ഗാന്ധി വധം: പുതിയ കമ്മീഷനെ നിയമിക്കാനാവശ്യപ്പെട്ട് ഹരജി

മുംബൈ: മഹാത്മാഗാന്ധിയുടെ കൊലപാതകം അന്വേഷിക്കാന്‍ പുതിയ കമ്മീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ പൊതുതാല്‍പര്യ ഹരജി. മുംബൈ അഭിനവ് ഭാരത് ട്രസ്റ്റിയും എഴുത്തുകാരനും ഗവേഷകനുമായ ഡോ. പങ്കജ് ഫഡ്‌നിസാണ് ബോംബെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
ഗാന്ധിവധം അന്വേഷിച്ച ജെ എല്‍ കപൂര്‍ കമ്മീഷന് വധത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെന്നു ഹരജിക്കാരന്‍ അവകാശപ്പെട്ടു. ഏഴ് വെടിയുണ്ടയുള്ള തോക്കില്‍ നിന്നാണു ഗാന്ധിജിയെ വെടിവച്ചതെന്നാണ് അന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തിയത്. ഗാന്ധിജിയുടെ ശരീരത്തില്‍ മൂന്നു വെടിയുണ്ട തറച്ച മുറിവുകളുണ്ടായിരുന്നുവെന്നും നാലു വെടിയുണ്ടകള്‍ തോക്കില്‍ നിന്ന് പോലിസ് കണ്ടെടുത്തതായും പറഞ്ഞിരുന്നു.
എന്നാല്‍, ഗാന്ധിജിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകള്‍ തറച്ച മുറിവുണ്ടായിരുന്നതായാണു ഹരജിയില്‍ ആരോപിക്കുന്നത്. ഇതിനു തെളിവായി ഹരജിക്കാരന്‍ നിരവധി മാധ്യമ റിപോര്‍ട്ടുകള്‍ ഹാജരാക്കിയിട്ടുണ്ട്. നാലാമത്തെ വെടിയുതിര്‍ത്തത് ആരാണെന്നു കണ്ടെത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. നാഥൂറാം ഗോദ്‌സെയല്ലാതെ മറ്റൊരാള്‍കൂടി വധത്തിനു പിന്നിലുണ്ടെന്നാണ് അദ്ദേഹം സംശയിക്കുന്നത്.
വിഭജനത്തെ തുടര്‍ന്നു പാകിസ്താനിലേക്കു പോയ ജനങ്ങളെ കാണാന്‍ ഗാന്ധിജി ആഗ്രഹിച്ചിരുന്നുവെന്നും ആ യാത്രയ്ക്കു മുമ്പുണ്ടായ വധത്തിനു പിന്നിലുണ്ടായ ഗൂഢാലോചനയെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.
കപൂര്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ സവര്‍ക്കര്‍ക്കെതിരേ ചില പരാമര്‍ശങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it