kozhikode local

ഗവ.മോഡല്‍ എച്ച്എസ്എസ് ഇനി സിസിടിവി വലയത്തില്‍

കോഴിക്കോട്: നഗരഹൃദയത്തിലെ പ്രശസ്തമായ ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഇനി സിസിടിവി വലയത്തില്‍. ആറു സിസിടിവി കാമറകളും അഞ്ചു സുരക്ഷാ ഗെയിറ്റുകളുമാണ് സകൂളില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇന്നലെ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ പി കെ രാജു സിസിടിവി റൂമും വിദ്യാര്‍ത്ഥി പോലിസ് (എസ്പിസി)റൂമും ഉദ്ഘാടനം ചെയ്തു. സുരക്ഷാ ഗെയിറ്റും നവീകരിച്ച പാചകപ്പുരയും കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശകും ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തിക്കു ഉപഹാരവും നല്‍കി.
സ്‌കൂളിനകത്ത് രാത്രി കാലങ്ങളിലും അവധിദിനങ്ങളിലും സാമൂഹിക വിരുദ്ധര്‍ താവളമടിക്കാറുണ്ടായിരുന്നു. മദ്യപാനവും മയക്കുമരുന്നുപയോഗവും വരെ രാത്രികാലങ്ങളില്‍ നടക്കുന്നുണ്ടായിരുന്നു. സ്‌കൂള്‍ കോമ്പൗണ്ടിന് അകത്ത് തന്നെ കോളജ് വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയമുള്ളതിനാല്‍ മുഖ്യ ഗെയിറ്റ് അടച്ചിടാന്‍ കഴിയാത്തതും പ്രശനമായിരുന്നു.ഇത് പരിഹരിക്കാനാണ് അഞ്ചു പ്രത്യേക സുരക്ഷാ ഗെയിറ്റുകള്‍ സ്ഥാപിച്ചത്. കോളജ് വിദ്യഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തെ ''പുറത്താക്കി'' സ്‌കൂള്‍ കെട്ടിടങ്ങളെ മാത്രം ''അകത്താക്കിയാണ്'' ഗെയിറ്റ് സ്ഥാപിച്ചിരിക്കുന്നത്.
പ്രത്യേക പഠനം നടത്തി സിസിടിവി കാമറകള്‍ സ്ഥാപിച്ചതിനാല്‍ ഇനി സ്‌കൂള്‍ കോമ്പൗണ്ടില്‍ കയറുന്ന എല്ലാവരും കാമറയില്‍ കുടുങ്ങും. സിസിടിവി റൂമിലിരുന്നു ഇത് നിരീക്ഷിക്കാനും ദൃശ്യങ്ങള്‍ കാലങ്ങളോളം സൂക്ഷിക്കാനുമാവും. അതിക്രമിച്ചു കയറുന്നവരെല്ലാം ഇനി എളുപ്പം പോലിസിന്റെ പിടിയിലാവും. പാചകപ്പുര നവീകരിച്ചെങ്കിലും മതിയായ ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടില്ല. പിടിഎ ഫണ്ട് ഉപയോഗിച്ചാണ് പ്രധാനമായും കാമറയും ഗെയിറ്റുമെല്ലാം സ്ഥാപിച്ചിരിക്കുന്നത്. സ്‌പോണ്‍സര്‍ഷിപ്പുണ്ടെങ്കില്‍ സ്‌കൂളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാവുമെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it