wayanad local

ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിന പ്രസക്തി ഒഴിവാക്കാന്‍ ആര്‍എസ്എസ് നീക്കം: കാനം

കല്‍പ്പറ്റ: രാഷ്ട്രപിതാവായ മഹാത്മഗാന്ധിയെ ഇകഴ്ത്താനും അദ്ദേഹത്തിന്റെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയെ പുകഴ്ത്താനും ബിജെപിയും സംഘപരിവാര ശക്തികളും തുടങ്ങിവച്ച കുല്‍സിത ശ്രമങ്ങള്‍ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും തുടരുകയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ജനകീയ യാത്രയ്ക്ക് കല്‍പ്പറ്റയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ബിജെപി ഭരിക്കുന്ന ഗോവയില്‍ നടത്തിയ പുസ്തക പ്രകാശനം ഇതിന്റെ അവസാന ദൃഷ്ടാന്തമാണ്. ഗോഡ്‌സെയെക്കുറിച്ച് ആര്‍എസ്എസ് ചരിത്രകാരന്‍ അനു അശോക് സര്‍ദേശായി രചിച്ച പുസ്തകം ഇന്നലെ ഗോവയില്‍ പ്രകാശനം ചെയ്തത് അവിടത്തെ ബിജെപി നേതാവും സര്‍ക്കാരിന്റെ ചലച്ചിത്ര-സാംസ്‌കാരിക അക്കാദമി ചെയര്‍മാനുമായ ദാമോധര്‍ നായക് ആണ്. ഗോവ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രബീന്ദ്ര ഭവനിലായിരുന്നു പ്രകാശനം. പുസ്തപ്രകാശനത്തിന് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30 തന്നെ തിരഞ്ഞെടുത്തത് രാഷ്ട്രപിതാവിനേക്കാള്‍ പ്രസക്തിയുള്ളയാള്‍ അദ്ദേഹത്തിന്റെ ഘാതകനാണെന്നു വരുത്തിത്തീര്‍ക്കാനാണ്.
ഇതു മതേതര രാഷ്ട്ര താല്‍പര്യത്തിന്റെ നഗ്നമായ ലംഘനം കൂടിയാണ്. ജനകീയ യാത്രയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കാനം. ഗാന്ധിജിയെ വെടിവച്ചുകൊന്ന ഗോഡ്‌സെയെ 1949 നവംബര്‍ 15ന് അംബാല ജയിലാണ് തൂക്കിലേറ്റിയത്. നവംബര്‍ 15 ആണ് ആര്‍എസ്എസും സംഘപരിവാരവും ഇപ്പോഴും രക്തസാക്ഷി ദിനമായി കണക്കാക്കുന്നത്. രാജ്യ ഭരണത്തിലേറിയ ബിജെപിയും ഇതേ വഴിക്ക് തന്നെ നീക്കുന്നത് രാജ്യത്ത് നിലനില്‍ക്കുന്ന മതനിരപേക്ഷത തകര്‍ക്കാനും വര്‍ഗീയവല്‍ക്കരണം ശക്തിപ്പെടുത്താനുമാണ്.
പൊതുപ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ എന്ന കരിനിയമം പ്രയോഗിക്കുന്നതില്‍ സിപിഐ ഒരുതരത്തിലും യോജിക്കുന്നില്ല. സിപിഎം നേതാവ് പി ജയരാജനെതിരേ സിബിഐ, യുഎപിഎ ചുമത്തിയത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു.
മാവോവാദി നേതാവ് രൂപേഷിനെതിരേ യുഎപിഎ ചുമത്തി ജയിലില്‍ അടയ്ക്കുകയും മനുഷ്യാവകാശ സംഘനം നടത്തുകയും ചെയ്യുന്നത് ആദ്യം തന്നെ ചോദ്യംചെയ്ത പാര്‍ട്ടി സിപിഐ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമത്തെയും നീതിന്യായ വ്യവസ്ഥയെയും ചോദ്യം ചെയ്യുകയാണ് കേരളത്തില്‍ അഴിമതി ഭരണത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിജിലന്‍സ് കോടതിയില്‍ കേസ് കൊടുത്ത തൃശൂരിലെ ജോസഫിന്റെ വീട് കഴിഞ്ഞ രാത്രി ഉമ്മന്‍ചാണ്ടിയുടെ ആളുകള്‍ അടിച്ചുപൊളിച്ചു. പരാതി കൊടുക്കാനുള്ള പൗരന്റെ അവകാശം പോലും വകവച്ചുകൊടുക്കാന്‍ കഴിയാത്ത മാനസിക അവസ്ഥയിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തരം താണിരിക്കുന്നു- കാനം രാജേന്ദ്രന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it