍, ഗാന്ധി കൊലയാളിയായ ഗോഡ്‌സെയെ വീരപുരുഷനാക്കി അവതരിപ്പിക്കുന്നതിനെതിരെ മുതിര്‍ന്ന ആര്‍എസ്എസ്സ് നേതാവായ എംജി വൈദ്യ രംഗത്തെത്തി. ഗോഡ്‌സെ കൊലയാളിയാണെന്നും അദ്ദേഹം വീരനായകനല്ലെന്നും അദ്ദേഹത്തിന്റെ മരണ വാര്‍ഷികം ആചരിക്കരുതെന്നും വൈദ്യ പറഞ്ഞു. ഗോഡ്‌സെയെ തൂക്കിലേറ്റിയതിന്റെ 66ാം വാര്‍ഷികമായ ഇന്നലെ കേരളമടക്കം രാജ്യത്തിന്റെ പല ഭാഗത്തും സംഘപരിവാര സംഘടനകള്‍ ഹിന്ദുമഹാസഭ, ഹിന്ദുസേന തുടങ്ങിയ പേരുകളില്‍ ശൗര്യ ദിനമായി ആചരിച്ചിരുന്നു. ഗാന്ധിജിയുടെ കൊലയാളിയെ ആദരിക്കുന്നതിന് താന്‍ എതിരാണെന്ന് വൈദ്യ കൂട്ടിച്ചേര്‍ത്തു. ഗാന്ധിജിയെ വധിച്ചതിലൂടെ ഹിന്ദുത്വത്തെ അപമാനിക്കുകയാണ് ഗോഡ്‌സെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it