ഗവേഷക വിദ്യാര്‍ഥികളുടെ പഞ്ചിങ്: അക്കാദമിക് കമ്മിറ്റി റിപോര്‍ട്ട് ഇന്ന് സിന്‍ഡിക്കേറ്റ് പരിഗണിക്കും

തേഞ്ഞിപ്പലം: ഗവേഷക വിദ്യാര്‍ഥികള്‍ക്ക് പഞ്ചിങ് ആവശ്യമില്ലെന്ന അക്കാദമിക് കമ്മിറ്റി റിപോര്‍ട്ട് ഇന്ന് സിന്‍ഡിക്കേറ്റ് യോഗം പരിഗണിക്കും. മുന്‍ വിസിയുടെ കാലത്താണ് പഞ്ചിങ് നടപ്പാക്കിയത്.
ജെഎന്‍യു ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രശസ്ത സര്‍വകലാശാലകളില്‍ ഗവേഷകര്‍ക്കാവശ്യമായ മുഴുവന്‍ സൗകര്യങ്ങളും നല്‍കുമ്പോഴും പഞ്ചിങ് നടപ്പാക്കിയിട്ടില്ല. എന്നാല്‍, കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങളൊന്നും നല്‍കാതെയാണ് ഗുണനിലവാരത്തിന്റെ പേരുപറഞ്ഞ് പഞ്ചിങ് നടപ്പാക്കിയതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. സിന്‍ഡിക്കേറ്റംഗം പ്രഫ. ഫാത്തിമ സുഹറ കണ്‍വീനറായ അക്കാദമിക് കമ്മിറ്റിയിലെ മറ്റംഗങ്ങളായ ഡോ. മുഹമ്മദ് അലി, കെമിസ്ട്രി പഠനവിഭാഗത്തിലെ ഡോ. രവീന്ദ്രന്‍ എന്നിവരും ഗവേഷകര്‍ക്ക് പഞ്ചിങ് ആവശ്യമില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഇത്തരത്തിലുള്ള റിപോര്‍ട്ട് സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും ഇത് മാറ്റിവയ്ക്കുകയായിരുന്നു. പിവിസി പ്രഫ. മോഹനന്‍ പഞ്ചിങിന് അനുകൂലമായി സിന്‍ഡിക്കേറ്റിന് റിപോര്‍ട്ട് നല്‍കിയതോടെയാണ് വീണ്ടും ഗവേഷകര്‍ പഞ്ചിങിനെതിരേ സമരവുമായി രംഗത്ത് വന്നത്.
ഇക്കാര്യത്തില്‍ നേരത്തെ വിസിയെ തടഞ്ഞുവച്ച എസ്എഫ്‌ഐ അനുകൂല ഗവേഷക സംഘടനയായ ഓള്‍കേരള റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് ഇന്നത്തെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ പഞ്ചിങ് ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പുനല്‍കിയിരുന്നതനുസരിച്ചാണ് സിന്‍ഡിക്കേറ്റ് ഇത് പരിഗണിക്കുന്നത്. മറ്റു സര്‍വകലാശാലകള്‍ ഗവേഷകര്‍ക്ക് വിപുലമായ സൗകര്യം നല്‍കുമ്പോള്‍ ഇതൊന്നും നല്‍കാതെയാണ് സര്‍വകലാശാല പഞ്ചിങിന്റെ കാര്യത്തില്‍ മാത്രം വാശിപിടിക്കുന്നത്. ഫെലോഷിപ്പ് പോലും കൃത്യസമയത്ത് നല്‍കാതെ ദ്രോഹിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.
Next Story

RELATED STORIES

Share it