ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 1704 അധ്യാപക തസ്തികകള്‍ ഒഴിവെന്ന്

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്റ്റ് നിലനില്‍ക്കുമ്പോഴും, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 1704 അധ്യാപക തസ്തികകള്‍ ഒഴിഞ്ഞു കിടക്കുമ്പോള്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിയമനങ്ങള്‍ നടക്കുന്നത് സര്‍ക്കാര്‍ സ്‌കൂളുകളോടുള്ള അവഗണനയാണെന്ന് കേരള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍. ഡിഎച്ച്എസ്‌സി 2015 ഡിസംബര്‍ 19ന് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം 1704 ജൂനിയര്‍ തസ്തികകള്‍ നിയമനം കാത്തുകിടക്കുകയാണ്. 2011-12 കാലയളവില്‍ തുടങ്ങിയ പ്ലസ്ടു ബാച്ചുകളിലെ നിയമന കണക്കുകളാണിത്. ഇതേകാലയളവില്‍ എയ്ഡഡ് സ്‌കൂളുകളില്‍ 272 തസ്തികകള്‍ സൃഷ്ടിച്ചപ്പോള്‍ സര്‍ക്കാര്‍ മേഖലയിലെ 87 സ്‌കൂളുകളില്‍ സമാന രീതിയില്‍ തസ്തിക സൃഷ്ടിക്കാനുള്ള ഫയലുകള്‍ ചുവപ്പു നാടയിലാണ്. ട്രാന്‍സ്ഫര്‍ ഓര്‍ഡറുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമെ പുതിയ നിയമനങ്ങള്‍ നടക്കൂ എന്നാണ് വകുപ്പ് വ്യക്തമാക്കുന്നതെന്ന് അസോസിയേഷന്‍ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തസ്തിക നിര്‍ണയം നടത്തുമ്പോള്‍ എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകള്‍ എന്നിങ്ങനെ വിവേചനം നിലനില്‍ക്കുന്നുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് മാത്രമാണ് ഇത്തരത്തിലൊരു വിവേചനം നടന്നിട്ടുള്ളത്. വിഎച്ച്എസ്‌സിയില്‍ യോഗ്യതയില്ലാത്ത 23 മിനിസ്റ്റീരിയല്‍ സ്റ്റാഫുകള്‍ ഇംഗ്ലീഷ് സീനിയര്‍ അധ്യാപകരായി ജോലി ചെയ്യുന്നുണ്ട്. താല്‍ക്കാലികമായി നിയമിതരായ ഇവരെ റിവര്‍ട്ട് ചെയ്യണമെന്ന ഹൈക്കോടതി വിധിയും സര്‍ക്കാര്‍ ഉത്തരവും ഉണ്ടായിട്ടും നടപ്പാക്കിയിട്ടില്ലെന്നും അസോസിയേഷന്‍ പ്രതിനിധികള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it